സുപ്രഭാതം കരിയർ ക്ലിനിക്ക്; സംസ്ഥാനത്ത് 20 കേന്ദ്രങ്ങളിൽ
കോഴിക്കോട്: വിദ്യാഭ്യാസരംഗത്ത് ശ്രദ്ധേയമായ പുതുപദ്ധതിയുമായി സുപ്രഭാതം. വിദ്യാർഥികൾക്ക് തങ്ങളുടെ ഭാവികരിയർ തിരഞ്ഞെടുപ്പിൽ വ്യക്തമായ ദിശാബോധം നൽകുന്നതിനായി, കരിയർ വിദഗ്ധരുമായി നേരിട്ട് സംവദിക്കാനും സംശയങ്ങൾ തീർക്കാനും അവസരം ഒരുക്കുന്ന മാധ്യമപ്രവർത്തന രംഗത്തെ വ്യത്യസ്തമായ ഇടപെടലാണ് സുപ്രഭാതം കരിയർ ക്ലിനിക്ക്. മെയ് അവസാനവാരം ആരംഭിക്കുന്ന ഈ പദ്ധതിയുടെ ആദ്യഘട്ടം മലബാറിലെ ആറ് ജില്ലകളിലായി 20 കേന്ദ്രങ്ങളിലാണ് സംഘടിപ്പിക്കുന്നത്. കോഴിക്കോട്, മലപ്പുറം, വയനാട്, പാലക്കാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാകും കരിയർ ക്ലിനിക്ക് നടക്കുക.
ഇന്ത്യയിലെയും വിദേശത്തെയും പ്രമുഖ സർവകലാശാലകളിലേക്കുള്ള അഡ്മിഷനും സ്‌കോളർഷിപ്പുകളെക്കുറിച്ചുമുള്ള വിവരങ്ങൾ മുതൽ മെഡിക്കൽ, പാരാമെഡിക്കൽ, എൻജിനീയറിങ്, ആർട്‌സ് ആൻഡ് സയൻസ്, പി.ജി, യു.ജി കോഴ്‌സുകൾ, ഡിപ്ലോമ, ലോ, ഏവിയേഷൻ, ഡിജിറ്റൽ മാർക്കറ്റിങ്, ഓഫിസ് ആൻഡ് ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേഷൻ തുടങ്ങി വിപുലമായ പഠനതൊഴിൽ മേഖലകളെക്കുറിച്ചുള്ള സമഗ്ര മാർഗനിർദേശം ക്ലിനിക്കിലൂടെ ലഭ്യമാകും. കൂടാതെ നീറ്റ്, ജെ.ഇ.ഇ കോച്ചിങ് സെന്ററുകൾ, പ്രൊഫഷണൽ കോഴ്‌സുകൾ, മാനേജ്‌മെന്റ് പഠനങ്ങൾ, സി.എ, സി.എം.എ, എച്ച്.ആർ തുടങ്ങി വിവിധ മേഖലകളിലെ വിദഗ്ധരും പരിപാടിയുടെ ഭാഗമാകും.
വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും കരിയർ ക്ലിനിക്കിലെ വിവിധ സ്ഥാപനങ്ങളുടെ ക്ലിനിക്കുകളിൽ സൗജന്യമായി പങ്കെടുത്ത് കോഴ്‌സുകളെക്കുറിച്ചും തൊഴിൽ സാധ്യതകളെക്കുറിച്ചും ആഴത്തിൽ ചോദിച്ചറിയാനുള്ള അവസരമാണ് സുപ്രഭാതം ഒരുക്കുന്നത്. ക്ലിനിക്കിൽ രജിസ്റ്റർ ചെയ്ത് പങ്കെടുക്കുന്ന എസ്.എസ്.എൽ.സി, പ്ലസ് ടു വിദ്യാർഥികൾക്ക് സുപ്രഭാതത്തിന്റെ സ്‌നേഹോപഹാരവും ലഭിക്കും. സംസ്ഥാനത്ത് എസ്.എസ്.എൽ.സി, പ്ലസ് ടു വിജയികളായ 5000 വിദ്യാർഥികളെയാണ് വിവിധ കേന്ദ്രങ്ങളിലായി സുപ്രഭാതം ആദരിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് 9544270017 (പ്രൊജക്ട് കോഡിനേറ്റർ) ബന്ധപ്പെടുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."