ഓപ്പണിങ്ങല്ല, സഞ്ജു ചെന്നൈയിൽ ഇറങ്ങേണ്ടത് ആ സ്ഥാനത്താണ്: റെയ്‌ന
2026 ഐപിഎല്ലിന് മുന്നോടിയായി ചെന്നൈ സൂപ്പർ കിങ്സിൽ സഞ്ജു സാംസൺ ഏത് പൊസിഷനിൽ കളിക്കണമെന്ന് നിർദേശം നൽകിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം സുരേഷ് റെയ്‌ന. സഞ്ജു ഓപ്പണിങ്ങിൽ ഇറങ്ങുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. എന്നാൽ സഞ്ജു മൂന്നാം നമ്പറിൽ ഇറങ്ങണമെന്നാണ് റെയ്‌ന പറഞ്ഞത്.
''സഞ്ജു മൂന്നാം നമ്പറിൽ ഇറങ്ങുകയാണെങ്കിൽ ചെന്നൈയുടെ മിഡിൽ ഓർഡർ കൂടുതൽ ശക്തമാകും. ഋതുരാജ് ഗെയ്ക്‌വാദ്, ആയുഷ് മാത്രേ എന്നിവർ ഓപ്പണർമാരായി ഇറങ്ങിയ ടീമിന് മികച്ച തുടക്കമായിരിക്കും ലഭിക്കുക. പിന്നീട് സഞ്ജു, ബ്രെവിസ്, ദുബെ എന്നിവർ ഇറങ്ങണം. അങ്ങനെയായാൽ സിഎസ്കെയുടെ ബാറ്റിംഗ് നിര കൂടുതൽ ശക്തമാകും'' സുരേഷ് റെയ്‌ന പറഞ്ഞു.
നീണ്ട നാളത്തെ ചർച്ചകൾക്കെല്ലാം വിരാമമിട്ടു കൊണ്ടാണ് സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിങ്സിലെത്തിയത്. ഇന്ത്യൻ സ്റ്റാർ ഓൾ റൗണ്ടർ രവീന്ദ്ര ജഡേജ, ഇംഗ്ലണ്ട് ഓൾ റൗണ്ടർ സാം കറൻ എന്നിവരെ രാജസ്ഥാന് കൈമാറിയാണ് ചെന്നൈ ഈ ട്രേഡ് പൂർത്തിയാക്കിയത്. 18 കോടിക്കാണ് മലയാളി സൂപ്പർതാരത്തെ ചെന്നൈ സ്വന്തമാക്കിയത്.
ഇതോടെ ഓസ്‌ട്രേലിയൻ ഓൾ റൗണ്ടർ കാമറൂൺ ഗ്രീനിന്റെ റെക്കോർഡ് തകർത്തുകൊണ്ട് സഞ്ജു ഐപിഎൽ ചരിത്രത്തിൽ ഏറ്റവും ഉയർന്ന തുകക്ക് കൈമാറ്റം ചെയ്യപ്പെടുന്ന താരമായും മാറി. ഗ്രീൻ 2024ൽ 17.5 കോടിക്കായിരുന്നു മുംബൈ ഇന്ത്യൻസിൽ നിന്നും റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിലേക്ക് കൂടുമാറിയത്.
സഞ്ജുവിന്റെ ഐപിഎല്ലിലെ ആദ്യ മത്സരം തന്റെ പഴയ ടീമായ രാജസ്ഥാൻ റോയൽസിനെതിരെയാണ് നടക്കുന്നത്. മാർച്ച് 30നാണ് ചെന്നൈ-രാജസ്ഥാൻ മത്സരം നടക്കുന്നത്. ഐപിഎൽ 19ാം സീസണ് മാർച്ച് 28നാണ് തുടക്കമാവുന്നത്. ആദ്യ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു സൺറൈസേഴ്‌സ് ഹൈദരാബാദിനെ നേരിടും. വരാനിരിക്കുന്ന മാസങ്ങളിൽ കേരളം, തമിഴ്നാട്, അസം, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ ഐപിഎൽ ഷെഡ്യൂൾ രണ്ട് ഘട്ടങ്ങളിലായാണ് പുറത്തുവിടുക.
തെരഞ്ഞെടുപ്പ് സമയങ്ങളിൽ മത്സരങ്ങൾ സുഖകരമായ രീതിയിൽ നടക്കുന്നതിനും യാത്ര താമസ സൗകര്യങ്ങളിലെ ബുദ്ധിമുട്ടുകൾ ഒഴിവാക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തിൽ ഷെഡ്യൂൾ തയ്യാറാക്കുന്നത്. ശനി, ഞായർ ദിവസങ്ങളിൽ രണ്ട് വീതം മത്സരങ്ങളും നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."