ടി-20 ലോകകപ്പിൽ ഹാട്രിക് ജയം; പാകിസ്ഥാനെ തകർത്ത് സൂപ്പർ 8ലേക്ക് കുതിച്ച് ഇന്ത്യ
കൊളംബോ: ടി-20 ലോകകപ്പിലെ ആവേശ പോരാട്ടത്തിൽ പാകിസ്ഥാനെ 61 റൺസിന് തകർത്ത് ഇന്ത്യ. ടൂർണമെന്റിലെ ഇന്ത്യയുടെ ഹാട്രിക് വിജയമാണിത്. ഈ തകർപ്പൻ വിജയത്തോടെ ഇന്ത്യ സൂപ്പർ 8ലേക്ക് മുന്നേറുകയും ചെയ്തു. കൊളംബോയിലെ ആർ പ്രേമദാസ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 175 റൺസ് ആണ് നേടിയത്. വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ പാകിസ്ഥാൻ 18 ഓവറിൽ 114 റൺസിന് പുറത്തായി.
ഇന്ത്യൻ ബൗളിങ്ങിൽ ജസ്പ്രീത് ബുംറ, ഹർദിക് പാണ്ഡ്യ, അക്‌സർ പട്ടേൽ, വരുൺ ചക്രവർത്തി എന്നിവർ രണ്ട് വീതം വിക്കറ്റുകളും കുൽദീപ് യാദവ്, തിലക് വർമ്മ എന്നിവർ ഓരോ വിക്കറ്റും സ്വന്തമാക്കിയപ്പോൾ പാകിസ്ഥാന്റെ ബാറ്റിംഗ് തകരുകയായിരുന്നു.
34 പന്തിൽ 44 റൺസ് നേടിയ വിക്കറ്റ് ഉസ്മാൻ ഖാൻ ആണ് പാകിസ്ഥാൻ നിരയിലെ ടോപ് സ്കോറർ. ആറ് ഫോറുകളും ഒരു സിക്സുമാണ് താരം അടിച്ചെടുത്തത്. ഷഹീൻ അഫ്രീദി 19 പന്തിൽ 23 റൺസ് നേടി മികച്ച ചെറുത്തുനിൽപ്പ് നടത്തി. ബാക്കിയുള്ള താരങ്ങൾക്കൊന്നും 20 റൺസിന് മുകളിൽ സ്കോർ ചെയ്യാൻ സാധിച്ചില്ല.
അതേസമയം ഇഷാൻ കിഷനാണ് ഇന്ത്യൻ നിരയിലെ ടോപ് സ്‌കോറർ. 40 പന്തിൽ 77 റൺസാണ് ഇഷാന്റെ ബാറ്റിൽ നിന്നും പിറന്നത്. 10 ഫോറുകളും മൂന്ന് സിക്സുകളും അടങ്ങുന്നതാണ് താരത്തിന്റെ പ്രകടനം. ക്യാപ്റ്റൻ സൂര്യകുമാർ യാദവ് 29 പന്തിൽ 32 റൺസും നേടി. ശിവം ദുബെ 27 റൺസും തിലക് വർമ്മ 25 റൺസും നേടി.
പാകിസ്ഥാന് വേണ്ടി സെയിം അയൂബ് മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. സൽമാൻ അലി, ഷഹീൻ അഫ്രീദി, ഉസ്മാൻ എന്നിവർ ഓരോ വിക്കറ്റും നേടി.
ഫെബ്രുവരി 18ന് നടക്കുന്ന അടുത്ത മത്സരത്തിൽ നെതർലാൻഡ്സ് ആണ് ഇന്ത്യയുടെ എതിരാളികൾ. അന്നേദിവസം തന്നെ നടക്കുന്ന മത്സരത്തിൽ പാകിസ്ഥാൻ നമീബിയയെ നേരിടും.
India defeated Pakistan by 61 runs in a thrilling match in the T20 World Cup. This was India's hat-trick victory in the tournament. With this stunning victory, India also advanced to the Super Eights. Batting first, India scored 175 runs for the loss of seven wickets in 20 overs in the match played at the R Premadasa Stadium in Colombo. Chasing the target, Pakistan were bowled out for 114 runs in 18 overs.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."