പൊതുജന സേവനത്തില്‍ മാതൃകയായി ലൈബ്രേറിയന്‍ പി.എസ്.എസി പരിശീലനത്തില്‍ ജോലി ലഭിച്ചത് 41 പേര്‍ക്ക്
പാപ്പിനിശ്ശേരി : പി.എസ്.സി പരീക്ഷകള്‍ക്ക് സൗജന്യ പരിശീലനം നല്‍കി ഉദ്യോഗാര്‍ഥികളെ ജോലി നേടാന്‍ പ്രാപ്തരാക്കുന്ന ഒരു സര്‍ക്കാര്‍ ജോലിക്കാരനുണ്ട് വളപട്ടണത്ത്. വളപട്ടണം പഞ്ചായത്ത് സീനിയര്‍ ഗ്രേഡ് ലൈബ്രേറിയനായി ജോലി ചെയ്തു വരുന്ന കാസര്‍കോട് ചിറ്റാരിക്കല്‍ സ്വദേശി ബിനോയ് മാത്യുവാണ് പൊതുജന സേവനത്തിനായി തന്റെ ഒഴിവുവേളകള്‍ പ്രയോജനപ്പെടുത്തുന്നത്.
പഞ്ചായത്തിലെ ജോലി കഴിഞ്ഞ് അവധി ലഭിക്കുന്ന ഞായറാഴ്ചകളാണ് അദ്ധ്യാപനത്തിനായി ഇദ്ദേഹം മാറ്റിവെക്കുന്നത്. വളപട്ടണം ഗ്രാമപഞ്ചായത്തിന്റെ സഹായത്തോടെ 2007 മുതലാണ് സൗജന്യ പി.എസ്.എസി പരീക്ഷാ പരിശീലനത്തിന് ബിനോയ് മാത്യു തുടക്കമിട്ടത്.
പൂര്‍ണമായും സൗജന്യ
മായി നടത്തുന്ന ക്ലാസില്‍ ആദ്യഘട്ടത്തില്‍ 33 പേര്‍ രജിസ്ട്രര്‍ ചെയ്യുകയും പിന്നീടുള്ള വര്‍ഷങ്ങളില്‍ നൂറിലധികം പേര്‍ ചേരുകയും ചെയ്തു. അന്നത്തെ പ്രസിഡന്റായിരുന്ന ഹബീബ് തങ്ങള്‍ ആയിരുന്നു പഞ്ചായത്തിന്റെ കെട്ടിടത്തില്‍തന്നെ ക്ലാസെടുക്കുന്നതിനുള്ള സൗകര്യങ്ങള്‍ ചെയ്ത് കൊടുത്തത്. ക്ലാസെടുക്കുന്നതിന് ബിനോയ് മാത്യുവിനൊപ്പം ഭാര്യ ലിഷയും സഹായിക്കുന്നുണ്ട്. കൂടാതെ പഞ്ചായത്ത് ജീവനക്കാരും ജോലി നേടിയ പഴയ ഉദ്യോഗാര്‍ഥികളും ക്ലാസെടുക്കാനെത്തുന്നു. ഒമ്പത് വര്‍ഷമായി എല്ലാ ഞായറാഴ്ചകളിലും തുടര്‍ന്ന് വരുന്ന ക്ലാസ്സുകളില്‍ നിന്ന് മല്‍സര പരീക്ഷകളെഴുതിയ 41 പേര്‍ക്ക് ജോലി ലഭിച്ചുവെന്നത് അഭിമാനാര്‍മായ നേട്ടമാണെന്ന് ബിനോയ് മാത്യു പറയുന്നു. പൊലിസ്, ഫയര്‍ ഫോഴ്‌സ്, റെയില്‍വേ, കെ.എസ്.എഫ്.ഇ, സെക്രട്ടറിയേറ്റ് അസിസ്റ്റന്റ്, എല്‍.ഡി ക്ലാര്‍ക്ക്, ഫോറസ്റ്റ് എന്നിങ്ങനെ വിവിധ സര്‍ക്കാര്‍ വകുപ്പുകളിലാണ് ബിനോയ് മാത്യുവിന്റെ ശിഷ്യന്മാര്‍ ജോലിചെയ്യുന്നത്. 2004 ല്‍ ജോലിയില്‍ പ്രവേശിച്ച ബിനോയ് മാത്യു തന്റെ വിശ്രമമില്ലാത്ത പരിശ്രമത്തിലൂടെ വളപട്ടണം പഞ്ചായത്ത് ലൈബ്രറിയിലേക്ക് പതിനായിരത്തോളം പുസ്തകങ്ങള്‍ ശേഖരിച്ചു. കൂടാതെ കേരളത്തിലെ 73 പഞ്ചായത്ത് ലൈബ്രറികളില്‍ കേരള സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ എ ഗ്രേഡ് ലൈബ്രറിയായി അംഗീകരിച്ചിട്ടുള്ള ഒന്നാണ് വളപട്ടണം ഗ്രാമ പഞ്ചായത്ത് ലൈബ്രറി. കൂടാതെ പൊതുലൈബ്രറി, റഫറന്‍സ് ലൈബ്രറി, കുട്ടികളുടെ ലൈബ്രറി, ക്ലാസ് റൂം തിയേറ്റര്‍, സി.ഡി ലൈബ്രറി തുടങ്ങിയവയും സ്ഥാപിച്ചു . വിദ്യാര്‍ഥികള്‍ക്കും സാഹിത്യകാരന്‍മാര്‍ക്കും വേണ്ടി പഠനക്കൂട്ടം ,സാഹിത്യതീരം തുടങ്ങി വിവിധ രീതിയിലുള്ള പദ്ധതികളും ആവിഷ്‌കരിച്ച് നടപ്പിലാക്കി വരുന്നു. വളപട്ടണം സ്‌പോര്‍ടസ് ക്ലബ്ബിന്റെ സഹായത്തോടെ ലൈബ്രറിയെ ആധുനിക വത്കരിക്കുന്ന പ്രവര്‍ത്തനങ്ങളും നടന്നു വരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."