'വര്‍ഗീയതയുടെ ചേരിയില്‍ നിര്‍ത്തി ചോദ്യം ചെയ്യുന്നത് സഹിക്കാന്‍ കഴിയില്ല'; വിവാദ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് സജി ചെറിയാന്‍
തിരുവനന്തപുരം: മലപ്പുറവുമായി ബന്ധപ്പെട്ട് നടത്തിയ വിവാദ പ്രസ്താവനയില്‍ ഖേദം പ്രകടിപ്പിച്ച് മന്ത്രി സജി ചെറിയാന്‍. പ്രസ്താവന പിന്‍വലിക്കുന്നതായും സജി ചെറിയാന്‍ വ്യക്തമാക്കി. കാസര്‍കോടും മലപ്പുറത്തും ജയിച്ചവരെ നോക്കിയാല്‍ മതി വര്‍ഗീയ ധ്രൂവീകരണം അറിയാമെന്നായിരുന്നു മന്ത്രിയുടെ പരാമര്‍ശം. പരാമര്‍ശങ്ങള്‍ വിവാദമായതോടെ പാര്‍ട്ടി നിര്‍ദേശപ്രകാരമാണ് ഖേദപ്രകടനം.
സജി ചെറിയാന്റെ പ്രസ്താവനയുടെ പൂര്‍ണരൂപം:
കഴിഞ്ഞ ദിവസം ഞാന്‍ പറഞ്ഞ വാക്കുകളെ വളച്ചൊടിച്ച് ഒരു വിഭാഗത്തിനെതിരെ പറഞ്ഞു എന്ന നിലയില്‍ നടത്തുന്ന പ്രചാരണം വളരെയധികം വേദനിപ്പിക്കുന്നു. എന്റെ ജീവിതത്തില്‍ ഇന്നുവരെ സ്വീകരിച്ചതും പുലര്‍ത്തിയതുമായ മതനിരപേക്ഷമായ നിലപാടിനെ വ്രണപ്പെടുത്തുന്നതാണ് വസ്തുതാവിരുദ്ധമായ പ്രചാരണങ്ങള്‍. മതചിന്തകള്‍ക്കതീതമായി എല്ലാ മനുഷ്യരെയും ഒരുപോലെ ജാതി, മത വ്യത്യാസമില്ലാതെ സ്‌നേഹിക്കുകയും അവര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന എന്റെ പൊതുജീവിതത്തെ വര്‍ഗീയതയുടെ ചേരിയില്‍ നിര്‍ത്തി ചോദ്യം ചെയ്യുന്നത് ഒരിക്കലും സഹിക്കാന്‍ കഴിയുന്ന കാര്യമല്ല.
രാജ്യത്താകമാനം ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരെ ആക്രമണം നടത്തുമ്പോള്‍ അതിനെതിരെ നിരന്തരം ശക്തമായി പ്രതികരിക്കുന്ന സിപിഎം പ്രവര്‍ത്തകന്‍ എന്ന നിലയില്‍ കഴിഞ്ഞ 42 വര്‍ഷത്തെ എന്റെ പൊതുജീവിതം വര്‍ഗീയതയോടു സമരസപ്പെട്ടല്ല പോയത്. ഇതിന്റെയെല്ലാം ഫലമായി ഒരുപാട് തിക്താനുഭവങ്ങള്‍ നേരിട്ടയാളുകൂടിയാണ് ഞാന്‍. അത് എന്റെ നാട്ടിലെ ജനങ്ങള്‍ക്കും എന്നെ അറിയുന്നവര്‍ക്കും അറിയാവുന്ന കാര്യമാണ്.
എന്റെ പ്രസ്താവന വളച്ചൊടിച്ചതാണെങ്കിലും ആ പ്രചാരണം എന്റെ സഹോദരങ്ങള്‍ക്ക് പ്രയാസവും വേദനയും ഉണ്ടാക്കിയതായി മനസ്സിലാക്കുന്നു. ഞാന്‍ ബഹുമാനിക്കുന്ന ചില വ്യക്തികളും ആത്മീയ സംഘടനകളും ആത്മീയ നേതാക്കളും എന്നെ തെറ്റിദ്ധരിച്ചു എന്നതും വേദനിപ്പിക്കുന്നു. ഞാന്‍ പറഞ്ഞതില്‍ തെറ്റിദ്ധരിച്ച് എന്റെ ഉദ്ദേശശുദ്ധിയെ മനസ്സിലാക്കാതെ ആര്‍ക്കെങ്കിലും വേദനയോ പ്രയാസമോ ഉണ്ടാക്കിയിട്ടുണ്ടെങ്കില്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നു. ഞാന്‍ നടത്തിയ പ്രസ്താവന പിന്‍വലിക്കുന്നു.
കാസര്‍കോട് മുനിസിപ്പാലിറ്റിയിലും മലപ്പുറത്തെ ജില്ലാപഞ്ചായത്ത് തെരഞ്ഞെടുപ്പിലും ജയിച്ചുവന്നവരുടെ പേര് വായിച്ചുനോക്കൂ. സമുദായത്തിനു ഭൂരിപക്ഷം ഇല്ലാത്തവര്‍ എവിടെനിന്നാലും ജയിക്കാന്‍ പറ്റാത്ത സ്ഥിതിയുണ്ടാകും. കേരളത്തെ ഉത്തര്‍പ്രദേശും മധ്യപ്രദേശും ആക്കാന്‍ ശ്രമിക്കരുതെന്നായിരുന്നു മന്ത്രി പറഞ്ഞത്. എന്നാല്‍, ഇതു നാക്കുപിഴയല്ല, വര്‍ഗീയ വിദ്വേഷമാണെന്ന് സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ വിമര്‍ശനമുയര്‍ന്നതോടെ വിശദീകരണവുമായി സജി ചെറിയാന്‍ രംഗത്തുവന്നെങ്കിലും മുന്‍ പ്രസ്താവനയെ തള്ളിപ്പറയാന്‍ തയാറായിരുന്നില്ല.
ഭരണഘടനാവിരുദ്ധ പ്രസംഗം ഉള്‍പ്പെടെയുണ്ടായ വിവാദങ്ങളുണ്ടായപ്പോള്‍ നാക്കുപിഴയെന്ന് പറഞ്ഞ് അദ്ദേഹം പിന്നീട് തിരുത്തിയിരുന്നു. ഭരണഘടനയെക്കുറിച്ച് ജനാധിപത്യം, മതേതരത്വം, കുന്തം, കുടച്ചക്രം എന്നെല്ലാം എഴുതിവച്ചുവെന്നതല്ലാതെ സാധാരണക്കാരെ ചൂഷണം ചെയ്യുക മാത്രമാണ് ഇതിന്റെ ഉദ്ദേശ്യമെന്ന പ്രസ്താവന വന്‍ വിവാദത്തിലാവുകയും അദ്ദേഹത്തിന് 2022 ജൂലൈയില്‍ മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടിയും വന്നിരുന്നു. ഒരു വര്‍ഷത്തിന് ശേഷം വീണ്ടും മന്ത്രിയായി ചുമതലയേറ്റു. എന്നാല്‍, 2024 നവംബറില്‍ കേരള ഹൈക്കോടതി ഈ കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. നരേന്ദ്ര മോദി സംഘടിപ്പിച്ച ക്രിസ്മസ് വിരുന്നില്‍ പങ്കെടുത്ത ബിഷപ്പുമാരെ വിമര്‍ശിച്ചുകൊണ്ട് നടത്തിയ 'കേക്കും വീഞ്ഞും' എന്ന പരാമര്‍ശം ക്രൈസ്തവ സഭകളുടെ പ്രതിഷേധത്തെത്തുടര്‍ന്ന് പിന്‍വലിച്ച് സജി ചെറിയാന്‍ ഖേദം പ്രകടിപ്പിച്ചിരുന്നു.
Kerala Minister Saji Cherian has expressed regret and withdrawn his controversial statement related to Malappuram, following widespread criticism. The minister had earlier remarked that election results in districts like Kasaragod and Malappuram reflected communal polarization, triggering political backlash.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."