ത്രിതല പഞ്ചായത്ത് അധ്യക്ഷ തെരഞ്ഞെടുപ്പ്; അട്ടിമറിയും, കാലുവാരലും; മുന്നണികള്‍ക്ക് തലവേദന
കൊച്ചി: സംസ്ഥാനത്ത് ത്രിതല പഞ്ചായത്തുകളില്‍ അട്ടിമറിയും കാലുവാരലും വ്യാപകം. പല പഞ്ചായത്തുകളിലും നാടകീയ രംഗങ്ങള്‍ അരങ്ങേറി. അട്ടിമറിയിലൂടെ ഭരണം നേടിയവരും, പടിയിറങ്ങിയവരും നിരവധി. എല്‍ഡിഎഫ്, യുഡിഎഫ്, എന്‍ഡിഎ മുന്നണികള്‍ക്ക് തലവേദനയായി മാറിയിരിക്കുകയാണ് ത്രിതല പഞ്ചായത്തുകളിലേക്കുള്ള ഭരണകൈമാറ്റം.
എല്‍ഡിഎഫിന് ഭൂരിപക്ഷമുള്ള തൃശൂര്‍ മറ്റത്തൂര്‍ പഞ്ചായത്തിലാണ് ഏറ്റവും വലിയ അട്ടിമറി നടന്നത്. കോണ്‍ഗ്രസ് അംഗങ്ങള്‍ കൂട്ടത്തോടെ പാര്‍ട്ടി വിട്ട് ബിജെപി പിന്തുണയോടെ സ്വതന്ത്രനെ പ്രസിഡന്റാക്കി. 24 അംഗപഞ്ചായത്തില്‍ സ്വതന്ത്രയായി ജയിച്ച ടെസ്സി ജോസ് കല്ലറക്കല്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. എട്ട് കോണ്‍ഗ്രസ് അംഗങ്ങളാണ് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച് സ്വതന്ത്ര സ്ഥാനാര്‍ഥിക്ക് പിന്തുണ പ്രഖ്യാപിച്ചത്. ബിജെപിയുടെ നാല് അംഗങ്ങളുടെ പിന്തുണ കൂടി കിട്ടിയതോടെ എല്‍ഡിഎഫ് ഭരണത്തിന് പുറത്തായി.
പത്തനംതിട്ട കോട്ടാങ്ങല്‍, തിരുവനന്തപുരത്തെ പാങ്ങോട് പഞ്ചായത്തുകളില്‍ എസ്.ഡി.പി.ഐ പിന്തുണയില്‍ കോണ്‍ഗ്രസ് പ്രസിഡന്റുമാര്‍ ജയിച്ചെങ്കിലും രാജിവെക്കാനാണ് തീരുമാനം. വരും ദിവസങ്ങളില്‍ മാത്രമേ കൃത്യമായ വിവരങ്ങള്‍ ലഭ്യമാവൂ. പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലി ഭിന്നത നിലനില്‍ക്കുന്നുണ്ട്.
അതിനിടെ എല്‍ഡിഎഫും, ജനകീയ മുന്നണിയും തുല്യസീറ്റുകള്‍ നേടിയ വടകര ബ്ലോക്ക് പഞ്ചായത്തില്‍ 14 ല്‍ എട്ട് വോട്ടുകള്‍ നേടി ജനകീയ മുന്നണിയുടെ കോട്ടയില്‍ രാധാകൃഷ്ണന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. എല്‍ഡിഎഫിലെ ആര്‍ജെഡി വോട്ടും ജനീകയ സഖ്യത്തിന് ലഭിച്ചത് പാര്‍ട്ടിക്ക് ക്ഷീണമായി.
പെരിങ്ങോട്ടുകുറിശ്ശിയില്‍ 60 വര്‍ഷം നീണ്ട കോണ്‍ഗ്രസ് ഭരണത്തിന് അന്ത്യം. എല്‍ഡിഎഫ്- ഐഡിഎഫ് സഖ്യമാണ് ഇവിടെ അധികാരത്തിലേറിയത്. സി.പി.ഐ.എം വിമത എല്‍ഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചതോടെയാണ് നീണ്ട കാലത്തെ കോണ്‍ഗ്രസ് ഭരണം അവസാനിച്ചത്. പി.പി.ഐ.എം അംഗം പ്രമോദിന് ഒന്‍പത് വോട്ടുകളാണ് ലഭിച്ചത്.
തൃശൂര്‍ ജില്ലയിലെ ചൊവ്വന്നൂർ പഞ്ചായത്തിൽ എസ്ഡിപിഐ പിന്തുണയില്‍ കോണ്‍ഗ്രസിന് ഭരണം. രാജിയില്ലെന്ന് കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം. രണ്ട് എസ്ഡിപിഐ അംഗങ്ങള്‍ നിരുപാധികം പിന്തുണച്ചതോടെയാണ് ചൊവ്വന്നൂര്‍ പഞ്ചായത്ത് ഭരണം യുഡിഎഫ് നേടിയത്. ആകെ 14 അംഗങ്ങളില്‍ എല്‍.ഡി.എഫിന് ആറും യു.ഡി.എഫിന് അഞ്ചും എസ്ഡിപിഐ രണ്ടും ബി.ജെ.പി. ഒന്ന് എന്നിങ്ങനെയായിരുന്നു കക്ഷി നില.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."