ജീവൻപോയാലും ബി.ജെ.പിയിൽ ചേരില്ല; മറ്റത്തൂരിൽ കോൺഗ്രസിൽനിന്നും പുറത്താക്കപ്പെട്ടവർ
തൃശൂർ: ജീവൻ പോയാലും ബി.ജെ.പിയിൽ ചേരില്ലെന്നും, പ്രത്യാഘാതം പഠിക്കാതെ സ്ഥാനങ്ങൾ രാജിവയ്ക്കില്ലെന്നും മറ്റത്തൂരിൽ കോൺഗ്രസിൽനിന്നും പുറത്താക്കപ്പെട്ടവർ പത്രസമ്മേളനത്തിൽ പറഞ്ഞു. കൂറുമാറ്റ വിവാദത്തിൽ ഡി.സി.സി പ്രസിഡന്റ് പറയുന്നത് പച്ചക്കള്ളമാണ്. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തെന്ന അറിയിപ്പ് ലഭിച്ചിട്ടില്ല. പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങൾ രാജിവയ്ക്കാൻ നിർദേശം ലഭിച്ചിട്ടില്ല.
മറ്റത്തൂരിൽ പാർട്ടിയും കെ.പി.സി.സി നേതൃത്വവും ഇടപെട്ട് പ്രശ്‌നപരിഹാരമുണ്ടാക്കണം. യു.ഡി.എഫ് ഒറ്റക്കെട്ടായി തീരുമാനിച്ച സ്ഥാനാർഥി എൽ.ഡി.എഫ് പ്രവർത്തകരുടെ കാറിൽ വന്നിറങ്ങി. തുടർന്ന് എൽ.ഡി.എഫുകാരോടൊപ്പം ചേർന്ന് പ്രസിഡന്റ് സ്ഥാനാർഥിയുടെ പേര് പറയാൻ പറഞ്ഞപ്പോൾ എൽ.ഡി.എഫിന്റെ മെംബർ സി.സി ബിജു, കെ.ആർ ഔസേപ്പിന്റെ പേര് പറയുകയാണുണ്ടായത്. ഉടൻ തന്നെ അവിടത്തെ യു.ഡി.എഫ് മെംബർമാർ ഒറ്റക്കെട്ടായി മറ്റൊരു സ്വതന്ത്രസ്ഥാനാർഥിയായി ടെസി ജോസിനെ പ്രസിഡന്റ് സ്ഥാനാർഥിയായി പിന്താങ്ങുകയാണുണ്ടായത്.
10 അംഗങ്ങൾ യു.ഡി.എഫിനും എൽ.ഡി.എഫിനും ഉള്ളപ്പോൾ നറുക്കെടുപ്പിലൂടെ ഔസേപ്പ് പ്രസിഡന്റാകുമായിരുന്നു. കോൺഗ്രസ് അംഗത്തെ വിലയ്‌ക്കെടുക്കാൻ സി.പി.എം ഗൂഢതന്ത്രം പ്രയോഗിച്ചെന്നും സി.പി.എമ്മിനോടുള്ള വൈരാഗ്യം കൊണ്ടാണ് ബി.ജെ.പി കോൺഗ്രസ് സ്ഥാനാർഥിക്ക് വോട്ട് ചെയ്തത്. ടെസിക്ക് 12 വോട്ടും ഔസേപ്പിന് 11 വോട്ടും ലഭിച്ചു. ഒരു വോട്ട് അസാധുവായി. പാർട്ടി വിരുദ്ധ നിലപാട് സ്വീകരിക്കില്ല. മറ്റത്തൂരിലേത് പ്രാദേശികമായ വിഷയമാണ്. കോൺഗ്രസ് പ്രവർത്തകരുടെ പൊതുവികാരം കണക്കിലെടുത്താണ് സ്വതന്ത്രയെ പ്രസിഡന്റാക്കിയതെന്ന് പാർട്ടിയിൽ നിന്നു പുറത്താക്കപ്പെട്ട ഡി.സി.സി ജനറൽ സെക്രട്ടറി ടി.എം ചന്ദ്രനും കോൺഗ്രസ് മറ്റത്തൂർ മണ്ഡലം പ്രസിഡന്റ് ഷാഫി കല്ലൂപ്പറമ്പിലും പത്രസമ്മേളനത്തിൽ പറഞ്ഞു. വാർഡ് മെംബർമാർക്കെതിരേ പ്രതിഷേധവുമായെത്തിയവർ കോൺഗ്രസുകാരല്ലെന്നും ടി.എം ചന്ദ്രൻ പറഞ്ഞു.
expelled congress members in mattathur said they won’t join bjp or resign without review, and denied dcc president’s claims.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."