മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസം; 31ന് മുമ്പ് ഗുണഭോക്തൃ അന്തിമ പട്ടിക സർക്കാരിന് കൈമാറണം
കൽപ്പറ്റ: മുണ്ടക്കൈ - ചൂരൽമല ഉരുൾദുരന്തബാധിതരുടെ പുനരധിവാസത്തിനുള്ള ഗുണഭോക്തൃ പട്ടിക അന്തിമമാക്കാൻ ലാൻഡ് റവന്യൂ കമ്മിഷണറുടെ അധ്യക്ഷതയിൽ പുതിയ സമിതി രൂപീകരിച്ച് സർക്കാർ. ഗുണഭോക്തൃ പട്ടികയിന്മേലുള്ള ആക്ഷേപങ്ങൾ തീർപ്പാക്കിയും ഇതുവരെ പുനരധിവാസ പട്ടികകളിൽപെടാത്ത പടവെട്ടിക്കുന്ന്, കോയിനാക്കുളം പ്രദേശങ്ങളിലെ പാടികളിൽ താമസിക്കുന്നവരുടെ അപേക്ഷകൾ പരിശോധിച്ചും ഈമാസം 31ന് മുമ്പ് അന്തിമ പട്ടിക പൂർത്തിയാക്കി സർക്കാരിന് സമർപ്പിക്കണം.
പുനഃപരിശോധന ആവശ്യമായ എല്ലാ അപ്പീലുകളും, കൂടാതെ രണ്ടാം അപ്പീൽ കമ്മിറ്റിയുടെ ശുപാർശ പ്രകാരം അധിക വിവരം ആവശ്യപ്പെട്ട 17 അപ്പീലുകളും പരിശോധിക്കണമെന്നും സമിതി രൂപീകരിച്ച് സർക്കാർ ഇറക്കിയ ഉത്തരവിൽ നിർദേശമുണ്ട്. ദുരന്ത നിവാരണ വകുപ്പ് അണ്ടർ സെക്രട്ടറി, വയനാട് ജില്ലാ കലക്ടർ, വയനാട് ജില്ലാ ദുരന്തനിവാരണ അതോറിറ്റി പ്രതിനിധി എന്നിവരാണ് സമിതിയിലുള്ളത്. നേരിട്ട് ദുരന്തം ബാധിച്ച നിരവധി കുടുംബങ്ങൾ ഇപ്പോഴും പുനരധിവാസ ഗുണഭോക്തൃ പട്ടികകളിൽ ഉൾപ്പെട്ടിട്ടില്ല. ഉരുൾദുരന്തത്തിന്റെ ഉത്ഭവ കേന്ദ്രമായ മുണ്ടക്കൈയിലെ പാടിയിൽ താമസിച്ച കുടുംബങ്ങൾക്ക് വരെ ഇതുവരെ പ്രസിദ്ധീകരിച്ച നാല് പട്ടികകളിലും ഇടം ലഭിച്ചിട്ടില്ല.
2019ൽ പുത്തുമലയിലുണ്ടായ ദുരന്തത്തിൽ, പാടികളിൽ കഴിഞ്ഞിരുന്ന ദുരന്തബാധിതരായ തോട്ടംതൊഴിലാളികൾ ഉൾപ്പെടെയുള്ളവരെ സർക്കാർ പുനരധിവാസ ഗുണഭോക്താക്കളിൽ നിന്ന് ഒഴിവാക്കിയിരുന്നു. ഇതേ അവസ്ഥ തങ്ങൾക്കുമുണ്ടാകുമോ എന്ന ആശങ്കയിലാണ് മുണ്ടക്കൈയിലും അട്ടമലയിലും പാടികളിൽ കഴിഞ്ഞിരുന്ന കുടുംബങ്ങൾ. നോ ഗോ സോണിലൂടെ മാത്രം വീടുകളിലേക്കെത്താൻ വഴിയുള്ള പടവെട്ടിക്കുന്ന് പ്രദേശത്തെ കുടുംബങ്ങളുടെ ആശങ്കയും ദുരന്തം കഴിഞ്ഞ് ഒന്നരവർഷത്തിന് ശേഷവും പരിഹരിക്കപ്പെട്ടിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."