ഡീൽ ആരോപണം; സി.പി.എം-ബി.ജെ.പി പ്രതിരോധത്തിൽ
തിരുവനന്തപുരം: സംസ്ഥാനത്തൊട്ടാകെ തെരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരിക്കൊള്ളുന്നതിനിടെ, മുന്നണി ക്യാംപുകളെ പിടിച്ചുലക്കും വിധം ശക്തിയാർജിച്ച് 'ഡീൽ ' ആരോപണം. സി.പി.എം- ബി.ജെ.പി കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നടത്തിയ കടന്നാക്രമണത്തെ കോൺഗ്രസ് ക്യാംപ് ഒറ്റക്കെട്ടായി ഏറ്റെടുത്തതോടെ സി.പി.എം, ബി.ജെ.പി കേന്ദ്രങ്ങൾ പ്രതിരോധത്തിലായി. ഇന്നലെ സംസ്ഥാനത്തെ മുതിർന്ന സി.പി.എം, ബി.ജെ.പി നേതാക്കൾ ഒന്നടങ്കം പ്രതിരോധവാദമുന്നയിച്ച് രംഗത്തെത്തിയതോടെ, വിഷയം വരുംദിവസങ്ങളിലും പ്രചാരണവേദികളിലെ പ്രധാന വിഷയമാകും.
പാലക്കാട്ട് എൽ.ഡി.എഫ് ബി.ജെ.പിയെ സഹായിക്കുകയാണെന്നും ഇതിന്റെ പ്രത്യുപകാരം 10 മണ്ഡലങ്ങളിലെങ്കിലും എൽ.ഡി.എഫിന് ബി.ജെ.പി.യിൽനിന്ന് ലഭിക്കുമെന്നുമായിരുന്നു കഴിഞ്ഞദിവസം പ്രതിപക്ഷ നേതാവ് ഉന്നയിച്ച ആരോപണം. ദുർബലരായ സ്ഥാനാർഥികൾക്ക് എൻ.ഡി.എ പലയിടത്തും സീറ്റ് നൽകി. ഇതെല്ലാം ഇരുപാർട്ടികളും തമ്മിലുള്ള സീറ്റ് കൈമാറ്റത്തിന്റെ ഭാഗമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞിരുന്നു. പിന്നാലെ ഇന്നലെ മാധ്യമങ്ങളെ കണ്ട എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ സി.പി.എമ്മിന്റെ ബി.ജെ.പി ചങ്ങാത്തം കേരളത്തിൽ പുതിയ കഥയല്ലെന്ന് തുറന്നടിച്ചു. പിന്നാലെ വിഷയത്തിൽ മറുപടിയുമായി സി.പി.എം നേതാക്കൾ രംഗത്തെത്തി. ഡീൽ ആരോപണം ഉയർത്തുന്നതുപോലും ഡീൽ ആണെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ്റെ മറുപടി. കോ.ലീ.ബി സഖ്യത്തിന്റെ പേരിൽ യു.ഡി.എഫിനെ കാലങ്ങളായി കടന്നാക്രമിക്കുന്ന എൽ.ഡി.എഫിനെതിരേ അതേനാണയത്തിൽ തിരിച്ചടിക്കാണ് കോൺഗ്രസ് ഒരുങ്ങുന്നതെന്ന് രാഹുൽഗാന്ധിതന്നെ ബോധ്യപ്പെടുത്തിയതാണ്. അതിന്റെ തുടർച്ചയാണ് സതീശന്റെ ‘ഡീൽ’ ആരോപണമെന്നും മുഖ്യമന്ത്രി പറഞ്ഞു. നുണ പറയുന്നതിന് നൊബേൽ സമ്മാനമുണ്ടെങ്കിൽ സതീശന് ലഭിക്കുമെന്നായിരുന്നു ഡീൽ ആരോപണത്തോടുള്ള സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ്റെ പ്രതികരണം. പ്രതിപക്ഷ നേതാവിൻ്റെ പരാമർശം ശുദ്ധ അസംബന്ധമെന്നായിരുന്നു സി.പി.എം നേതാവ് ഇ.പി ജയരാജൻ്റെ മറുപടി.
പറവൂർ മണ്ഡലത്തിലെ തന്റെ പഴയ അനുഭവങ്ങളിൽ നിന്നാണ് സതീശൻ ഇത്തരം ഡീൽ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നായിരുന്നു മന്ത്രി എം.ബി രാജേഷിൻ്റെ പ്രതികരണം. കോൺഗ്രസ് നേതാക്കൾ സ്വന്തം മക്കളെയും സഹോദരങ്ങളെയും ബി.ജെ.പിക്ക് സംഭാവന ചെയ്യുന്ന കാഴ്ചയാണ് നിലവിലുള്ളതെന്നും എം.ബി രാജേഷ് കുറ്റപ്പെടുത്തി. വർഗീയ അജൻഡ വച്ചുള്ള ആരോപണമെന്നായിരുന്നു മുതിർന്ന സി.പി.എം നേതാവ് എ.കെ ബാലൻ്റെ പ്രതികരണം. സംസ്ഥാന സർക്കാരിനെ പ്രതിരോധത്തിലാക്കിയ ശബരിമല സ്വർണക്കൊള്ള കേസിൽ തങ്ങളാണ് ഇടപെടൽ നടത്തിയതെന്ന വാദം ചൂണ്ടിക്കാണിച്ചാണ് ബി.ജെ.പി നേതാക്കൾ ഡീൽ ആരോപണത്തെ തള്ളിയത്. ബി.ജെ.പിയുടെ ശക്തികേന്ദ്രങ്ങൾ എൻ.ഡി.എയിലെ ഘടകകക്ഷികൾക്ക് നൽകിയതാണ് യു.ഡി.എഫ് ക്യാംപിൽ 'ഡീൽ'സംശയം ഉയർത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."