ഗസ്സയിലെ ജനങ്ങൾ ഉടൻ ഒഴിയണമെന്ന് ഇസ്‌റാഈൽ സൈന്യത്തിന്റെ താക്കീത്; വീണ്ടും വെടിനിർത്തൽ കരാർ ലംഘനം
ഗസ്സ: വെടിനിർത്തലിന് ശേഷം ആദ്യമായി ഗസ്സയിലെ ജനങ്ങൾക്ക് നിർബന്ധ ഒഴിഞ്ഞുപോകൽ നിർദേശം നൽകി ഇസ്‌റാഈൽ. തെക്കൻ ഗസ്സയിലെ ഖാൻ യൂനിസിന് കിഴക്കുള്ള ബനി സുഹൈലയിലെ ജനങ്ങളോടാണ് ഒഴിഞ്ഞുപോകാൻ ഇസ്‌റാഈൽ സൈന്യം നിർദേശം നൽകിയത്. തിങ്കളാഴ്ച വിമാനമാർഗം നോട്ടിസ് വിതറുകയായിരുന്നു. തൊട്ടടുത്തുള്ള അൽ റഖബിൽ ടെന്റിൽ കഴിയുന്നവർക്കും നിർദേശമുണ്ട്.
വെടിനിർത്തൽ കരാറിന്റെ ലംഘനമാണിത്. ഈ പ്രദേശം ഇസ്‌റാഈൽ സൈന്യത്തിന്റെ നിയന്ത്രണത്തിലാണെന്നും എത്രയും വേഗം സ്ഥലം ഒഴിയണമെന്നുമാണ് അടിയന്തര സന്ദേശം എന്ന നോട്ടിസിലുള്ളത്.
അറബിക്, ഹീബ്രു, ഇംഗ്ലീഷ് ഭാഷകളിലാണ് നോട്ടിസ്. ഗസ്സയിലെ വെടിനിർത്തൽ ഒന്നാംഘട്ടം പൂർത്തിയായതായും രണ്ടാംഘട്ടത്തിലേക്ക് പ്രവേശിച്ചെന്നും യു.എസ് പറഞ്ഞിരുന്നു. ഗസ്സയിൽ സമാധാന സമിതി ട്രംപിന്റെ നേതൃത്വത്തിൽ രൂപീകരിച്ചിട്ടുമുണ്ട്. ഇതിനിടെയാണ് ഇസ്‌റാഈലിന്റെ നിർദേശം.
ഇതിനിടെ, അധിനിവിഷ്ട ജറുസലേമിലെ ഫലസ്തീൻ അഭയാർഥികൾക്കുള്ള യു.എൻ സഹായ ഏജൻസിയായ യു.എൻ.ആർ.ഡബ്ല്യു.എയുടെ ഷെയ്ഖ് ജറായിലെ കെട്ടിടം ഇസ്‌റാഈൽ ബുൾഡോസർ ഉപയോഗിച്ച് തകർത്തു. തങ്ങളുടെ ജീവനക്കാരെ ബലംപ്രയോഗിച്ച് പുറത്താക്കിയ ശേഷം കെട്ടിടം തകർക്കുകയായിരുന്നുവെന്ന് യു.എൻ.ആർ.ഡബ്ല്യു.എ പ്രസ്താവനയിൽ പറഞ്ഞു.
അന്താരാഷ്ട്ര നിയമത്തെ ഗുരുതരമായി ലംഘിക്കുന്നതാണ് ഇസ്‌റാഈലിന്റെ പ്രവൃത്തിയെന്ന് പ്രസ്താവന പറയുന്നു. യു.എന്നിന് എല്ലാ രാജ്യങ്ങളും നൽകുന്ന പ്രിവിലേജിന് എതിരാണ് ആക്രമണം. മേഖലയിൽ നേരത്തെ ഇസ്‌റാഈൽ സൈന്യത്തിന്റെ ശക്തമായ സാന്നിധ്യമുണ്ടായിരുന്നു. ഫലസ്തീൻ അഭയാർഥികളുടെ തിരിച്ചറിയൽ സംവിധാനങ്ങളെല്ലാം ഇസ്‌റാഈൽ തുടച്ചുനീക്കുകയാണെന്ന് ഏജൻസിയുടെ മേധാവി ഫിലിപ്പി ലസ്സാരിനി പറഞ്ഞു.
യു.എൻ.ആർ.ഡബ്ല്യു.എ ഹമാസിന് സഹായം നൽകുന്ന സംഘടനയാണെന്ന് ആരോപിച്ച് നേരത്തെയും സംഘടനയുടെ കേന്ദ്രങ്ങൾക്കെതിരേ ഇസ്‌റാഈൽ ആക്രമണം നടത്തിയിട്ടുണ്ട്. ഗസ്സയിലെ സംഘടനയുടെ ഓഫിസുകളും നേരത്തെ സമാന രീതിയിൽ തകർത്തിരുന്നു. യു.എൻ.ആർ.ഡബ്ല്യു.എവിന് പകരമായി ഇസ്‌റാഈൽ യു.എസിന്റെ സഹായത്തോടെ ഗസ്സയിലെ ജനങ്ങളെ സഹായിക്കാനെന്ന രീതിയിൽ ഒരു സംവിധാനം ഉണ്ടാക്കുകയും അവിടെ ഭക്ഷണം വാങ്ങാനെത്തുന്നവരെ വെടിവച്ചു കൊല്ലുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."