നിയമസഭ തെരഞ്ഞെടുപ്പ്; ആക്ഷൻ പ്ലാനുമായി മുന്നണികളുടെ മുന്നൊരുക്കം
കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ വരുന്ന നിയമസഭ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങൾക്കായി കർമപദ്ധതി തയ്യാറാക്കി മുന്നണികൾ. തദ്ദേശതെരഞ്ഞെടുപ്പിലെ തിളക്കമാർന്ന വിജയം അവലോകനം ചെയ്യാൻ കൊച്ചിയിൽ ചേർന്ന യു.ഡി.എഫ് ഏകോപനസമിതി സമയബന്ധിതമായ ആക്ഷൻ പ്ലാൻ തയ്യാറാക്കി മുന്നോട്ട് പോകാനാണ് തീരുമാനിച്ചത്. തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ ചേർന്ന എൽ.ഡി.എഫ് യോഗവും കർമപദ്ധതിയുമായി മുന്നോട്ട് പോകാനാണ് തീരുമാനിച്ചിരിക്കുന്നത്. സ്വർണക്കൊള്ളയിൽ നടപടിയില്ലാതിരുന്നതും പത്മകുമാറിന് അനുകൂല നിലപാട് സ്വീകരിച്ചതും തിരിച്ചടിക്ക് കാരണമായെന്നും സംസ്ഥാന സമിതിയിൽ അംഗങ്ങൾ വിമർശനം ഉന്നയിച്ചു.
ഇരു മുന്നണികളും കേരള യാത്രയും സമരപരിപാടികളും ഉൾപ്പടെ ആസൂത്രണം ചെയ്തിരിക്കുകയാണ്. കൊച്ചിയിൽ ചേർന്ന യു.ഡി.എഫ് യോഗത്തിൽ കർമപദ്ധതിയുടെ പ്രാഥമികരൂപം നൽകി. കെ.പി.സി.സി യോഗം ചേർന്ന് കോൺഗ്രസിന്റെ പ്രത്യക കർമപദ്ധതിക്കും രൂപം നൽകും. ഘടകകക്ഷികളുടെ നിർദേശങ്ങൾ കൂടി ഉൾപ്പെടുത്തി തദ്ദേശ തെരഞ്ഞെടുപ്പിലേക്കുള്ള വിശദമായ കർമ പദ്ധതിക്ക് രൂപം നൽകും. ജനുവരി 15നകം ഘടകകക്ഷികളുമായി സീറ്റുകൾ സംബന്ധിച്ച ഉഭയകക്ഷി ചർച്ചകൾ പൂർത്തിയാക്കാനും, തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുമ്പെ തന്നെ സ്ഥാനാർഥികളുടെ കാര്യത്തിൽ ധാരണയിലെത്തി മണ്ഡലത്തിൽ സജീവമാകാനുമാണ് ലക്ഷ്യം വെയ്ക്കുന്നത്.
ഫെബ്രുവരിയിൽ പ്രതിപക്ഷനേതാവ് വി.ഡി. സതീശന്റെ നേതൃത്വത്തിൽ കാസർകോട് നിന്ന് തിരുവനന്തപുരത്തേക്ക് ജാഥ നടത്തുവാനും പ്രത്യേക പ്രകടപത്രികയ്ക്ക് രൂപം നൽകാനും യു.ഡി.എഫ് തീരുമാനിച്ചു. ലോക്‌സഭ തെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലും കൈവരിക്കാൻ കഴിഞ്ഞ ഐക്യവും കെട്ടുറപ്പും നിലനിർത്താനും വോട്ടർപട്ടികയിൽ പേര് ചേർക്കൽ ഉൾപ്പെടെയുള്ള സംഘടനാകാര്യങ്ങൾ കോൺഗ്രസും ഘടകക്ഷികളും ടീം യു.ഡി.എഫ് എന്ന നിലയിൽ മുന്നോട്ടുകൊണ്ടുപോകാനുമാണ് ധാരണയായിരിക്കുന്നത്. പുതിയതായി മുന്നണിയുടെ ഭാഗമായി വന്നിരിക്കുന്ന പി.വി അൻവറിന്റെ തൃണമൂൽ കോൺഗ്രസിനും സി.കെ ജാനുവിന്റെ ജനാധിപത്യ രാഷ്ട്രീയപാർട്ടിക്കും നൽകുന്ന സീറ്റുകളുടെ കാര്യത്തിലും പരസ്പരം വെച്ചുമാറാൻ ആഗ്രഹിക്കുന്ന സീറ്റുകളുടെ കാര്യത്തിലും ഉഭയകക്ഷി ചർച്ചകളിലൂടെ തീരുമാനത്തിലെത്തുകയാണ് ആദ്യഘട്ടം. നിയമസഭയിൽ വീണ്ടും അക്കൗണ്ട് തുറക്കാനുള്ള കർമപദ്ധതിക്ക് ബി.ജെ.പിയും രൂപം നൽകുകയാണ്. ലോക്‌സഭ തെരഞ്ഞെടുപ്പിൽ മുന്നേറ്റം പ്രകടമായ 11 സീറ്റുകളിൽ ഉൾപ്പടെ 41 സീറ്റുകളിൽ പ്രത്യേക ശ്രദ്ധനൽകികൊണ്ടുള്ള കർമപരിപാടികൾക്കാണ് ബി.ജെ.പി തയ്യാറെടുക്കുന്നത്.
എൽ.ഡി.എഫ് കേരള യാത്രയും കേന്ദ്ര വിരുദ്ധ സമരവും സംഘടിപ്പിക്കും
തിരുവനന്തപുരം: തദേശ തെരഞ്ഞെടുപ്പിലെ കനത്ത തോൽവി മറികടന്ന് നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള ഒരുക്കങ്ങളുമായി ഇടതുമുന്നണി.തുടർഭരണം ഉറപ്പിക്കുന്നതിനുള്ള ഒരുക്കങ്ങൾ വേഗത്തിലാക്കാൻ ഇന്നലെ ചേർന്ന എൽ.ഡി.എഫ് യോഗം തീരുമാനിച്ചു.ആദ്യഘട്ടം കേന്ദ്രവിരുദ്ധ സമരവും രണ്ടാംഘട്ടം കേരളയാത്രയും നടത്താനാണ് നീക്കം. മന്ത്രിമാരും എം.എൽ.എമാരും പങ്കെടുക്കുന്ന കേരളയാത്രയുടെ തീയതി അടുത്ത എൽ.ഡി.എഫ് യോഗത്തിൽ തീരുമാനിക്കും.
ജനങ്ങളിലേക്ക് കൂടുതൽ അടുക്കുക, ഇടതുസർക്കാരിന്റെ വികസന നേട്ടങ്ങൾ ജനങ്ങളെ അറിയിക്കുക എന്നതാണ് എൽ.ഡി.എഫ് കേരള യാത്രയിലൂടെ ലക്ഷ്യമിടുന്നത്. തിരുവനന്തപുരം മുതൽ കാസർകോട് വരെ നടത്തുന്ന യാത്രയുടെ ഭാഗമായി സംഘടിപ്പിക്കുന്ന പൊതുയോഗങ്ങളിൽ മുഖ്യമന്ത്രിക്കൊപ്പം എല്ലാ മന്ത്രിമാരും പങ്കെടുക്കും. കേരളത്തെ സാമ്പത്തികമായി ഞെരുക്കുന്ന നിലപാടുകൾക്കെതിരേയാണ് കേന്ദ്രവിരുദ്ധ സമരം നടത്തുന്നത്. ജനുവരി 12 ന് തിരുവനന്തപുരത്ത് നടക്കുന്ന പ്രതിഷേധ സമരത്തിൽ മന്ത്രിമാരും എം.എൽ.എമാരും പങ്കെടുക്കും.
udf coordination committee in kochi reviewed local election success and prepared a timely action plan for assembly elections.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."