രണ്ട് മാസമായി ശമ്പളം ലഭിക്കുന്നില്ല; ആശുപത്രിയിൽ ഭർത്താവുമൊത്ത് നഴ്‌സിന്റെ കുത്തിയിരിപ്പ് സമരം; ഒടുവിൽ മുട്ടുമടക്കി അധികൃതർ
നെടുമങ്ങാട്: നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ശമ്പളം മുടങ്ങിയതിനെത്തുടർന്ന് പാലിയേറ്റീവ് കെയർ നഴ്‌സിന്റെ പ്രതിഷേധം. കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന രജിതാ രാജാണ് ഭർത്താവുമൊത്ത് ആശുപത്രി വരാന്തയിൽ കുത്തിയിരിപ്പ് സമരം നടത്തിയത്. കഴിഞ്ഞ രണ്ട് മാസമായി ഇവർക്ക് ശമ്പളം ലഭിച്ചിരുന്നില്ല. അഞ്ച് മാസം മുൻപാണ് രജിത ജോലിയിൽ പ്രവേശിച്ചത്. എന്നാൽ കൃത്യമായി ശമ്പളം ഇതുവരെയും ലഭിച്ചിരുന്നില്ല.
നെടുമങ്ങാട് നഗരസഭയാണ് ശമ്പളം നൽകേണ്ടത്. നഗരസഭ ഫണ്ട് അനുവദിക്കാത്ത സാഹചര്യത്തിൽ ഹോസ്പിറ്റൽ മാനേജ്‌മെന്റ് കമ്മിറ്റിക്ക് (HMC) തുക അനുവദിക്കാമെങ്കിലും ആരും നടപടിയെടുത്തില്ലെന്നും യുവതി പറഞ്ഞു. തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ കാരണമാണ് ശമ്പളം വൈകുന്നതെന്നാണ് ആശുപത്രി അധികൃതർ നൽകിയ വിശദീകരണം.
ശമ്പളം ലഭിക്കാത്തതിനെത്തുടർന്ന് പത്ത് ദിവസം മുൻപ് ജോലിയിൽ നിന്ന് വിട്ടുനിൽക്കുന്നതായി കാണിച്ച് രജിത അധികൃതർക്ക് കത്ത് നൽകിയിരുന്നു. തുടർന്നും നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് ഇന്ന് പ്രതിഷേധവുമായി രംഗത്തെത്തിയത്.
ഒടുവിൽ, നാളെത്തന്നെ കുടിശ്ശിക തീർത്തു ശമ്പളം നൽകാമെന്ന് അധികൃതർ ഉറപ്പുനൽകിയതോടെയാണ് യുവതി സമരം അവസാനിപ്പിച്ചത്. വരും ദിവസങ്ങളിലും ശമ്പളം മുടങ്ങിയാൽ ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകാനാണ് ഇവരുടെ തീരുമാനം.
A palliative care nurse, Rajitha Raj, staged a sit-in protest along with her husband at the Nedumangad District Hospital after being denied her salary for two months. Despite working for five months under a contract with the Nedumangad Municipality, Rajitha faced recurring delays in payments
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."