കേരളത്തിൽ കണ്ടാൽ മിണ്ടില്ല, തമിഴ്‌നാട്ടിൽ കണ്ടാൽ വിടില്ല; അരിവാൾ ചുറ്റികയും ഉദയസൂര്യനും കൈപ്പത്തിയും പിന്നെ പച്ചക്കൊടിയും; തമിഴ്‌നാട്ടിൽ ഒരു 'റെയിൻബോ' സഖ്യം!
ചെന്നൈ: തമിഴ്നാട്ടിൽ സി.പി.എമ്മും കോൺഗ്രസും മുസ്‌ലിം ലീഗും സി.പി.ഐയും എസ്.ഡി.പി.ഐയും ഒരേ മുന്നണിയിലെ ഘടകകക്ഷികൾ. ഡി.എം.കെ മുന്നണിയുടെ ഭാഗമായി തിരുവാരൂർ ജില്ലയിലെ നണ്ണിലം മണ്ഡലത്തിൽ മത്സരിക്കുന്നത് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് നെല്ലായ് മുബാറക്കാണ്. നണ്ണിലത്ത് നാലു പതാകയും ഒന്നിച്ചുകെട്ടും. നെല്ലായി മുബാറക്കിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം നയിക്കുന്നത് സി.പി.എമ്മും കോൺഗ്രസും ലീഗും ഡി.എം.കെയും ചേർന്നാണ്.
പകരം സി.പി.എമ്മിന്റെയും മുസ്‌ലിം ലീഗിന്റെയും കോൺഗ്രസിന്റെയും സി.പി.ഐയുടെയും മണ്ഡലങ്ങളിൽ കൊടിയും തോരണങ്ങളുമെടുത്ത് സജീവമായി രംഗത്തിറങ്ങിയത് എസ്.ഡി.പി.ഐക്കാരും. ഡി.എം.കെയുടെ ഉദയസൂര്യൻ അടയാളത്തിലാണ് എസ്.ഡി.പി.ഐ മത്സരിക്കുന്നത്. സഖ്യത്തിൽ ഒന്നിച്ച് മത്സരിക്കുന്ന പാർട്ടികൾ പരസ്പരം സന്ദർശനം നടത്തി ഐക്യപ്പെടുന്നതിനും തമിഴ്നാട് സാക്ഷിയാണ്.
സി.പി.എം സംസ്ഥാന സെക്രട്ടറി ഷൺമുഖത്തെ എസ്.ഡി.പി.ഐ നേതാക്കൾ സന്ദർശിച്ചു. കൂടിക്കാഴ്ചയിൽ സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം കെ.ബാലഭാരതി, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എൻ. പാണ്ടി, എസ്.കണ്ണൻ, ഡിണ്ടിഗൽ എം.പിയും സംസ്ഥാന കമ്മിറ്റി അംഗവുമായ ആർ.സച്ചിദാനന്ദം എന്നിവരും സംസ്ഥാന സെക്രട്ടറിയോടൊപ്പമുണ്ടായിരുന്നു. എസ്.ഡി.പി.ഐ നേതാക്കളുടെ സന്ദർശനം സംബന്ധിച്ച ചിത്രവും വാർത്തയും സി.പി.എം സംസ്ഥാന കമ്മിറ്റിയുടെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവയ്ക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."