തെറ്റിദ്ധാരണ നിറയുന്ന കാലത്ത് പണ്ഡിതൻമാർ നന്മയുടെ സന്ദേശം പ്രബോധനം ചെയ്യണമെന്ന് ജാമിഅ സനദ് ദാന സമാപന സമ്മേളനത്തിൽ മുഹമ്മദ് അസ്ഹറുദ്ദീൻ
ഫൈസാബാദ് (പട്ടിക്കാട്): തെറ്റിദ്ധാരണകളുടെയും സ്പർദ്ധയുടെ കാലത്താണ് നാം ജീവിക്കുന്നതെന്നും ഈകാലത്ത് നന്മയുടെ സന്ദേശം പണ്ഡിതൻമാർ പ്രബോധനം ചെയ്യണമെന്നും തെലുങ്കാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി മുഹമ്മദ് അസ്ഹറുദ്ദീൻ പറഞ്ഞു. പട്ടിക്കാട് ജാമിഅ നൂരിയ്യ 63-ാം വാർഷിക 61-ാം സനദ് ദാന സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇസ്‌ലാം വെറുപ്പല്ല, കരുതലും സ്‌നേഹവുമാണ്. പ്രവാചകൻ മുഹമ്മദ് (സ) പ്രബോധനം ചെയ്തത് നന്മയുടെ വഴിയാണ്. ഇന്ത്യയുടെ നാഗരികത ബഹുസ്വരതയിലധിഷ്ടിതമാണ്. ഇതിലാണ് ഇന്ത്യ ഇത്രയും കാലം നിലകൊണ്ടത്. നമ്മുടെ വിശ്വാസം നമ്മോടു പറയുന്നത് മാറി നിൽക്കാനല്ല, ചേർന്ന് നിൽക്കാനാണ്. സമാധാനത്തോടെയുളള സഹവർത്തിത്വത്തിനാണ് നമ്മൾ നിലകൊള്ളുന്നത് എന്ന് മുഹമ്മദ് അസ്ഹറുദ്ദീൻ പറഞ്ഞു.
ഇസ്‌ലാമിന്റെ ഹിക്മത്തിനെ പ്രചരിപ്പിക്കുന്ന പണ്ഡിതന്മാർ ഇനിയും ജന്മംകൊള്ളണം. ജാമിഅക്കു അതിനു സാധിക്കും. ജാമിഅ പാരമ്പര്യത്തിന്റെയും വിശ്വാസത്തിന്റെയും അടയാളമാണ്. ജാമിഅ ദാർശനിക സൗഭാഗ്യത്തോടെ ജ്വലിച്ചു നിൽക്കുന്നത് അഭിമാനം നൽകുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഇസ്‌ലാമിന്റെ തനിമ നഷ്ടപ്പെടാതെ തലമുറകളിലേക്ക് പകരുകയാണ് സമസ്തയുടെ ലക്ഷ്യമെന്ന് ജാമിഅ നൂരിയ്യയുടെ വാര്‍ഷിക സമാപന സമ്മേളനത്തില്‍ അധ്യക്ഷവഹിച്ച് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. അതിലേക്ക് പണ്ഡിതന്‍മാരെ വാര്‍ത്തെടുക്കുകയാണ് ജാമിഅ നൂരിയ്യ ചെയ്യുന്നത്. ഉലമാ- ഉമറാ ബന്ധത്തിന്റെ സംഗമ വേദിയാണ് ജാമിഅ നൂരിയ്യ. ചേര്‍ന്നു നില്‍പ്പാണ് സമുഹത്തിനു കരണീയം. കേരളത്തില്‍ ഇന്നു കാണുന്ന പുരോഗതി ഈ ശക്തമായ ബന്ധത്തിന്റെ അനന്തര ഫലമാണ്. ദീനിന്റെ പവിത്രതക്കു ഭംഗം വരുത്തുന്നതായ ചിദ്രത ഉണ്ടാവാതെ നോക്കണം. പൂര്‍വ്വികര്‍ കാണിച്ചു തന്ന മാതൃകയതാണ്. ആത്മീയമായ കരുത്താണ് മുസ്ലിംസമൂഹത്തെ ശക്തിപ്പെടുത്തുന്നതെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."