In Depth Story : രോഹിത് വെമുല, ഫാത്തിമ ലത്തീഫ്...: ഉന്നത വിദ്യാലയങ്ങളിൽ ആത്മഹത്യകൾ പെരുകുന്നു; ജാതി വിവേചനവും, ഇസ്‌ലാമോഫോബിയയും പ്രധാന കാരണങ്ങൾ
"My name itself is a problem Vappichi" (എന്റെ പേര് തന്നെ ഇവിടെയൊരു പ്രശ്നമാണ് വാപ്പ) 2019 നവംബർ 9ന് ചെന്നൈ ഐ. ഐ. ടിയിൽ വെച്ച് ആത്മഹത്യ ചെയ്ത പതിനെട്ട് വയസ്സ് മാത്രമുള്ള ഫാത്തിമ ലത്തീഫ് എന്ന മലയാളി പെൺകുട്ടി മരിക്കുന്നതിന് മുന്നേ പിതാവിന് നൽകിയ സന്ദേശമാണിത്. ഇന്ത്യയിലെ ഉയർന്ന സർവ്വകലാശാലകളിൽ ആത്മഹത്യകൾ ഒരു പതിവ് കാഴ്ചയായി മാറിയിരിക്കുകയാണ്. ജാതി വിവേചനവും, കാമ്പസിലെ ഇസ്‌ലാമോഫോബിയ അന്തരീക്ഷവും, പഠന സമ്മർദ്ധവുമൊക്കെയാണ് ഇന്ത്യയിലെ കലാലയങ്ങളിലെ ആത്മഹത്യകൾക്ക് പിന്നിലെ യഥാർത്ഥ കാരണങ്ങൾ. രോഹിത് വെമുലയുടെയും, ഫാത്തിമ ലത്തീഫിന്റെയും ആത്മഹത്യകളും, നജീബ് അഹമ്മദിന്റെ തിരോധാനവും ഇന്ത്യൻ കാമ്പസുകളിൽ നിലനിൽക്കുന്ന ബ്രാഹ്‌മണാധിപത്യത്തെ സാക്ഷ്യപ്പെടുത്തുന്ന ഒന്നാണ്.
ഏറ്റവും ഖേദകരമായ വസ്തുത പല ആത്മഹത്യകൾക്ക് പിന്നിലെ യഥാർത്ഥ കാരണങ്ങളെ തുറന്ന് കാട്ടാൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് സാധിക്കുന്നില്ല എന്നതാണ്. ഫാത്തിമ ലത്തീഫിന്റെ കേസിൽ തന്നെ കുട്ടി കൃത്യമായി ആത്മഹത്യക്ക് കാരണമായിട്ടുള്ള അധ്യാപകരുടെ പേര് വിവരങ്ങൾ ഫോണിൽ ടൈപ്പ് ചെയ്ത് വെച്ചിട്ടും, ഫോറെൻസിക്ക് അത് ഫാത്തിമ തന്നെ ടൈപ്പ് ചെയ്തതാണെന്ന് കണ്ടെത്തിയിട്ടും സി ബി ഐ അടക്കം കേസ് അന്വേഷിച്ച എല്ലാ അന്വേഷണ ഏജൻസികളും ഒടുവിലായി സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത് കുട്ടിയുടെ മരണ കാരണം പഠന സമ്മർദ്ദമാണെന്നും, കുട്ടിക്ക് മാനസിക പ്രശ്നങ്ങളുണ്ട് എന്നുമാണ്. എന്നാൽ തുടക്കം തൊട്ട് തന്നെ കുട്ടിയുടെ മാതാപിതാക്കൾ ഫാത്തിമ കാമ്പസിൽ വെച്ച് മുസ്ലിം സ്വത്വത്തിന്റെ പേരിൽ അധ്യാപകരിൽ നിന്നും, വിദ്യാർത്ഥികളിൽ നിന്നും വിവേചനം നേരിട്ടിരുന്നുവെന്നും അത് ഫാത്തിമ മാതാപിതാക്കളോട് പങ്കു വെച്ചിരുന്നു എന്ന് പറഞ്ഞിട്ടും അന്വേഷണം ആ വഴിയിൽ നീങ്ങിയതേയില്ല. കേന്ദ്ര സർവ്വകലാശാലകളിൽ പ്രത്യേകിച്ച് രാജ്യത്തെ ഏറ്റവും ഉയർന്ന ഉന്നത വിദ്യാഭ്യാസ സ്ഥാപനമായ ഐ ഐ ടികളിൽ ഇപ്പോഴും ആത്മഹത്യകൾ തുടർന്ന് കൊണ്ടിരിക്കുകയാണ്.
ഐ ഐ ടികളിലെ ആത്മഹത്യകൾ:
ജനുവരി 20ന് ഖാൻപൂർ ഐ ഐ ടിയിലെ 25 വയസ്സുള്ള ഗവേഷകവിദ്യാർത്ഥി റാംസ്വരൂപ് ഈശ്വരം കാമ്പസ് കെട്ടിടത്തിന്റെ ആറാം നിലയിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു. രാജസ്ഥാൻ സ്വദേശിയായ റാംസ്വരൂപ്പിന്റെ ഭാര്യയും മകളും അദ്ദേഹത്തിന്റെ ഒപ്പം കാമ്പസിൽ തന്നെയാണ് താമസം. മാനസിക വിഭ്രാന്തിയാണ് ആത്മഹത്യ കാരണം എന്നാണ് പ്രാഥമിക റിപ്പോർട്ട്.
ഐ ഐ ടി ഖാൻപൂരിലെ ഹോസ്റ്റൽ മുറിയിൽ ഡിസംബർ 29ന് ജയ് സിംഗ് മീറ എന്ന രാജസ്ഥാനിൽ നിന്നുള്ള മറ്റൊരു വിദ്യാർത്ഥി കൂടി ആത്മഹത്യ ചെയ്തിരുന്നു. 'സോറി എവരിവൺ' എന്ന ആത്മഹത്യ കുറിപ്പ് കണ്ടെത്തിയ അന്വേഷണ ഉദ്യോഗസ്ഥർ മരണ കാരണം അന്വേഷിച്ച് വരികയാണ്.
ഞെട്ടിക്കുന്ന കണക്കുകൾ:
ഗ്ലോബൽ ഐ ഐ ടി അലുമിനി സപ്പോർട്ട് ഗ്രൂപ്പിന്റെ സ്ഥാപകനായിട്ടുള്ള ധീരജ് സിംഗ് വിവരാവകാശ നിയമം വഴി കണ്ടെത്തിയ കണക്കുകൾ ഞെട്ടിക്കുന്നതാണ്.
2021-25 കാലഘട്ടത്തിനിടയിൽ ഇന്ത്യയിലെ ഉന്നത കലാലയങ്ങളിൽ നിന്ന് 67 വിദ്യാർത്ഥികൾ ആത്മഹത്യ ചെയ്തിട്ടുണ്ട്.
15 ഐ ഐ ടികളിൽ നിന്ന് 40 വിദ്യാർത്ഥികൾ കഴിഞ്ഞ രണ്ടര വർഷത്തിനിടയിൽ ആത്മഹത്യ ചെയ്തിട്ടുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതിൽ ഒമ്പതെണ്ണം ഐ ഐ ടി ഖാൻപൂരിലും, എട്ടെണ്ണം ഐ ഐ ടി ഖരക്പൂരിലുമാണ് സംഭവിച്ചിട്ടുള്ളത്.
2023ൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ആത്മഹത്യകളെ കാമ്പസുകളിൽ നിന്ന് നിയന്ത്രിക്കുന്നതിന് വേണ്ടി വിദ്യാലയങ്ങൾക്ക് ആവശ്യമായ മാർഗ്ഗ രേഖ നൽകിയെങ്കിലും, അതിന് ശേഷവും ആത്മഹത്യകൾ കാമ്പസുകളിൽ വർധിക്കുന്ന പ്രവണത തന്നെയാണ് കണ്ട് വരുന്നത്.
അധ്യാപകരുടെ ജാതി മനോഭാവം, ഇസ്‌ലാമോഫോബിയ നിറഞ്ഞ അന്തരീക്ഷം എന്നതിന് പുറമെ പഠന സമ്മർദ്ധവും, വിദ്യാർത്ഥികളുടെ താത്പര്യങ്ങൾ മനസ്സിലാക്കാതെയുള്ള സിലബസ് സംവിധാനങ്ങളും ആത്മഹത്യയുടെ കാരണങ്ങളിൽ ഒന്നായി ചൂണ്ടി കാണിക്കപ്പെടുന്നുണ്ട്. പുറമെ കുട്ടികളുടെ അഭിരുചി തിരിച്ചറിയാതെയുള്ള മാതാപിതാക്കളുടെ നിർബന്ധങ്ങളും വിദ്യാഭ്യാസ ജീവിതത്തിൽ കുട്ടികളിൽ മാനസിക സംഘർഷങ്ങൾ സൃഷ്ടിക്കുന്നതായും പഠനങ്ങൾ പറഞ്ഞു വെക്കുന്നു. തീസിസുകൾ രചിക്കേണ്ടുന്ന വിദ്യാർത്ഥികൾ ആത്മഹത്യ കുറിപ്പെഴുതുന്ന അത്യന്തം നിർഭാഗ്യകരമായ സാമൂഹികാന്തരീക്ഷം രാജ്യത്ത് ഉടലെടുത്തിട്ടും ഉത്തരവാദിത്തപ്പെട്ടവർ ഇത് വരെയും മൗനത്തിലാണ്.
English Summary: The rising number of student suicides in India's premier educational institutions, such as IITs, highlights a deeply concerning trend linked to systemic issues like caste discrimination and Islamophobia. Despite victims like Fathima Latheef specifically naming discriminatory behavior as a cause, investigative agencies often dismiss these cases as results of "academic pressure" or mental health issues. Statistics reveal a shocking reality, with 67 suicides in higher education institutions between 2021 and 2025, underscoring the urgent need to address the hostile social environment and rigid academic structures that continue to claim young lives.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."