മാളിക്കടവ് കൊലപാതകം: പ്രതി വൈശാഖൻ അഞ്ച് ദിവസത്തെ പൊലിസ് കസ്റ്റഡിയിൽ
കോഴിക്കോട്: മാളിക്കടവിൽ 26 വയസ്സുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പ്രതി വൈശാഖനെ അഞ്ച് ദിവസത്തേക്ക് പൊലിസ് കസ്റ്റഡിയിൽ വിട്ടു. കൊയിലാണ്ടി ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് കസ്റ്റഡി അപേക്ഷ അനുവദിച്ചത്. കൊലപാതകം, ബലാത്സംഗം, പോക്‌സോ ഉൾപ്പെടെയുള്ള ഗുരുതര വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.
ആസൂത്രിതമായ കൊലപാതകം
പത്ത് വർഷത്തോളമായി യുവതിയുമായി പ്രണയത്തിലായിരുന്ന വൈശാഖൻ, ഈ ബന്ധം തന്റെ ഭാര്യ അറിയുമെന്ന ഭയത്താലാണ് കൊലപാതകം ആസൂത്രണം ചെയ്തത്. "ഒന്നിച്ച് ജീവിക്കാൻ കഴിഞ്ഞില്ലെങ്കിൽ നമുക്ക് മരിക്കാം" എന്ന് വിശ്വസിപ്പിച്ച് യുവതിയെ സ്വന്തം സ്ഥാപനത്തിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു.
തുടക്കത്തിൽ ഇതൊരു ആത്മഹത്യയാണെന്ന് വരുത്തിത്തീർക്കാൻ പ്രതി ശ്രമിച്ചു. ഇരുവരും ചേർന്ന് ജ്യൂസിൽ ഉറക്കഗുളിക കലർത്തി കഴിച്ചെന്നും, താൻ മയങ്ങിപ്പോയ സമയത്ത് യുവതി ആത്മഹത്യ ചെയ്തെന്നുമാണ് പ്രതി ആദ്യം മൊഴി നൽകിയത്.
പൊലിസിന്റെ സംശയവും സിസിടിവി ദൃശ്യങ്ങളും
പ്രതിയുടെ മൊഴിയിലെ വൈരുദ്ധ്യമാണ് കേസിൽ നിർണ്ണായകമായത്. ഉറക്കഗുളിക കഴിച്ച് മയങ്ങിയെന്ന് അവകാശപ്പെട്ട പ്രതി, അതേ അവസ്ഥയിൽ എങ്ങനെ നഗരത്തിലെ ആശുപത്രി വരെ വാഹനം ഓടിച്ചു എന്നതിൽ പൊലിസിന് സംശയം തോന്നി.
തുടർന്ന് നടത്തിയ ശാസ്ത്രീയ പരിശോധനയിൽ വൈശാഖന്റെ സ്ഥാപനത്തിലെ സിസിടിവി ദൃശ്യങ്ങൾ പൊലിസിന് ലഭിച്ചു. ഈ ദൃശ്യങ്ങളിൽ പ്രതി യുവതിയെ മർദിക്കുന്നതും, കഴുത്തിൽ കുരുക്കിട്ട ശേഷം യുവതി നിന്നിരുന്ന സ്റ്റൂൾ ചവിട്ടിത്തെറിപ്പിക്കുന്നതും വ്യക്തമാണ്. കൊലപാതകത്തിന് ശേഷവും പ്രതി യുവതിയെ ക്രൂരമായ ലൈംഗിക വൈകൃതങ്ങൾക്ക് ഇരയാക്കിയതായും ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായിട്ടുണ്ട്.
ഡയറിക്കുറിപ്പും പോക്‌സോ കേസും
പ്രതിയുടെ വർക്ക് ഷോപ്പിൽ നടത്തിയ പരിശോധനയിൽ കൊല്ലപ്പെട്ട യുവതിയുടെ ബാഗ് പൊലിസ് കണ്ടെടുത്തു. ബാഗിലുണ്ടായിരുന്ന ഡയറിയിൽ താൻ അനുഭവിച്ച പീഡനങ്ങളെക്കുറിച്ച് യുവതി കൃത്യമായി എഴുതിവെച്ചിരുന്നു. 16 വയസ്സു മുതൽ താൻ ഇയാളുടെ പീഡനത്തിനിരയാകുന്നുണ്ടെന്ന് ഡയറിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ തെളിവിന്റെ അടിസ്ഥാനത്തിൽ പ്രതിക്കെതിരെ നിലവിൽ പോക്‌സോ നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."