അനധികൃത ഭൂമി ഇടപാടും കൈയേറ്റവും നടന്നതായി ആക്ഷേപം ബിരിക്കുളത്ത് പതിച്ചു നല്‍കിയ
ഭൂരേഖകളില്‍ സര്‍വത്ര ആശയക്കുഴപ്പം
അനൂപ് പെരിയല്‍
നീലേശ്വരം: ബിരിക്കുളത്തും പരിസര പ്രദേശങ്ങളിലും പതിച്ചു നല്‍കിയ ഭൂമിയുടെ രേഖകളില്‍ ആശയക്കുഴപ്പം വ്യാപകം. ഒരേ ഭൂമി തന്നെ പലര്‍ക്കായി പതിച്ചുനല്‍കിയ സ്ഥിതിയാണുള്ളത്. ഇത്തരത്തില്‍ ഭൂമി ലഭിച്ചവര്‍ അവിടെ ഒന്നും തന്നെ ചെയ്യാനാകാതെ വിഷമിക്കുകയാണ്. പരപ്പ വില്ലേജിലെ സര്‍വേ നമ്പര്‍ 155 ല്‍ പെടുന്ന പ്രദേശത്തു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു വ്യക്തിക്കു പതിച്ചു നല്‍കിയ സ്ഥലം വില്ലേജ് അധികൃതര്‍ മറ്റൊരു വ്യക്തിക്കു കൂടി പതിച്ചു നല്‍കിയിട്ടുണ്ട്. അദ്ദേഹം ആ സ്ഥലത്ത് വീടുപണി ആരംഭിച്ചപ്പോഴാണ് മുന്‍ ഉടമ അവകാശവാദവുമായി രംഗത്തെത്തിയത്. അതോടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്‌ക്കേണ്ടി വന്നു. വര്‍ഷങ്ങളായി നികുതി അടക്കുന്ന സ്ഥലം രേഖകള്‍ പ്രകാരം മറ്റുപലരുടെയും പേരിലായ സംഭവങ്ങളുമുണ്ട്.
പത്തു വര്‍ഷത്തിനിടയില്‍ ബിരിക്കുളത്തും പരിസരങ്ങളിലും വ്യാപകമായി അനധികൃത ഭൂമി ഇടപാടുകള്‍ നടന്നതായി ആക്ഷേപമുണ്ട്. ഇതിനു അതാതു കാലത്തെ ഭരണകൂടത്തിന്റെ സഹായം ലഭിച്ചതായും പരാതിയുണ്ട്. നിജസ്ഥിതി പുറത്തുകൊണ്ടു വരണമെന്ന ആവശ്യം ശക്തമാണ്. ഇതിനായി മുന്‍കാലങ്ങളില്‍ പ്രദേശത്തു നടത്തിയ ഭൂമിയിടപാടുകള്‍ അന്വേഷിക്കണമെന്നാണ് നാട്ടുകാര്‍ പറയുന്നത്.
ഇതേ പ്രദേശങ്ങളില്‍ സ്വാധീനമുപയോഗിച്ച് വ്യാപകമായി ഭൂമി കൈയേറ്റം നടന്നതായും ആക്ഷേപമുണ്ട്. ജവാന്മാര്‍ക്കു പതിച്ചു നല്‍കാനായി നീക്കി വച്ച ഭൂമി പോലും ഇത്തരത്തില്‍ കൈയേറിയിട്ടുണ്ട്. പിന്നീട് രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് ഇത്തരം ഭൂമികള്‍ക്കു രേഖ സമ്പാദിക്കുകയായിരുന്നത്രേ. ഭൂമി കൈയേറ്റം കണ്ടെത്തുന്നതിനായി പ്രദേശത്തെ സര്‍ക്കാര്‍ ഭൂമി അളന്നു തിട്ടപ്പെടുത്തണമെന്നും കൈയേറിയ ഭൂമി ഒഴിപ്പിക്കണമെന്നുമുള്ള ആവശ്യവും ശക്തമാണ്.
ബിരിക്കുളം കരിയാര്‍പ്പ് റോഡുള്‍പ്പെടെ പതിച്ചു നല്‍കിയ സംഭവത്തോടെയാണ് ഇത്തരം ഇടപാടുകള്‍ പുറത്തുവന്നത്. സുപ്രഭാതം വാര്‍ത്തയെത്തുടര്‍ന്നു പിന്നീട് ഈ റോഡ് പതിച്ചുനല്‍കരുതെന്ന് എഡി.എം വില്ലേജ് ഓഫിസര്‍ക്കു നിര്‍ദേശം നല്‍കുകയായിരുന്നു. നിലവിലുള്ള പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണാനായി റവന്യൂ മന്ത്രി, ആര്‍.ഡി.ഒ, താലൂക്ക് അധികൃതര്‍ തുടങ്ങിയവരുടെ ഇടപെടല്‍ ആവശ്യമാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി അധികൃതര്‍ക്കു നിവേദനം നല്‍കാനൊരുങ്ങുകയാണു നാട്ടുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."