മുംബൈയുടെയും ചെന്നൈയുടെയും ലോക റെക്കോർഡ് തകർത്തു; ചരിത്രമെഴുതി സർപ്രൈസ് ടീം
2026 ബിഗ് ബാഷ് കിരീടം സ്വന്തമാക്കിയിരിക്കുകയാണ് പെർത്ത് സ്കോർച്ചേഴ്സ്. പെർത്തിൽ നടന്ന കലാശ പോരാട്ടത്തിൽ സിഡ്നി സിക്സേഴ്സിനെ ആറ് വിക്കറ്റുകൾക്ക് തകർത്താണ് പെർത്ത് ചാമ്പ്യന്മാരായത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത സിഡ്നി 20 ഓവറിൽ 132 റൺസിനാണ് പുറത്തായത്. വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ പെർത്ത് 17.3 ഓവറിൽ ആറ് വിക്കറ്റുകൾ ബാക്കിനിൽക്കെ ലക്ഷ്യം മറികടക്കുകയായിരുന്നു. പെർത്തിന്റെ ആറാം ബിഗ് ബാഷ് കിരീടം ആയിരുന്നു ഇത്.
ഈ കിരീട നേട്ടത്തോടെ ഫ്രാഞ്ചൈസി ടി-20 ലീഗുകളിൽ ഏറ്റവും കൂടുതൽ കിരീടങ്ങൾ സ്വന്തമാക്കുന്ന ടീമായും പെർത്ത് ചരിത്രം സൃഷ്ടിച്ചു. ഐപിഎൽ ടീമുളായ മുംബൈ ഇന്ത്യൻസ്, ചെന്നൈ സൂപ്പർ കിങ്സ് കരീബിയൻ പ്രീമിയർ ലീഗ് ടീമായ ട്രിൻബാഗോ നൈറ്റ് റൈഡേഴ്സ് എന്നീ ടീമുകളെ മറികടന്നു കൊണ്ടാണ് ഓസ്ട്രേലിയൻ ടീമിന്റെ നേട്ടം. ഈ മൂന്ന് ടീമുകളും തങ്ങളുടെ ലീഗിൽ അഞ്ച് കിരീടങ്ങളാണ് നേടിയിട്ടുള്ളത്.
അതേസമയം പാകിസ്താനിലെ സിയാൽകോട്ട് സ്റ്റാലിയൻസ് ഏഴ് കിരീടങ്ങളും ദക്ഷിണാഫ്രിക്കയിലെ ടൈറ്റൻസ് 6 കിരീടങ്ങളും സ്വന്തമാക്കിയിട്ടുണ്ട് എന്നാൽ ഈ രണ്ടു ടീമുകളും ആഭ്യന്തര ടൂർണമെന്റിലാണ് വന്നത്. ഇവർ ഒരു പ്രധാന ഫ്രാഞ്ചൈസി ടി-20 ലീഗിൽ പങ്കെടുത്തിട്ടില്ല.
മത്സരത്തിൽ മിച്ചൽ മാർഷിന്റെയും ഫിൻ അലന്റെയും തകർപ്പൻ ബാറ്റിങ് പ്രകടനമാണ് പെർത്തിനെ വിജയത്തിൽ എത്തിച്ചത്. മിച്ചൽ മാർഷ് 43 പന്തിൽ നാല് ഫോറുകളും രണ്ട് സിക്സുകളും അടക്കം 44 റൺസും ഫിൻ അലൻ 22 പന്തിൽ 36 റൺസുമാണ് നേടിയത്. നാല് ഫോറുകളും ഒരു സിക്സും അടങ്ങുന്നതായിരുന്നു താരത്തിന്റെ പ്രകടനം.
ബൗളിങ്ങിൽ ജൈ റിച്ചാർഡ്സൻ, ഡേവിഡ് പെയ്ൻ എന്നിവർ മൂന്ന് വിക്കറ്റുകൾ വീതവും മഹ്ലി ബേർഡ്മാൻ രണ്ട് വിക്കറ്റും ആരോൺ ഹാർഡിലി ഒരു വിക്കറ്റും സ്വന്തമാക്കി.
Perth Scorchers have won the 2026 Big Bash League title. Perth defeated Sydney Sixers by six wickets in the final match held in Perth. With this title win, Perth also created history by becoming the team to win the most titles in franchise T20 leagues. The Australian team's achievement surpassed IPL teams Mumbai Indians and Chennai Super Kings and Caribbean Premier League team Trinbago Knight Riders.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."