യു എ ഇ ആയുധ ശേഖരത്തിനു നേരെ യെമൻ തുറമുഖത്ത് ആക്രമണം നടത്തി സഊദി അറേബ്യ; യെമനിൽ അടിയന്തരാവസ്ഥ, കര, കടൽ, വ്യോമ ഗതാഗതം നിരോധിച്ചു
റിയാദ്: യമനിലെ പ്രശ്നങ്ങളിൽ കടുത്ത നടപടികളുമായി സഊദി അറേബ്യ. പുതിയ പ്രശ്ങ്ങൾക്ക് പിന്നാലെ യുണൈറ്റഡ് അറബ് എമിറേറ്റുകളിൽ നിന്ന് എത്തിയ ആയുധങ്ങൾക്ക് നേരെ സഊദി അറേബ്യ ആക്രമണം നടത്തി. വിഘടനവാദി സേനയ്ക്ക് ആയുധങ്ങൾ എത്തിച്ചതായി ആരോപിച്ചാണ് സഊദി അറേബ്യ ചൊവ്വാഴ്ച യെമനിലെ തുറമുഖ നഗരമായ മുഖല്ലയിൽ ബോംബാക്രമണം നടത്തിയത്. ആക്രമണത്തിന് പിന്നാലെ യെമനിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. 90 ദിവസത്തേക്കാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്. ദേശീയ സുരക്ഷ മുൻനിർത്തിയാണ് നടപടിയെന്നാണ് വിശദീകരണം. കര, കടൽ, വ്യോമ പാതകളിലൂടെയുള്ള ഗതാഗതം 72 മണിക്കൂർ നിരോധിച്ചതായും പ്രസിഡൻ്റ് വ്യക്തമാക്കി.
സഖ്യസേനയുടെ അനുമതിയില്ലാതെ മുഖല്ല തുറമുഖത്ത് ഇറക്കിയ ആയുധങ്ങളും സൈനിക വാഹനങ്ങളുമാണ് തകർത്തതെന്ന് സഊദി നേതൃത്വത്തിലുള്ള സഖ്യസേന വക്താവ് മേജർ ജനറൽ തുർക്കി വ്യക്തമാക്കി. സതേൺ ട്രാൻസിഷണൽ കൗൺസിലിലെ വിഘടനവാദി ശക്തികളും സഊദി അറേബ്യയും തമ്മിലുള്ള സംഘർഷം വീണ്ടും രൂക്ഷമാകുന്നതിൻ്റെ സൂചനയാണ് ഈ ആക്രമണം എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. യുഎഇയുടെ കിഴക്കൻ തീരത്തുള്ള തുറമുഖ നഗരമായ ഫുജൈറയിൽ നിന്ന് കപ്പലുകൾ അവിടെ എത്തിയതിന് ശേഷമാണ് ആക്രമണം നടത്തിയതെന്ന് സഊദി പ്രസ് ഏജൻസി പുറത്തിറക്കിയ സൈനിക പ്രസ്താവനയിൽ പറയുന്നു.
ശനി, ഞായർ ദിവസങ്ങളിലായി യു.എ.ഇയിലെ ഫുജൈറ തുറമുഖത്ത് നിന്നെത്തിയ രണ്ട് കപ്പലുകൾ അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ച് വൻതോതിൽ ആയുധങ്ങൾ ഇറക്കുകയായിരുന്നുവെന്നാണ് സഊദി അറേബ്യയുടെ ആരോപണം. കപ്പലുകളിലെ ട്രാക്കിംഗ് സംവിധാനങ്ങൾ മനഃപൂർവ്വം ഓഫാക്കിയാണ് ഈ നീക്കം നടന്നതെന്ന് സഖ്യസേന കണ്ടെത്തിയതായും സഖ്യസേന വക്താവ് തുർക്കി അൽ മാലിക്കി അറിയിച്ചു. ഹളർമൗത്ത്, അൽമഹ്‌റ ഗവർണറേറ്റുകളിലെ സാധാരണക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്ന യമൻ പ്രസിഡൻഷ്യൽ ലീഡർഷിപ്പ് കൗൺസിലിന്റെ (പി.എൽ.സി) അഭ്യർത്ഥന മാനിച്ചാണ് സഖ്യസേന ഈ സൈനിക നടപടി സ്വീകരിച്ചത്.
ആക്രമണത്തിൽ ആളപായമോ സഊദി അറേബ്യയ്ക്ക് പുറമെ മറ്റേതെങ്കിലും സൈന്യമോ പങ്കെടുത്തിട്ടുണ്ടോ എന്ന കാര്യത്തിൽ വ്യക്തതയില്ല. നാശനഷ്ടങ്ങൾ സംഭവിച്ചിട്ടില്ലെന്ന് ഉറപ്പാക്കാനാണ് രാത്രി ആക്രമണം നടത്തിയതെന്നും സഊദി അറേബ്യ വ്യക്തമാക്കി. യുഎഇയുമായുള്ള സുരക്ഷാ കരാറും യെമൻ സർക്കാർ റദ്ദാക്കി. വിഘടനവാദികളുടെ നടപടികൾ സഊദി അറേബ്യയും യുഎഇയും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീഴ്ത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."