വിവാഹത്തിൽ നിന്ന് പിന്മാറാൻ വിസമ്മതിച്ചു; 39കാരിയായ നഴ്‌സിനെ കഴുത്തറുത്ത് കൊന്ന് സഹപ്രവർത്തകൻ; മോഷണമെന്ന് വരുത്തിത്തീർക്കാൻ ശ്രമം
ബെംഗളൂരു: പ്രഗതിപുരയിൽ നഴ്‌സായ മമതയെ (39) വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ 25കാരനായ ആൺസുഹൃത്ത് പിടിയിൽ. മമതയുടെ സഹപ്രവർത്തകനും പുരുഷ നഴ്‌സുമായ സുധാകർ ആണ് അറസ്റ്റിലായത്. പ്രണയബന്ധത്തിനിടയിലുള്ള തർക്കമാണ് ആസൂത്രിതമായ കൊലപാതകത്തിൽ കലാശിച്ചത്.
കൊലപാതകം നടന്നത് ഇങ്ങനെ
ചിത്രദുർഗ ഹിരിയൂർ സ്വദേശിനിയായ മമതയെ ഇന്നലെ വൈകുന്നേരമാണ് കുമാരസ്വാമി ലേഔട്ടിലെ പ്രഗതിപുരയിലുള്ള വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മുറിക്കുള്ളിൽ രക്തത്തിൽ കുളിച്ച നിലയിലായിരുന്നു മൃതദേഹം. കഴുത്തിലെ മാല പകുതി പൊട്ടിച്ചെടുത്ത നിലയിലായിരുന്നു. ആദ്യകാഴ്ചയിൽ മോഷണത്തിനിടെ നടന്ന കൊലപാതകമാണെന്ന് തോന്നിപ്പിക്കാൻ പ്രതി ബോധപൂർവം ശ്രമിച്ചു.
തിരിച്ചടിയായത് സിസിടിവി ദൃശ്യങ്ങളും ഫോൺ രേഖകളും
മോഷണശ്രമമാണെന്ന നിഗമനത്തിൽ അന്വേഷണം തുടങ്ങിയ പൊലിസ്, പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും മമതയുടെ ഫോൺ രേഖകളും പരിശോധിച്ചതോടെയാണ് സുധാകറിലേക്ക് എത്തിയത്. കഴിഞ്ഞ ഒരു വർഷമായി ഇരുവരും ഒരേ സ്വകാര്യ ആശുപത്രിയിലാണ് ജോലി ചെയ്യുന്നത്. ഈ പരിചയം പിന്നീട് അടുത്ത ബന്ധമായി മാറുകയായിരുന്നു.
കൊലപാതകത്തിന് പിന്നിലെ കാരണം
പൊലിസ് ചോദ്യം ചെയ്യലിൽ സുധാകർ കുറ്റം സമ്മതിച്ചു. കൊലപാതകത്തിലേക്ക് നയിച്ച കാരണങ്ങൾ ഇവയാണ്.
14 വയസ്സ് പ്രായവ്യത്യാസമുള്ള മമതയുമായി സുധാകർ ബന്ധം പുലർത്തിയിരുന്നു. എന്നാൽ അടുത്തിടെ സുധാകറിന്റെ വീട്ടുകാർ ഇയാളുടെ വിവാഹം മറ്റൊരു യുവതിയുമായി നിശ്ചയിച്ചു.വിവാഹ വിവരം അറിഞ്ഞ മമത, തന്നെ വിവാഹം കഴിക്കണമെന്ന് നിർബന്ധം പിടിച്ചു. ഇത് സുധാകറിനെ പ്രകോപിതനാക്കുകയായിരുന്നു.
തുടർന്ന് മമതയെ ഒഴിവാക്കാൻ തീരുമാനിച്ച സുധാകർ വീട്ടിലെത്തി കറിക്കത്തി ഉപയോഗിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു.കൊലപാതകത്തിന് ശേഷം മമതയുടെ മാല പൊട്ടിച്ചെടുത്ത സുധാകർ, ഇത് മോഷണശ്രമമാണെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ചെങ്കിലും സാങ്കേതിക തെളിവുകൾക്ക് മുന്നിൽ കുടുങ്ങുകയായിരുന്നു.നിലവിൽ സുധാകറിന്റെ അറസ്റ്റ് പൊലിസ് രേഖപ്പെടുത്തിയിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ കൂടുതൽ തെളിവെടുപ്പിനായി കസ്റ്റഡിയിൽ വാങ്ങും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."