വയനാട്ടിൽ പതിനാറുകാരന് സഹപാഠികളുടെ ക്രൂരമർദനം: വടികൊണ്ട് തലയ്ക്കടിച്ചു, നിലത്തിട്ട് ചവിട്ടി; നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്
കൽപ്പറ്റ: കൽപ്പറ്റയിൽ 16 വയസ്സുകാരനെ സഹപാഠികൾ ക്രൂരമായി മർദിച്ചു. ഫോണിൽ വിളിച്ചു വരുത്തി ആളൊഴിഞ്ഞ ഗ്രൗണ്ടിലെത്തിച്ചായിരുന്നു മർദനം. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ കൽപ്പറ്റ പൊലിസ് കേസെടുത്തു. പ്രതികളായ വിദ്യാർഥികളെ ജുവനൈൽ ഹോമിലേക്ക് മാറ്റി.
കഴിഞ്ഞ ബുധനാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. വിദ്യാർഥികൾ തമ്മിലുണ്ടായ ചെറിയ വാക്തർക്കവും ഇരട്ടപ്പേര് വിളിച്ചതുമാണ് മർദനത്തിൽ കലാശിച്ചത്. കൽപ്പറ്റ നഗരത്തോട് ചേർന്നുള്ള ആളൊഴിഞ്ഞ സ്ഥലത്തേക്ക് കുട്ടിയെ വിളിച്ചുവരുത്തുകയായിരുന്നു. ഏഴ് മിനിറ്റോളം ദൈർഘ്യമുള്ള വീഡിയോയിലാണ് അക്രമിസംഘത്തിന്റെ ക്രൂരത ദൃശ്യമാകുന്നത്.
പതിനാറുകാരനെ സംഘം വലിയ വടികൊണ്ട് മുഖത്തും തലക്കും അടിക്കുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തു. അടിക്കരുതെന്ന് പറഞ്ഞ് കുട്ടി കരഞ്ഞപേക്ഷിച്ചിട്ടും സംഘം പിന്മാറിയില്ല. നിലത്തുവീണ വിദ്യാർഥിയെക്കൊണ്ട് നിർബന്ധിച്ച് കാലുപിടിച്ച് മാപ്പുപറയിപ്പിക്കുന്നതും വീഡിയോയിൽ കാണാം. അക്രമിസംഘം തന്നെയാണ് മർദനദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയും പ്രചരിപ്പിക്കുകയും ചെയ്തത്.
ദൃശ്യങ്ങൾ വൈറലായതോടെ സ്വമേധയാ കേസെടുത്ത പൊലിസ്, കുട്ടിയെയും അക്രമിസംഘത്തെയും സ്റ്റേഷനിൽ വിളിച്ചുവരുത്തി. പ്രതികൾ എല്ലാവരും പ്രായപൂർത്തിയാകാത്തവരായതിനാൽ നിയമനടപടികൾക്ക് ശേഷം ഇവരെ ജുവനൈൽ ഹോമിലേക്ക് മാറ്റി. പരുക്കേറ്റ വിദ്യാർഥി ചികിത്സയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."