ശബരിമലയില്‍ നിന്ന് പഞ്ചലോഹ വിഗ്രഹങ്ങളും കടത്തി?; വ്യവസായി മൊഴി നല്‍കിയതായി റിപ്പോര്‍ട്ട്; അന്വേഷണം ഊര്‍ജ്ജിതമാക്കി എസ്.ഐ.ടി
പത്തനംതിട്ട: ശബരിമലയില്‍ നിന്ന് പഞ്ചലോഹ വിഗ്രഹങ്ങളും കടത്തിയെന്ന് വ്യവസായി മൊഴി നല്‍കിയതായി റിപ്പോര്‍ട്ട്. വിഗ്രഹങ്ങള്‍ വാങ്ങിയത് 'ഡി മണി' എന്നറിയപ്പെടുന്ന ചെന്നൈ സ്വദേശിയെന്നും ഉണ്ണികൃഷ്ണന്‍ പോറ്റി ഇടനിലക്കാരനായെന്നുമാണ് മൊഴിയിലുള്ളതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. രമേശ് ചെന്നിത്തല പരാമര്‍ശിച്ച വ്യവസായിയാണ് എസ്.ഐ.ടിക്ക് മൊഴി നല്‍കിയതെന്നാണ് സൂചന.
ശബരിമല സ്വര്‍ണക്കടത്തില്‍ തൊണ്ടിമുതല്‍ കണ്ടെത്താനുള്ള അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ് എസ്.ഐ.ടി. അന്വേഷണം അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോഴും തൊണ്ടിമുതല്‍ കണ്ടെത്താത്തത് അന്വേഷണ സംഘത്തെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. തൊണ്ടി മുതല്‍ കണ്ടത്താനായില്ലെങ്കില്‍ കേസിന് കോടതിയില്‍ തിരിച്ചടി നേരിടും എന്നാണ് വിലയിരുത്തപ്പെടുന്നത്.
സ്മാര്‍ട്ട് ക്രിയേഷന്‍സുമായി ബന്ധമുള്ള ചെന്നൈയിലെ വ്യാപാരിയെ കേന്ദ്രീകരിച്ച് അന്വേഷണം നടത്താനാണ് എസ്.ഐ.ടിയുടെ നിലവിലത്തെ തീരുമാനം. സ്മാര്‍ട്ട് ക്രിയേഷന്‍സിന് കേസില്‍ നിര്‍ണായക ബന്ധമുണ്ടെന്ന് എസ്.ഐ.ടി വിലിരുത്തുന്നു. വലിയ ദുരൂഹത സ്ഥാപനം കേന്ദ്രീകരിച്ചണ്ടെന്നും അന്വേഷണ സംഘം കരുതുന്നു. സ്വര്‍ണം ഗോവര്‍ദ്ധന് എത്തിച്ചു നല്‍കിയ കല്‍പ്പേഷിനെയും ഉടന്‍ ചോദ്യം ചെയ്‌തേക്കും.
'ഡി മണി' എന്നറിയപ്പെടുന്ന ആള്‍ ആരാണ് എന്നതിനെ കുറിച്ചുള്ള വിവരം അന്വേഷണ സംഘത്തിന് വ്യവസായി കൈമാറിയിട്ടുണ്ടെന്നാണ് സൂചന. 2019, 2020 കാലയളവിലാണ് നാല് വിഗ്രഹങ്ങള്‍ കടത്തിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പണം കൈമാറിയത് 2020 ഒക്ടോബര്‍ 26 നെന്നും പണം വാങ്ങിയത് ശബരിമലയുമായി ബന്ധമുള്ള ഉന്നതനെന്നും വ്യവസായി മൊഴി നല്‍കിയിട്ടുണ്ട്.
ചെന്നൈയിലുള്ളയാളും ഇടനിലക്കാരനായ ഉണ്ണികൃഷ്ണന്‍ പോറ്റിയും ശബരിമലയിലെ ഉന്നത ബന്ധമുള്ള വ്യക്തിയും തിരുവനന്തപുരത്തെ സ്വകാര്യഹോട്ടലില്‍ എത്തിയാണ് കച്ചവടം ഉറപ്പിച്ചത്. അവിടെ വെച്ച് തന്നെ പണം കൈമാറുകയും തുടര്‍ന്ന് നാല് ഘട്ടങ്ങളിലായി പഞ്ചലോഹ വിഗ്രഹങ്ങള്‍ കൈമാറുകയുമായിരുന്നുവെന്നുമാണ് വ്യവസായി മൊഴി നല്‍കിയതെന്നും പുറത്തു വന്ന റിപ്പോര്‍ട്ടിലുണ്ട്.
അതേസമയം, കേസിലെ പത്താം പ്രതിയായ സ്വര്‍ണവ്യാപാരി ഗോവര്‍ദ്ധന്റെ രണ്ട് ജാമ്യാപേക്ഷകള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്. ജസ്റ്റിസ് എസ് മുരളീകൃഷ്ണ അധ്യക്ഷനായ അവധിക്കാല സിംഗിള്‍ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്.
ഇതുവരെയുള്ള കണ്ടെത്തലുകളെ ചോദ്യം ചെയ്യുന്നതാണ് ഗോവര്‍ദ്ധന്റെ അവകാശവാദം. സ്വര്‍ണക്കൊള്ളയില്‍ പങ്കില്ലെന്നാണ് ഗോവര്‍ദ്ധന്‍ വാദിക്കുന്നത്. എസ്.ഐ.ടി ഭീഷണിപ്പെടുത്തിയാണ് സ്വര്‍ണം പിടിച്ചെടുത്തത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആണ് ക്രമക്കേട് നടത്തിയത്. സ്വര്‍ണപ്പാളികള്‍ പുറത്തേക്ക് കൊണ്ടുപോകാന്‍ ദേവസ്വം ബോര്‍ഡ് നിയമവിരുദ്ധമായ അനുമതി നല്‍കി എന്നും ഗോവര്‍ദ്ധന്‍ ആരോപിക്കുന്നു.
തനിക്ക് ലഭിച്ച 475 ഗ്രാം സ്വര്‍ണത്തിന്റെ വിലയായി 14.97 ലക്ഷം രൂപ 2019ല്‍ തന്നെ തിരിച്ചടച്ചെന്ന് ഇയാള്‍ രേഖകള്‍ സഹിതം അവകാശപ്പെടുന്നു. 9.99 ലക്ഷം രൂപ ശബരിമല എക്‌സിക്യുട്ടീവ് ഓഫിസറുടെ പേരിലുള്ള അഞ്ച് ഡി.ഡികളായി ദേവസ്വത്തിന് നല്‍കി. 3.13 ലക്ഷം രൂപയ്ക്ക് മാളികപ്പുറത്തേക്ക് മാലവാങ്ങി. ബാക്കി തുക ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്ക് നല്‍കി. ശബരിമലയിലെ സ്വര്‍ണത്തിന് പകരം പണം അടയ്ക്കാന്‍ പോറ്റി നിര്‍ദേശിച്ചതനുസരിച്ചായിരുന്നു നടപടിയെന്നും അതിനാല്‍ താന്‍ സ്വര്‍ണം മോഷ്ടിച്ചതല്ലെന്നും ഇയാള്‍ അവകാശപ്പെടുന്നു. ഹരജിയില്‍ ഹൈക്കോടതി എസ്.ഐ.ടിയോട് വിശദീകരണം തേടിയേക്കും.
investigation gains momentum in the alleged sabarimala panchaloha idol smuggling case as a businessman reportedly gives crucial statement and sit steps up the probe.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."