പേരും നാടും ചോദിച്ചറിഞ്ഞ് മർദനം; ഉത്തരാഖണ്ഡിൽ കാശ്മീരി ഷാൾ വില്പനക്കാരന് നേരെ ആൾക്കൂട്ട ആക്രമണം
ഡെറാഡൂൺ: കശ്മീർ സ്വദേശിയായ പതിനെട്ടുകാരന് നേരെ ഉത്തരാഖണ്ഡിൽ ആൾക്കൂട്ടത്തിന്റെ ക്രൂരമായ ആക്രമണം. ഉത്തരാഖണ്ഡിലെ വികാസ് നഗറിൽ കശ്മീരി ഷോളുകൾ വില്പന നടത്തുകയായിരുന്ന തബീഷ് അഹമ്മദ് എന്ന യുവാവിനാണ് ആൾക്കൂട്ടത്തിന്റെ മർദനമേറ്റത്. ആക്രമണത്തിൽ യുവാവിന്റെ കൈ ഒടിയുകയും തലയ്ക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു. ഇന്നലെ വൈകിട്ടാണ് സംഭവം.
തബീഷ് അഹമ്മദും ബന്ധുവും പ്രദേശത്ത് സ്ഥിരമായി കച്ചവടം നടത്തുന്നവരാണ്. ചായ കുടിക്കാനായി സമീപത്തെ കടയിൽ എത്തിയപ്പോൾ ഇവിടെ വെച്ച് കടക്കാരനും കണ്ടുനിന്ന ചിലരും ചേർന്ന് ഇവരുടെ പേരും സ്വദേശവും തിരക്കി. കശ്മീരിൽ നിന്നുള്ള മുസ്‌ലിമാണെന്ന് മറുപടി നൽകിയതോടെ ഒരു സംഘം അക്രമാസക്തരാവുകയും ഇരുമ്പ് വടികൾ ഉപയോഗിച്ച് ക്രൂരമായി മർദിക്കുകയുമായിരുന്നു. മർദനത്തിൽ തബീഷിന്റെ തലയ്ക്ക് സാരമായി പരുക്കേറ്റു. 11 തുന്നലുകളുണ്ട്. ആക്രമണത്തിൽ കൈ ഒടിയുകയും ചെയ്തു. പ്രാഥമിക ചികിത്സയ്ക്ക് ശേഷവും നില ഗുരുതരമായതിനെ തുടർന്ന് തബീഷിനെ ഡെറാഡൂണിലെ ഡൂൺ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഇത്തരം വർഗീയ അതിക്രമങ്ങൾ പതിവാകുകയാണ്. ഉത്തരാഖണ്ഡിൽ കശ്മീരി യുവാക്കൾ സുരക്ഷിതരല്ല എന്ന് കോൺഗ്രസ് നേതൃത്വം ആരോപിച്ചു.
സംഭവത്തിൽ ജമ്മു കശ്മീർ സ്റ്റുഡന്റ്സ് അസോസിയേഷൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഉത്തരാഖണ്ഡിൽ കശ്മീരി യുവാക്കൾ തുടർച്ചയായി ആക്രമിക്കപ്പെടുകയാണെന്നും വിഷയത്തിൽ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്നും സംഘടന ആവശ്യപ്പെട്ടു. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സംഘടന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും കത്തയച്ചിട്ടുണ്ട്.
Kashmiri youth brutally attacked by mob in Uttarakhand. An 18-year-old Kashmiri youth named Tabish Ahmed was brutally assaulted by a mob in Vikas Nagar, Uttarakhand, while selling shawls.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."