തിരുവോണ നിറവില്‍ നാടും നഗരവും
തിരുവനന്തപുരം / കൊല്ലം: ആഘോഷമായി ഇന്നു തിരുവോണം. സാമ്പാറും അവിയലും പായസവും പപ്പടവുമൊക്കെയായി ഇല നിറക്കാനുള്ള തയ്യാറെടുപ്പ് ഇന്നലെ മുതല്‍ തന്നെ തുടങ്ങിക്കഴിഞ്ഞിരുന്നു.
ഉത്രാടദിനമായ ഇന്നലെ തിരുവനന്തപുരം , കൊല്ലം ജില്ലകളിലെ വിപണികളില്‍ വന്‍തിരക്കായിരുന്നു. കോടിയില്ലാതെ ഓണമില്ലാത്തിനാല്‍ വസ്ത്രവില്‍പനശാലകളിലായിരുന്നു ഏറ്റവുമധികം തിരക്ക്.പ്രത്യേക ഓഫറുകളുമായിട്ടായിരുന്നു വന്‍കിടക്കാര്‍ ഓണവിപണി കയ്യടക്കിയിരുന്നത്. വഴിയോരവിപണിയും സജീവമായിരുന്നു. തിരക്കിനിടയിലെ മോഷണവും മറ്റും തടയുന്നതിനായി പൊലീസും രംഗത്തുണ്ടായിരുന്നു. എന്തൊക്കെ കരുതിയാലും ഉത്രാടച്ചന്തയില്‍ കയറിയിറങ്ങാതെ മലയാളിക്ക് തിരുവോണത്തിനുള്ള തയ്യാറെടുപ്പ് പൂര്‍ത്തിയാക്കാനാകില്ല. തിരുവോണ ദിവസമായ ഇന്നത്തേക്കുള്ള ആഘോഷങ്ങളുടെ മുന്നൊരുക്കങ്ങളും, മലയാളത്തനിമ നിറയുന്ന ഓണകാഴ്ചകളും,പൂവിളിയുടെ ആരവങ്ങളും ഉത്രാട ദിനാഘോഷത്തിനു കൂടുതല്‍ വര്‍ണപ്പൊലിമ നല്‍കി.
തിരക്ക് മൂലം പലയിടങ്ങള ിലും വാഹനഗതാഗതം തടസപ്പെട്ടു. തലസ്ഥാന നഗരത്തിലെ പ്രധാന റോഡുകളിലും ഇടറോഡുകളിലുമെല്ലാം വാഹനങ്ങള്‍ നിറഞ്ഞു. പൊലിസ് നിയന്ത്രണം ലംഘിച്ചുള്ള അനധികൃത പാര്‍ക്കിങ്ങ് ഇവിടെ ഗതാഗതക്കുരുക്കിനിടയാക്കി.
ചാല കമ്പോളവും കിഴക്കേകോട്ടയും പാളയവും ഉത്രാടപ്പാച്ചിലില്‍ വീര്‍പ്പുമുട്ടി. ചാലയിലെ പൂവിപണിയിലും നല്ല തിരക്കായിരുന്നു. ജൈവകൃഷിയുടെ പ്രധാന്യം തിരിച്ചറിഞ്ഞതിനാല്‍ നാടന്‍ പച്ചക്കറി വില്‍പനശാലകളില്‍ കച്ചവടം പൊടിപൊടിച്ചു.
സര്‍ക്കാരിന്റെ ഓണാഘോഷത്തിനു തുടക്കമായതോടെ അനന്തപുരിയിലെ ആഘോഷകേന്ദ്രങ്ങളിലേക്കും ജനങ്ങളുടെ ഒഴുക്കു തുടങ്ങി. നിശാഗന്ധിയില്‍ മുഖ്യമന്ത്രി പിണറായി വിജയനാണു ചടങ്ങുകള്‍ ഉദ്ഘാടനം ചെയ്തത്. ഗാനഗന്ധര്‍വന്‍ കെ.ജെ. യേശുദാസ് മുഖ്യാതിഥിയായിരുന്നു. ജില്ലയിലെ മുപ്പതോളം വേദികളിലായാണു നാടന്‍പാട്ട് മുതല്‍ പൂപ്പടതുള്ളലും കമ്പടിക്കളിയും കുറത്തിയാട്ടവും കേരള നടനം വരെയുള്ള കലാരൂപങ്ങള്‍ നടക്കുന്നത്. 18നു കവടിയാര്‍ മുതല്‍ അട്ടക്കുളങ്ങരവരെ നടത്തുന്ന ഘോഷയാത്രയോടെ ആഘോഷങ്ങള്‍ക്കു സമാപനമാവും. കഴക്കൂട്ടം, നെയ്യാറ്റിന്‍കര, ആറ്റിങ്ങല്‍ എന്നിവിടങ്ങളും ആഘോഷങ്ങള്‍ക്കു വേദിയാകും.
കള്ളവും ചതിയുമില്ലാതെ സമാധാനവും,സമൃദ്ധിയും നിറഞ്ഞ ഭൂതകാലത്തിന്റെ ഓര്‍മകളില്‍ മലയാളി ഇന്നു മാവേലി മന്നനെ വരവേല്‍ക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."