ദൈവത്തിന്റെ കൈയ്യൊപ്പ് പതിഞ്ഞ പ്രവൃത്തി; അപകടത്തില്‍ പരുക്കേറ്റ യുവാവിന് നടുറോഡില്‍ ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍മാരെ അഭിനന്ദിച്ച് വി.ഡി സതീശന്‍
കൊച്ചി: കൊച്ചി ഉദയംപേരൂരില്‍ ബൈക്ക് അപകടത്തില്‍പ്പെട്ട് ഗുരുതരമായി പരുക്കേറ്റ യുവാവിന് നടുറോഡില്‍ അടിയന്തര ശസ്ത്രക്രിയ നടത്തി ജീവന്‍ രക്ഷിച്ച ഡോക്ടര്‍മാരെ അഭിനന്ദിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സിനിമാ കഥയെ വെല്ലുന്ന നടുറോഡിലെ ആ ശസ്ത്രക്രിയ ദൈവത്തിന്റെ കയ്യൊപ്പ് പതിഞ്ഞ പ്രവൃത്തിയാണെന്ന് വി ഡി സതീശന്‍ കുറിച്ചു. പ്രിയപ്പെട്ട ഡോക്ടര്‍മാരോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ലെന്നും അദ്ദേഹം പറഞ്ഞു.
കുറിപ്പിന്റെ പൂര്‍ണരൂപം
ഒരു ജീവന്‍ രക്ഷിക്കുക. ഒരാളെ ജീവിതത്തിലേക്ക് കൈ പിടിച്ച് കൊണ്ടുവരിക. അത് ദൈവത്തിന്റെ കയ്യൊപ്പ് പതിഞ്ഞ പ്രവൃത്തിയാണ്. എറണാകുളം ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലെ ഡോക്ടര്‍മാരായ തോമസ് പീറ്റര്‍, ഭാര്യ ദിദിയാ തോമസ്, കോട്ടയം മെഡിക്കല്‍ കോളേജിലെ കാര്‍ഡിയോ തൊറാസിക് സര്‍ജറി വിഭാഗം അസി. പ്രൊഫസര്‍ ബി മനൂപ് എന്നിവര്‍ സിനിമാക്കഥയെ വെല്ലുന്ന രീതിയിലാണ് ഒരു ജീവന്‍ രക്ഷിച്ചത്
ഡോക്ടര്‍ ദമ്പതികളായ തോമസും ദിദിയയും പള്ളിയിലേക്ക് പോകുമ്പോഴാണ് ഉദയംപേരൂരില്‍ റോഡപകടത്തില്‍ പെട്ട് രക്തം വാര്‍ന്ന് കിടക്കുന്നവരെ കണ്ടത്. അതില്‍ ഒരാളുടെ നില ഗുരുതരം. ഡോ മനൂപ് ഈ സമയം സ്ഥലത്തുണ്ടായിരുന്നു.
മൊബൈല്‍ ഫോണുകളുടെ വെളിച്ചത്തില്‍ നടുറോഡില്‍ വച്ച് ശസ്ത്രക്രിയ നടന്നു. നാട്ടുകാരും പോലീസും സഹായിച്ചു. ഒരാള്‍ ജീവിതത്തില്‍ തുടരും എന്ന് നാല് മിനിറ്റ് കൊണ്ട് ആ ഡോക്ടര്‍മാര്‍ ഉറപ്പാക്കി. എങ്ങനെയാണ് അവരോട് നന്ദി പറയേണ്ടത്
രാവിലെ ഈ വാര്‍ത്ത വായിച്ചപ്പോള്‍ അത്ഭുതപ്പെട്ടുപോയി. ഡോക്ടര്‍മാരെ നേരില്‍ വിളിച്ച് സന്തോഷം അറിയിച്ചു. അവര്‍ എല്ലാ അഭിനന്ദനവും അര്‍ഹിക്കുന്നു. പ്രിയപ്പെട്ടവരെ നിങ്ങളോട് എത്ര നന്ദി പറഞ്ഞാലാണ് മതിയാകുക
സംഭവം ഇങ്ങനെ
ഞായറാഴ്ച്ച രാത്രിയാണ് ഉദയംപേരൂര്‍ വലിയ കുളത്തിന് സമീപത്ത് വച്ച് ലിനുവിന്റെ സ്‌കൂട്ടറും മുളന്തുരുത്തി ചെങ്ങേലപ്പാടം സ്വദേശി വിപിന്‍, വേഴപ്പറമ്പ് സ്വദേശി മനു എന്നിവര്‍ സഞ്ചരിച്ച ബൈക്കും തമ്മില്‍ കൂട്ടിയിടിച്ച് അപകടമുണ്ടാവുന്നത്. ആശുപത്രിയില്‍ നിന്ന് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങി വരുന്ന വഴിയിലാണ് ഡോ. തോമസ് പീറ്ററും ഡോ. ദിദിയയും അപകടം കാണുന്നത്. പരുക്കേറ്റ രണ്ടുപേരുടെ നില അതിഗുരുതരമായിരുന്നില്ല. അതേസമയം, കൊല്ലം സ്വദേശിയായ ലിനുവിന്റെ നില അതീവഗുരുതരമായിരുന്നു. വാഹനത്തില്‍ നിന്ന് റോഡിലിറങ്ങി നോക്കുമ്പോഴാണ് ഈ യുവാവിനെ മറ്റൊരാള്‍ പരിശോധിക്കുന്നതുകണ്ടത്. അന്വേഷിച്ചപ്പോഴാണ് കോട്ടയം മെഡിക്കല്‍ കോളേജിലെ ഡോക്ടറായ മനൂപ് ആണെന്ന് മനസിലാക്കുന്നത്.
ശ്വാസകോശത്തില്‍ രക്തവും മണ്ണും കയറി ശ്വാസതടസമുണ്ടായി റെസ്പിറേറ്ററി അറസ്റ്റ് എന്ന ഗുരുതരമായ അവസ്ഥയിലായിരുന്നു ലിനു. ഇതോടെ ശ്വാസതടസം ഒഴിവാക്കാനായി ആശുപത്രിയിലെ എമര്‍ജന്‍സി റൂമുകളില്‍ ചെയ്യുന്ന സര്‍ജിക്കല്‍ ക്രിക്കോതൈറോട്ടമി' എന്ന അടിയന്തര ചികിത്സ റോഡില്‍വച്ചുതന്നെ ചെയ്യാന്‍ ഡോക്ടര്‍മാര്‍ തീരുമാനിക്കുകയായിരുന്നു.
കൃത്രിമമായ ഒരു ശ്വസനരീതി ഉണ്ടാക്കലാണ് ഇവിടെ ചെയ്യേണ്ടതായി ഉണ്ടായിരുന്നത്. നാട്ടുകാരാണ് പേപ്പര്‍ സ്‌ട്രോയും ബ്ലെയ്ഡും സംഘടിപ്പിച്ച് നല്‍കിയത്. ഗ്ലൗസ് ആവശ്യപ്പെട്ടെങ്കിലും കിട്ടിയില്ല. ബ്ലേഡ് ഉപയോഗിച്ച് കഴുത്തില്‍ ദ്വാരമിട്ട് സ്‌ട്രോ ഇന്‍സേര്‍ട്ട് ചെയ്തപ്പോഴേക്കും അയാള്‍ക്ക് തടസ്സപ്പെട്ട ശ്വാസം പതുക്കെ എടുക്കാനായി. പേപ്പര്‍ സ്‌ട്രോ രക്തത്തില്‍ കുതിര്‍ന്ന് അലിയാന്‍ തുടങ്ങിയതോടെ അതുമാറ്റി ജ്യൂസ് പാക്കറ്റിലെ പ്ലാസ്റ്റിക് സ്‌ട്രോ ഇട്ടു. ശ്വാസതടസ്സം നീങ്ങിയപ്പോഴേക്കും ആംബുലന്‍സ് എത്തിയിരുന്നു. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ലിനുവിനെ കൊച്ചിയിലെ ആശുപത്രിയില്‍ എത്തിക്കുംവരെ ഡോ. മനൂപ് സ്‌ട്രോയിലൂടെ ശ്വാസം നല്‍കിക്കൊണ്ടേ ഇരുന്നു. എറണാകുളം വെല്‍ക്കെയര്‍ ആശുപത്രിയില്‍ ചികിത്സയിലാണ് നിലവില്‍ ലിനു.
Leader of the Opposition in Kerala, V.D. Satheesan, has praised the doctors who performed a life-saving emergency surgery on a young man injured in a road accident at Udayamperoor near Kochi. Describing the incident as “an act bearing the signature of God,” Satheesan said no amount of gratitude would be enough for the doctors who saved a human life under extraordinary circumstances.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."