കേന്ദ്ര ബജറ്റ്; കേരളത്തിലെ ജനങ്ങളെ വേണ്ട ധാതുസമ്പത്ത് വേണം; ധാതുസമ്പത്ത് ഇടനാഴിക്ക് പിന്നിൽ കോർപറേറ്റ് താൽപര്യം?
കൊച്ചി: കേന്ദ്ര സർക്കാർ ബജറ്റിൽ ഇടം പിടിച്ച അപൂർവ ധാതു ഇടനാഴി പദ്ധതിയിൽ കേരളത്തെ ഉൾപ്പെടുത്തിയത് ഖനന മേഖലയിലെ കോർപറേറ്റുകൾക്ക് വേണ്ടിയാണോയെന്ന ആശങ്ക ശക്തം. കേരളം തമിഴ്നാട്, ആന്ധ്രാ പ്രദേശ് , ഒഡിഷ എന്നീ നാല് സംസ്ഥാനങ്ങളെ ബന്ധിപ്പിച്ചുള്ള ധാതു സമ്പത്ത് പദ്ധതിയിലൂടെ അപൂർവ ധാതു സമ്പത്തിൻ്റെ ഖനനവും സംസ്കരണവും മൂല്യവർധിത ഉൽപ്പന്ന ഉൽപ്പാദനവുമാണ് ലക്ഷ്യംവയ്ക്കുന്നത്.
ഇതിനായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിരിക്കുന്ന പദ്ധതിയുടെ വിശദാംശങ്ങൾ കേന്ദ്ര ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ പറയുന്നില്ല.കേരളത്തിൻ്റെ കരിമണൽ, കടൽ മണൽ സമ്പത്ത് ലക്ഷ്യമാക്കി ഇതിന് മുമ്പ് നടത്തിയ നീക്കങ്ങളെ കേരളത്തിലെ രാഷ്ട്രീയ കക്ഷികളും മത്സ്യതൊഴിലാളികളും ശക്തമായി എതിർത്തിട്ടുണ്ട്.
ലോകത്തിലെ പ്രാധാന്യമുള്ള വൻ ധാതുനിക്ഷേപങ്ങളിൽ ഒന്നാണ് കേരളത്തിൽ നീണ്ടകര മുതൽ തോട്ടപ്പള്ളി വരെയുള്ള തീരദേശമേഖലയിൽ ഉള്ളത്. മൊത്തം കരിമണൽ നിക്ഷേപത്തിന്റെ അളവിനുപരി ഇതിലടങ്ങിയിട്ടുള്ള ഘടകധാതുക്കളുടെ ഗുണനിലവാരവും ഈ നിക്ഷേപത്തിന് ആഗോളവിപണിയിൽ ഏറെ പ്രിയം ലഭിക്കുവാൻ കാരണമായിട്ടുണ്ട്.
കേരളത്തിൽ കരിമണൽ സമ്പുഷ്ടമായ തീരം കോവളം, വർക്കല, പൊന്നാനി തുടങ്ങിയവയും ഉണ്ടെങ്കിലും നീണ്ടകര മുതൽ കായംകുളം പൊഴി വരെയുള്ള 22 കിലോമീറ്റർ ഭാഗത്താണ് ഇപ്പോൾ ഭാഗികമായി ഖനനം നടക്കുന്നത്. കായംകുളത്തുനിന്ന് തോട്ടപ്പള്ളി വരെയുള്ള 20 കി.മീ. ദൂരം പൂർണമായും സർവേ ചെയ്യപ്പെട്ടിട്ടുള്ളതും ഭാവിയിൽ ഖനനസാധ്യതയുള്ളതുമായ പ്രദേശമാണ്. പ്രധാനമായും അഞ്ചുതരം അസംസ്കൃത ധാതു ഉൽപന്നങ്ങളാണ് കേരളത്തിലെ നിക്ഷേപങ്ങളിൽനിന്നു ലഭിക്കുന്നത്.
അന്തർവാഹിനി, വിമാനം, മിസൈൽ, ഉപഗ്രഹപേടകങ്ങൾ എന്നിവയുടെ നിർമാണത്തിന് അവശ്യമായ ടൈറ്റാനിയം ലോഹവും ലോഹസങ്കരങ്ങളും കേരള മണ്ണിൽ ഉണ്ട്. കേരളത്തിലെ ധാതു സമ്പത്ത് കോർപറേറ്റുകൾക്ക് നൽകാനുള്ള ശ്രമമാണ് കേന്ദ്ര സർക്കാർ ചെയ്യുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു.
ധാതു സമ്പത്ത് ഇടനാഴി സ്വാഗതാർഹമാണെന്നും എന്നാൽ അത് കേന്ദ്ര - സംസ്ഥാന പൊതുമേഖലയിൽ വേണമെന്നുമാണ് എം.കെ. പ്രേമചന്ദ്രൻ എം.പി പറയുന്നത്. സ്വകാര്യ മേഖലയ്ക്ക് സഹായകമായിട്ടുള്ള പദ്ധതിയാണെങ്കിൽ എതിർക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.ധാതു ഇടനാഴി സ്വകാര്യ മേഖലയ്ക്ക് കേരള തീരവും കടലും നൽകാനുള്ള നീക്കമായിട്ടാണ് എ.ഐ.ടി.യു സി സംസ്ഥാന പ്രസിഡൻ്റ് ടി.ജെ ആഞ്ചലോസ് ചൂണ്ടിക്കാട്ടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."