കണ്ണൂരിൽ റിട്ടയേർഡ് ബാങ്ക് മാനേജരെ ഡിജിറ്റൽ അറസ്റ്റ് ചെയ്യാൻ നീക്കം; പണം തട്ടാനുള്ള നീക്കം പൊളിഞ്ഞു, പിടിമുറുക്കി തട്ടിപ്പ്
കണ്ണൂർ: രാജ്യത്താകെ വ്യാപകമാകുന്ന ഡിജിറ്റൽ അറസ്റ്റിലൂടെ പണം തട്ടുന്ന രീതി കേരളത്തിലും വ്യാപകമാകുന്നു. റിട്ടയേർഡ് ബാങ്ക് മാനേജരെ കബളിപ്പിച്ച് പണം തട്ടാനുള്ള ഡിജിറ്റൽ അറസ്റ്റ് നീക്കം തക്ക സമയത്തെ ഇടപെടലിലൂടെ തകർക്കാനായി. പോപ്പുലർ ഫ്രണ്ട് ബന്ധം ആരോപിച്ച് തോട്ടട സ്വദേശി പ്രമോദ് മഠത്തിലിനെയാണ് ഡിജിറ്റൽ അറസ്റ്റിന് ഇരയാക്കാൻ ശ്രമിച്ചത്.
ഞായറാഴ്ചയാണ് പ്രമോദിന് ഡിജിറ്റൽ അറസ്റ്റുമായി ബന്ധപ്പെട്ട ഫോൺ കോൾ വരുന്നത്. മുംബൈയിൽ നിന്ന് ഒരു പോപ്പുലർ ഫ്രണ്ട് പ്രവർത്തകനെ എൻഐഎ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അയാളുടെ അക്കൗണ്ട് പരിശോധിച്ചപ്പോൾ പ്രമോദിന്റെ വിവരങ്ങൾ ലഭിച്ചെന്നും പറഞ്ഞായിരുന്നു സൈബർ അറസ്റ്റ് നടത്തിയത്. പ്രമോദ് നടത്തിയ സമയോചിതമായ ഇടപെടലാണ് ഇവരുടെ നീക്കം പൊളിച്ചത്.
സംഭവം പ്രമോദ് സൈബർ ഉദ്യോഗസ്ഥരെ അറിയിച്ചു. പിന്നാലെ ഇന്നലെ സൈബർ പൊലിസ് പ്രമോദിന്റെ വീട്ടിലെത്തുകയും പ്രമോദ് അയാളെ വീഡിയോ കോൾ ചെയ്യുകയും ചെയ്യുകയുമായിരുന്നു. സർക്കാർ ഓഫീസിന്റെ പശ്ചാത്തലത്തിൽ പൊലിസ് യൂണിഫോം ധരിച്ച ഒരാൾ സ്‌ക്രീനിൽ വരികയും ചെയ്തു. മലയാളിയായ വ്യക്തിയായിരുന്നു വീഡിയോ കോൾ എടുത്തത്.
ഡിജിറ്റൽ അറസ്റ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഇയാൾ പറയുന്നതിനിടയിൽ സൈബർ പൊലിസ് ഫോണിൽ ഇയ്ക്ക് കയറി തട്ടിപ്പ് പൊളിക്കുകയായിരുന്നു. സംഭവത്തിൽ സൈബർ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അതേസമയം, കണ്ണൂരിലെ തളാപ്പിൽ ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ് വഴി ഒരാളുടെ 15 ലക്ഷം രൂപ നഷ്ടമായത് അടുത്തിടെയാണ്. എൻഫോഴ്‌സ്‌മെന്റ ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥർ ചമഞ്ഞായിരുന്നു തട്ടിപ്പ് നടത്തിയത്. ഈ കേസിലും അന്വേഷണം പുരോഗമിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."