പ്രേംകുമാറിനെ അനുനയിപ്പിക്കാൻ സി.പി.ഐ.എം; വീട്ടിലെത്തി കടകംപള്ളി; കോൺഗ്രസ് പ്രവേശനം ഉടൻ?
തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി മുൻ ചെയർമാനും നടനുമായ പ്രേംകുമാർ ഇടതുപക്ഷം വിട്ട് കോൺഗ്രസിലേക്ക് ചേക്കേറുന്നു എന്ന വാർത്തകൾക്കിടെ അനുനയ നീക്കവുമായി സി.പി.ഐ.എം. പ്രേംകുമാറിനെ നേരിൽ കാണുന്നതിനായി മുതിർന്ന നേതാവും എം.എൽ.എയുമായ കടകംപള്ളി സുരേന്ദ്രൻ അദ്ദേഹത്തിന്റെ വസതിയിലെത്തി. എന്നാൽ പ്രേംകുമാർ വീട്ടിലില്ലാതിരുന്നതിനാൽ കൂടിക്കാഴ്ച നടത്താനായില്ല.
ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തുനിന്ന് തന്നെ നീക്കിയ രീതിയിൽ പരസ്യമായ അതൃപ്തി പ്രകടിപ്പിച്ച പ്രേംകുമാർ കോൺഗ്രസ് നേതാക്കളുമായി ചർച്ച നടത്തിയതായാണ് വിവരം. കെ.സി വേണുഗോപാൽ അടക്കമുള്ള നേതാക്കൾ അദ്ദേഹവുമായി ഫോണിൽ സംസാരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സ്ഥിതിഗതികൾ തണുപ്പിക്കാൻ പാർട്ടി കടകംപള്ളി സുരേന്ദ്രനെ ചുമതലപ്പെടുത്തിയത്.
പ്രേംകുമാർ വീട്ടിലെത്തുന്ന പക്ഷം വീണ്ടും വന്ന് സംസാരിക്കുമെന്ന് കടകംപള്ളി സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു. കാലങ്ങളായി ഇടതുപക്ഷത്തോട് ചേർന്ന് നിൽക്കുന്ന വ്യക്തിയാണ് പ്രേംകുമാർ. അദ്ദേഹത്തിന് നിലവിൽ ചില പ്രയാസങ്ങളുണ്ടെന്നാണ് മനസ്സിലാക്കുന്നത്. അക്കാര്യങ്ങൾ സംസാരിച്ച് പരിഹരിക്കും എന്ന് കടകംപള്ളി വ്യക്തമാക്കി. ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് ഒരു വാക്കുപോലും പറയാതെയാണ് തന്നെ നീക്കിയതെന്ന് പ്രേംകുമാർ ഫേസ്ബുക്കിലൂടെ കുറ്റപ്പെടുത്തിയിരുന്നു.
തുടർഭരണം വേണ്ടെന്ന് പറഞ്ഞ് സർക്കാരിനെ വിമർശിച്ച കവി സച്ചിദാനന്ദനെ സാഹിത്യ അക്കാദമി അധ്യക്ഷ സ്ഥാനത്ത് നിലനിർത്തുകയും, തന്നെ നീക്കുകയും ചെയ്തത് 'ഇരട്ട നീതി'യാണെന്ന് അദ്ദേഹം ആരോപിച്ചു. ഐ.എഫ്.എഫ്.കെ അടക്കമുള്ള നിർണ്ണായക ഒരുക്കങ്ങൾക്കിടയിൽ യാത്ര പറയാൻ പോലും അനുവദിക്കാതെയായിരുന്നു മാറ്റമെന്നും അദ്ദേഹം പരിഹസിച്ചു.
എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ നാളെ പ്രേംകുമാറിനെ നേരിൽ കാണുമെന്നാണ് റിപ്പോർട്ട്. തന്റെ കുടുംബത്തിന് കോൺഗ്രസ് പശ്ചാത്തലമുണ്ടെന്നും ഒരിക്കലും സി.പി.ഐ.എം അംഗത്വം എടുത്തിട്ടില്ലെന്നും പ്രേംകുമാർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. നിലവിലെ സാഹചര്യത്തിൽ പ്രേംകുമാറിന്റെ രാഷ്ട്രീയ മാറ്റം ഇടതുമുന്നണിക്ക് സാംസ്കാരിക മേഖലയിൽ വലിയ തിരിച്ചടിയായേക്കും.
The CPI(M) has launched a damage-control mission to prevent actor and former Chalachitra Academy Chairman Premkumar from joining the Congress. On Sunday night, senior leader Kadakampally Surendran MLA visited Premkumar's residence in Thiruvananthapuram for a "pacification talk," though the actor was not home at the time.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."