അനധികൃതമായി ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചു; ബിജെപിക്ക് 19.97 ലക്ഷം രൂപ പിഴയിട്ട തിരുവനന്തപുരം കോർപ്പറേഷൻ റവന്യു ഓഫീസർക്ക് സ്ഥലംമാറ്റം
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തിരുവനന്തപുരം സന്ദർശനത്തോടനുബന്ധിച്ച് നഗരത്തിൽ അനധികൃതമായി ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചതിന് ബിജെപിക്ക് പിഴയിട്ട ഉദ്യോഗസ്ഥയ്ക്ക് സ്ഥലംമാറ്റം. തിരുവനന്തപുരം കോർപ്പറേഷൻ റവന്യു ഓഫീസർ ജി. ഷൈനിയെയാണ് റവന്യു വിഭാഗത്തിൽ നിന്നും മാറ്റിയത്.
പൊതുസ്ഥലത്ത് അനുമതിയില്ലാതെ ഫ്ലെക്സ് ബോർഡുകളും കൊടികളും ബാനറുകളും സ്ഥാപിച്ചതിനാണ് 19.97 ലക്ഷം രൂപയുടെ പിഴ ചുമത്തിയത്. അനധികൃതമായി സ്ഥാപിച്ച ബോർഡുകളും മറ്റും നീക്കണമെന്ന് നിർദേശം നൽകിയിട്ടും പാലിക്കാത്തതിനാലാണ് സിറ്റി ജില്ലാ പ്രസിഡന്റിന് ബിജെപി തന്നെ ഭരിക്കുന്ന കോർപറേഷൻ നോട്ടിസ് നൽകിയത്.
പിഴത്തുക രണ്ടു ദിവസത്തിനകം അടയ്ക്കണമെന്ന് കാട്ടിയാണ് മുനിസിപ്പൽ കോർപറേഷൻ റവന്യൂ ഓഫിസർ ഷൈനി നോട്ടിസ് നൽകിയത്. ജനുവരി 23 ആണ് നോട്ടിസ് നൽകിയത്. പിഴത്തുക അടച്ച് തുടർനടപടികൾ ഒഴിവാക്കണമെന്നാണ് നോട്ടിസിൽ പറയുന്നത്. എന്നാൽ സമയം കഴിഞ്ഞിട്ടും പിഴ അടക്കുകയോ നടപടി എടുക്കുകയോ ചെയ്തിട്ടില്ല.
ഹൈക്കോടതിയിൽ അമിക്കസ് ക്യൂറി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരം കോർപറേഷൻ ബിജെപിക്കു നോട്ടിസ് അയച്ചത്. പിഴ നോട്ടിസിന്റെ പകർപ്പ് സഹിതം ഹൈക്കോടതിയിൽ കോർപറേഷൻ റിപ്പോർട്ട് നൽകുകയും ചെയ്തിട്ടുണ്ട്. സംഭവത്തിൽ ബിജെപി സിറ്റി ജില്ലാ പ്രസിഡന്റ് കരമന ജയനെതിരെ കന്റോൺമെന്റ്, തമ്പാനൂർ, മ്യൂസിയം പൊലിസ് സ്റ്റേഷനുകളിലായി മൂന്ന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
വെള്ളിയാഴ്ചയാണ് പ്രധാനമന്ത്രി തിരുവനന്തപുരത്ത് എത്തിയത്. ഇതിന് മുന്നോടിയായി ബുധൻ, വ്യാഴം ദിവസങ്ങളിലായാണു നിരവധി ഫ്ലെക്സ് ബോർഡുകൾ നഗരത്തിൽ ഉടനീളം പ്രത്യക്ഷപ്പെട്ടത്. പ്രധാനമന്ത്രിയുടെയും ബിജെപി നേതാക്കളുടെയും ചിത്രങ്ങൾ ഉൾപ്പെടുന്ന ഫ്ലെക്സ് ബോർഡുകളാണ് സ്ഥാപിച്ചത്. റോഡിന് നടുവിൽ ഡിവൈഡറിലും നടപ്പാതയിലും ഉൾപ്പെടെയാണ് ബാനറുകൾ സ്ഥാപിച്ചത്. ഇതോടെ ജനം പരാതിയുമായി എത്തി. പിന്നാലെ രണ്ട് മണിക്കൂറിനുള്ളിൽ നീക്കണമെന്നാവശ്യപ്പെട്ട് വ്യാഴാഴ്ച വൈകിട്ട് ബിജെപി സിറ്റി ജില്ലാ പ്രസിഡന്റിന് കോർപറേഷൻ കത്ത് നൽകി.
എന്നാൽ നടപ്പാതയ്ക്കു കുറുകെ സ്ഥാപിച്ച ബോർഡുകൾ പരാതിക്ക് പിന്നാലെ മാറ്റിയതൊഴിച്ചാൽ കാര്യമായ ഇടപെടൽ പാർട്ടിയുടെ ഭാഗത്ത് നിന്നുണ്ടായില്ല. പിന്നാലെ, പ്രധാനമന്ത്രി സഞ്ചരിച്ച വിമാനത്താവളം മുതൽ പുത്തരിക്കണ്ടം വരെയുള്ള റോഡിൽ സ്ഥാപിച്ച ബോർഡുകളുടെയും മറ്റും കണക്ക് എടുക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ഇതിന്റെ അടിസ്ഥാനത്തിലാണ് കോർപറേഷൻ സെക്രട്ടറി 20 ലക്ഷം രൂപ പിഴ അടക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടിസ് നൽകിയത്.
കർശനമായ നിയമനടപടികൾ സ്വീകരിച്ചതിന് തൊട്ടുപിന്നാലെയാണ് ഉദ്യോഗസ്ഥയെ സുപ്രധാന വകുപ്പിൽ നിന്നും മാറ്റിയിരിക്കുന്നത് എന്നത് ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. നഗരസഭയുടെ അനുമതിയില്ലാതെയും മാനദണ്ഡങ്ങൾ ലംഘിച്ചും ബോർഡുകൾ സ്ഥാപിച്ചതിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് ഉദ്യോഗസ്ഥ സ്വീകരിച്ചിരുന്നത്. എന്നാൽ ഈ നടപടിയാണോ സ്ഥലംമാറ്റത്തിലേക്ക് നയിച്ചതെന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണങ്ങൾ ലഭ്യമല്ല.
A Thiruvananthapuram Corporation Revenue Officer, G. Shiny, was transferred shortly after imposing a ₹20 lakh fine on the BJP for installing unauthorized flex boards and banners. The action was taken in connection with Prime Minister Narendra Modi's visit to the city, following High Court directives against illegal hoardings that obstruct public spaces.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."