കൊയിലാണ്ടിയിൽ ദേശീയപാത നിർമ്മാണത്തിനിടെ അപകടം: കോൺക്രീറ്റ് സ്ലാബ് തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം
കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടിയിൽ നിർമ്മാണത്തിലിരിക്കുന്ന ദേശീയപാതയുടെ മതിൽ നിർമാണത്തിനിടെ സ്ലാബ് തകർന്നുവീണു. വെള്ളിയാഴ്ച ഉച്ചയോടെ കൊയിലാണ്ടി തിരുവങ്ങൂർ അടിപ്പാതയ്ക്ക് സമീപമാണ് അപകടമുണ്ടായത്. മതിൽ നിർമ്മാണത്തിനായി കോൺക്രീറ്റ് സ്ലാബുകൾ ക്രെയിൻ ഉപയോഗിച്ച് മുകളിലേക്ക് ഉയർത്തുന്നതിനിടെ ക്രെയിനുമായി ബന്ധിപ്പിച്ച കയർ പൊട്ടുകയായിരുന്നു.
തുടർന്ന്, ക്രെയിനിൽ ഉറപ്പിച്ച സ്ലാബുകൾ സർവിസ് റോഡിലേക്ക് പതിച്ചു. ഒന്നര മീറ്റർ നീളവും വീതിയുമുള്ള കോൺക്രീറ്റ് സ്ലാബുകൾ ഇൻ്റർലോക്ക് രീതിയിൽ അടുക്കിവെച്ചാണ് മതിൽ നിർമ്മിക്കുന്നത്. ഇത്തരം സ്ലാബുകളാണ് താഴേക്ക് വീണത്. ഈ സമയം റോഡിൽ വാഹനങ്ങളോ കാൽനടയാത്രക്കാരോ ഇല്ലാതിരുന്നതിനാൽ വലിയൊരു അപകടമാണ് ഒഴിവായത്.
അതേസമയം, ഈ മതിൽ നിർമ്മാണത്തിനെതിരെ നേരത്തെ തന്നെ പരാതികൾ ഉയർന്നിരുന്നു. മുമ്പ് മതിൽ പുറത്തേക്ക് തള്ളിവന്നതിനെ തുടർന്ന് ഇത് പൊളിച്ചുമാറ്റി വീണ്ടും നിർമ്മിക്കുകയായിരുന്നു.
അപകടത്തെത്തുടർന്ന് നാട്ടുകാർ നിർമ്മാണ പ്രവർത്തനങ്ങൾ തടഞ്ഞു. തൊഴിലാളികളുടെയും യാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കിയതിന് ശേഷം മാത്രമേ നിർമ്മാണം തുടരാവൂ എന്നാണ് പ്രദേശവാസികളുടെ ആവശ്യം.
A section of the under-construction National Highway wall collapsed in Kozhikode's Koyilandy, sparking concerns over construction quality and safety. The incident occurred near the Tiruvangoor underpass, disrupting traffic and prompting investigations.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."