ശബരിമല സ്വർണ്ണക്കൊള്ള; ആരും നിഷ്കളങ്കരല്ല; സർക്കാർ പ്രതികൾക്ക് സംരക്ഷണമൊരുക്കുന്നു; വി.ഡി സതീശൻ
കൊച്ചി: ശബരിമല സ്വർണക്കൊള്ളയിൽ ആരും നിഷ്കളങ്കരല്ലെന്നും സിപിഎമ്മിന് ക്ഷീണം ഉണ്ടാക്കുമെന്ന് ഉറപ്പുള്ളതുകൊണ്ടാണ് തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ കടകംപള്ളിയുടെ ചോദ്യം ചെയ്യൽ നീട്ടിക്കൊണ്ട് പോയതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കോടതി ഇടപെട്ടതുകൊണ്ടാണ് ഇപ്പോഴെങ്കിലും ചോദ്യം ചെയ്തത്. കടകംപള്ളി സുരേന്ദ്രന് ഉണ്ണികൃഷ്ണൻ പോറ്റിയുമായി ബന്ധമുണ്ടെന്നും സതീശൻ പറഞ്ഞു.
എസ് ഐ ടിയെ താൻ തള്ളിപ്പറഞ്ഞിട്ടില്ല. എസ്.ഐ.ടിയിൽ ഇപ്പോഴും വിശ്വാസമുണ്ട്. സ്വർണക്കൊള്ളയിൽ കടകംപള്ളിയ്ക്ക് പങ്കുണ്ട് എന്നതിൻറെ തെളിവാണ് എസ്ഐടിയുടെ ചോദ്യം ചെയ്യൽ. അന്വേഷണത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് സമ്മർദ്ദം ചെലുത്തരുത്. എല്ലാ അമ്പലങ്ങളുടെയും കാര്യത്തിൽ സർക്കാർ ഇടപെടാറില്ലെന്നും എന്നാൽ, ശബരിമലയുടെ കാര്യത്തിൽ ഇടപെടാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സർക്കാർ പ്രതികൾക്ക് കുടപിടിച്ച് കൊടുക്കുകയാണ്. കൂടുതൽ നേതാക്കളുടെ പേര് റിമാൻഡിൽ ആയവർ പറയുമെന്ന ഭയത്തിലാണ് സർക്കാരെന്നും വിഡി സതീശൻ പറഞ്ഞു.
അതേസമയം സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് എസ്ഐടി സംഘം മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ മൊഴിയെടുത്തു. കഴിഞ്ഞ ശനിയാഴ്ച്ചയാണ് സംഘം കടകംപള്ളിയെ ചോദ്യം ചെയ്തത്. മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ് പ്രശാന്തിനെയും എസ്.ഐ.ടി ചോദ്യം ചെയ്‌തെന്നാണ് വിവരം. 2019 ല്‍ സ്വര്‍ണക്കൊള്ള നടക്കുന്ന സമയത്ത് കടകംപള്ളി സുരേന്ദ്രനായിരുന്നു ദേവസ്വം മന്ത്രി. എസ്.ഐ.ടിക്ക് മുന്നില്‍ ഹാജരായ വിവരം കടകംപള്ളി സ്ഥിരീകരിച്ചിട്ടുണ്ട്. സ്വര്‍ണക്കൊള്ളക്കേസില്‍ അറസ്റ്റിലായ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്എ. പത്മകുമാറിന്റെ മൊഴിയനുസരിച്ചാണ് അന്വേഷണസംഘം കടകംപള്ളിയുടെയും മൊഴി രേഖപ്പെടുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."