ചരിത്ര മുഹൂർത്തത്തിന് ഇനി 14 നാൾ, ഓർമകളിൽ മായാതെ ആറ്റപ്പൂവിന്റെ പ്രഖ്യാപനം
മലപ്പുറം: '2026 ഫെബ്രുവരി മാസത്തിൽ സമസ്ത, നൂറാം വാർഷികം നടത്താൻ ഇന്ന് ആലപ്പുഴയിൽ ചേർന്ന സമസ്തയുടെ മുശാവറ യോഗം തീരുമാനിച്ചതായി ഞാൻ പ്രഖ്യാപിക്കുകയാണ്...' ആലപ്പുഴ കടലോരത്തെ സാക്ഷിയാക്കി പത്ത് വർഷങ്ങൾക്ക് മുമ്പ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ഈ പ്രഖ്യാപനം നടത്തുമ്പോൾ ജനലക്ഷങ്ങൾ തക്ബീർ ധ്വനികളോടെയാണത് ഏതിരേറ്റത്. ആലപ്പുഴ കടലോരം അന്നോളം കണ്ടിട്ടില്ലാത്ത ജനലക്ഷങ്ങളെ സാക്ഷിയാക്കി സമസ്തയുടെ 90 ആം വാർഷിക മഹാസമ്മേളനം ഉദ്ഘാടനം ചെയ്ത ശേഷമുള്ള പ്രഖ്യാപനം കഴിഞ്ഞിട്ട് പത്ത് ആണ്ടുകൾ പിന്നിടുന്നു.
ആ ചരിത്ര സമ്മേളനത്തിന്റെ മുൻ നിരയിലുണ്ടായിരുന്ന മഹത്തുക്കളിൽ പലരും ഇന്ന് ഓർമയായി. അക്കൂട്ടത്തിൽ പാണക്കാട്ടെ ആ താരകവുമുണ്ട്. സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ ഓർമകൾക്കിന്ന് നാലാണ്ട്. സമസ്തയുടെ ഉപാധ്യക്ഷൻ, സമസ്ത വിദ്യാഭ്യാസ ബോർഡ് ട്രഷറർ, എസ്.വൈ.എസ് പ്രസിഡന്റ്, എസ്.എം.എഫ് സെക്രട്ടറി, പ്രസിഡന്റ്, നിരവധി മഹല്ലുകളുടെ ഖാസി, മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് തുടങ്ങി എണ്ണിയാലൊടുങ്ങാത്ത പദവികൾക്കുടമയായിരുന്നു തങ്ങൾ. 1947 ജൂൺ 15 ന് പി.എം.എസ്.എ പൂക്കോയ തങ്ങളുടെ മൂന്നാമത്തെ പുത്രനായാണ് ജനനം. പൂക്കോയ തങ്ങളുടെ കൈപിടിച്ചാണ് വളർച്ചയുടെ ഘട്ടം.
പട്ടിക്കാട് ജാമിഅ നൂരിയ്യയിൽ നിന്ന് ഫൈസി ബിരുദം നേടി തങ്ങൾ പിതാവിന്റെയും സഹോദരങ്ങളുടെയും പാതയിൽ സമസ്തയുടെ വേദികളിൽ സ്ഥിരസാന്നിധ്യമായി. ആത്മീയതയുടെ ഉന്നതിയിലെത്തിയപ്പോഴും വിനയത്തിന്റെ ഉത്തമ ഉദാഹരണമായി അദ്ദേഹം സമുദായത്തെ വിസ്മയിപ്പിച്ചു. അദ്ദേഹത്തിന്റെ ഓരോ തീരുമാനങ്ങളും സമസ്തക്കനുകൂലമായിരുന്നു. സമസ്ത തള്ളിയതിനെയെല്ലാം തള്ളി. തീരുമാനങ്ങളെ ശിരസാവഹിച്ചു.
നാല് വർഷങ്ങൾക്ക് മുമ്പൊരു ശഅ്ബാൻ രണ്ടിന് യാത്രയാകുംവരേ സമസ്തയെന്ന പ്രസ്ഥാനത്തിന്റെ ജീവവായുവായി. മിക്ക പരിപാടികളിലും ഉദ്ഘാടകനായി. ചരിത്രമായ പല തീരുമാനങ്ങളും ആ നാവിലൂടെ കേരളം കേട്ടു. നൂറ്റാണ്ടിലേക്കടുക്കുന്ന സമസ്തയുടെ ശതാബ്ദി സമ്മേളന പ്രഖ്യാപനവും ഒരു നിയോഗം പോലെ ആ നാവിൽ നിന്നായി. പതിറ്റാണ്ടിനിപ്പുറം നൂറാം വാർഷിക മഹാ സമ്മേളനത്തിന് കാസർകോടിൻ്റെ മണ്ണ് കാത്തിരിക്കുമ്പോൾ ആ പ്രഖ്യാപനം എല്ലാ മനസുകളിലും ഇപ്പോഴുമുണ്ട്, ഒപ്പം ആ ചരിത്ര പുരുഷനും...
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."