ഐപിയു എക്‌സിക്യൂട്ടീവ് കമ്മിറ്റി സമ്മേളനത്തിന് വേദിയായി ദോഹ
ദോഹ: സമാധാനവും വികസനവും ലക്ഷ്യമാക്കി പല രാജ്യങ്ങളും ചേര്‍ന്ന് നടത്തുന്ന അന്തര്‍ദേശീയ പ്രവര്‍ത്തനങ്ങള്‍ക്ക് ഖത്തര്‍ തുടര്‍ന്നും ശക്തമായ പിന്തുണ നല്‍കുമെന്ന് ഷുറ കൗണ്‍സില്‍ ഉപസ്പീക്കര്‍ ഡോ. ഹംദ ബിന്‍ത് ഹസ്സന്‍ അല്‍ സുലൈതി വ്യക്തമാക്കി.
ദോഹയില്‍ നടന്ന ഇന്റര്‍-പാര്‍ലമെന്ററി യൂണിയന്‍ (ഐപിയു) എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ 298ാം സമ്മേളനത്തിന്റെ ഉദ്ഘാടനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. ഈ സമ്മേളനത്തിന് ഖത്തര്‍ വേദിയൊരുക്കിയത്, അന്തര്‍ദേശീയ സഹകരണത്തിനുള്ള രാജ്യത്തിന്റെ പ്രതിബദ്ധത വ്യക്തമാക്കുന്നതാണെന്ന് ഡോ. ഹംദ പറഞ്ഞു.
സമാധാനം, സ്ഥിരത, വികസനം, മനുഷ്യാവകാശ സംരക്ഷണം തുടങ്ങിയ വിഷയങ്ങള്‍ ഒരു രാജ്യം മാത്രമായി കൈകാര്യം ചെയ്യാന്‍ കഴിയില്ലെന്നും, പല രാജ്യങ്ങളും ചേര്‍ന്ന് പ്രവര്‍ത്തിക്കുമ്പോഴാണ് ഫലപ്രദമായ പരിഹാരങ്ങള്‍ സാധ്യമാകുന്നതെന്നും അവര്‍ പറഞ്ഞു. ഇത്തരത്തിലുള്ള കൂട്ടായ അന്തര്‍ദേശീയ ശ്രമങ്ങള്‍ക്കാണ് ഖത്തര്‍ മുന്‍ഗണന നല്‍കുന്നതെന്നും കൂട്ടിച്ചേര്‍ത്തു.
അമീര്‍ ഷൈഖ് താമിം ബിന്‍ ഹമദ് അല്‍ താനിയുടെ നേതൃത്വത്തില്‍, രാജ്യങ്ങള്‍ തമ്മിലുള്ള സംവാദം ശക്തിപ്പെടുത്താനും ആഗോള തലത്തില്‍ സ്ഥിരത ഉറപ്പാക്കാനും ഖത്തര്‍ വിവിധ നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും ഡോ. ഹംദ വ്യക്തമാക്കി.
പാര്‍ലമെന്റുകള്‍ തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കുന്നതിന് ഐപിയുവിന്റെ എക്‌സിക്യൂട്ടീവ് കമ്മിറ്റി പ്രധാന വേദിയാണെന്നും, പാര്‍ലമെന്ററി ഡിപ്ലോമസിയിലൂടെ സമാധാനവും വികസനവും കൈവരിക്കാന്‍ ഇതിന് വലിയ പങ്കുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടി.
ഐ.പി.യു പ്രസിഡന്റ് ഡോ. ടുലിയ അക്‌സണ്‍ സമ്മേളനത്തില്‍ സംസാരിച്ച്, ഐപിയുവിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഖത്തര്‍ നല്‍കിയ പിന്തുണക്കും സമ്മേളനത്തിന് നല്‍കിയ ആതിഥ്യത്തിനും നന്ദി അറിയിച്ചു.
രണ്ട് ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തില്‍ ഐപിയുവിന്റെ നിലവിലെ പ്രവര്‍ത്തനങ്ങളും ഭാവി പദ്ധതികളും ചര്‍ച്ച ചെയ്യും. സമ്മേളനത്തിന്റെ ഭാഗമായി പ്രതിനിധികള്‍ ഷുറ കൗണ്‍സില്‍ ആസ്ഥാനവും സന്ദര്‍ശിച്ചു.
Doha is hosting the IPU Executive Committee conference, with discussions focusing on current activities, future plans, and parliamentary cooperation.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."