ബംഗ്ലാദേശിൽ വ്യാപക അക്രമം; വിദ്യാർഥി നേതാവിന്റെ മരണം കത്തിപ്പടരുന്നു, ഇന്ത്യ-ബംഗ്ലാ അതിർത്തിയിൽ കനത്ത ജാഗ്രത
ധാക്ക: വിദ്യാർഥി നേതാവ് ഷെരീഫ് ഒസ്മാൻ ഹാദിയുടെ കൊലപാതകത്തിന് പിന്നാലെ ബംഗ്ലാദേശിൽ വ്യാപക അക്രമം. സ്ഥിതിഗതികൾ രൂക്ഷമായതോടെ ഇന്ത്യ-ബംഗ്ലാദേശ് അതിർത്തികളിൽ ബി.എസ്.എഫ് ജാഗ്രത ശക്തമാക്കി. ഹാദിയുടെ കൊലപാതകത്തിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്നാരോപിച്ച് പ്രക്ഷോഭകർ വ്യാപകമായ ഇന്ത്യാവിരുദ്ധ പ്രചാരണമാണ് നടത്തുന്നത്. എന്നാൽ ഈ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ഇന്ത്യൻ സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.
കഴിഞ്ഞ വെള്ളിയാഴ്ച ധാക്കയിൽ വെച്ച് മുഖംമൂടിധാരികളുടെ വെടിയേറ്റ വിദ്യാർഥി നേതാവ് ഒസ്മാൻ ഹാദി സിംഗപ്പൂരിൽ ചികിത്സയിലിരിക്കെയാണ് അന്തരിച്ചത്. ഇൻക്വിലാബ് മഞ്ചിന്റെ വക്താവും മുഹമ്മദ് യൂനസ് സർക്കാരിന്റെ അടുത്ത അനുയായിയുമായിരുന്നു ഹാദി.
ഹാദിയെ വെടിവെച്ചവർ അതിർത്തി കടന്ന് ഇന്ത്യയിലേക്ക് കടന്നുവെന്ന ബംഗ്ലാദേശ് പൊലിസിന്റെ പ്രസ്താവനയാണ് പ്രതിഷേധം ഇരമ്പാൻ കാരണം. അക്രമികളെ ഇന്ത്യ പിടികൂടി കൈമാറണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭകർ ഇന്ത്യൻ ഡെപ്യൂട്ടി ഹൈക്കമ്മീഷൻ ഓഫീസിലേക്ക് മാർച്ച് നടത്തി. ഇന്ത്യ അനുകൂല നിലപാട് സ്വീകരിക്കുന്നു എന്നാരോപിച്ച് പ്രമുഖ ദിനപത്രങ്ങളായ 'ഡെയ്ലി സ്റ്റാർ', 'പ്രോഥം ആലോ' എന്നിവയുടെ ഓഫീസുകൾ അക്രമികൾ തീയിട്ടു. ഷെയ്ഖ് ഹസീനയുടെ പാർട്ടിയായ അവാമി ലീഗ് ഓഫീസുകൾക്ക് നേരെയും ആക്രമണമുണ്ടായി. ഭലുക ഉപസിലയിൽ മതനിന്ദ ആരോപിച്ച് ദിപു ചന്ദ്ര ദാസ് എന്ന യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നു. സംഭവത്തെ മുഹമ്മദ് യൂനസ് സർക്കാർ ശക്തമായി അപലപിച്ചു.
ബംഗ്ലാദേശിലെ ഇന്ത്യൻ നയതന്ത്ര സ്ഥാപനങ്ങളുടെ സുരക്ഷ വർദ്ധിപ്പിച്ചു. നയതന്ത്ര കാര്യാലയങ്ങൾക്ക് നേരെയുണ്ടാകുന്ന അക്രമങ്ങളെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അതിർത്തി കടന്നുള്ള നുഴഞ്ഞുകയറ്റം തടയാൻ കർശന നിരീക്ഷണം തുടരുകയാണ്. "പുതിയ ബംഗ്ലാദേശിൽ ഇത്തരം അക്രമങ്ങൾക്ക് സ്ഥാനമില്ല. രാജ്യത്തിന്റെ സമാധാനാന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകും." എന്ന് മുഹമ്മദ് യൂനസ് സർക്കാർ (ഇടക്കാല ഭരണകൂടം) അറിയിച്ചു.
സംഘർഷം തുടരുന്ന സാഹചര്യത്തിൽ ബംഗ്ലാദേശിൽ പൊതു തെരഞ്ഞെടുപ്പ് വൈകുമെന്ന ആശങ്കയും ശക്തമാണ്. ഒസ്മാൻ ഹാദിയുടെ സംസ്കാരം ഇന്ന് നടക്കും.
Widespread violence has erupted across Bangladesh following the death of Sharif Osman Hadi, a prominent student leader and spokesperson for the Inqilab Mancha platform. Hadi, a key figure in the 2024 uprising that ousted Sheikh Hasina, died in a Singapore hospital after being shot in the head by masked gunmen in Dhaka last week.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."