പേരാവൂരിൽ പെരുംപോര്; പ്രവചനാതീതം തളിപ്പറമ്പ്
കണ്ണൂർ: കണ്ണൂരിൽ പെരുംപോര് നടക്കുന്ന മണ്ഡലങ്ങളിൽ പേരാവൂരും തളിപ്പറമ്പും മുന്നിൽ. പേരാവൂരിൽ നാലം അങ്കത്തിനിറങ്ങിയ കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫിന്റെ വഴിമുടക്കാൻ കെ.കെ ശൈലജയ്ക്കാവുമോ, തളിപ്പറമ്പിൽ എൽ.ഡി.എഫ് സ്ഥാനാർഥി പി.കെ ശ്യാമളയ്‌ക്കെതിരേ സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് മുൻ അംഗം ടി.കെ ഗോവിന്ദൻ അട്ടിമറിജയം നേടുമോ എന്നൊക്കെയാണ് രാഷ്ട്രീയകേരളം ഉറ്റുനോക്കുന്നത്. പേരാവൂരിൽ അപ്രതീക്ഷിത അടിയൊഴുക്കുകളില്ലെന്ന് യു.ഡി.എഫും തളിപ്പറമ്പിൽ ഭൂരിപക്ഷം ഇടിഞ്ഞാലും ജയം ശ്യാമളയ്‌ക്കൊപ്പമെന്ന് എൽ.ഡി.എഫും ഉറച്ചു വിശ്വസിക്കുന്നു. എന്നാൽ രണ്ടിടത്തും അടിയൊഴുക്കും ക്രോസ് വോട്ടിങ്ങും ശക്തമായിരുന്നു.
പേരാവൂരിൽ കെ.കെ ശൈലജ ജയിക്കുമെന്ന് വോട്ടെടുപ്പിന്റെ തലേന്നാൾ പ്രവചിച്ചത് പ്രാദേശിക ബി.ജെ.പി നേതാവാണ്. സണ്ണി ജോസഫുമായി ഇടഞ്ഞുനിൽക്കുന്ന കെ.സുധാകരനും പേരാവൂരിൽ അത്യാവശ്യം വോട്ട് മറിക്കാനുള്ള ശേഷിയുണ്ട്. എന്നാൽ കെ.പി.സി.സി പ്രസിഡന്റിന്റെ വിജയം യു.ഡി.എഫിനും സണ്ണി ജോസഫിനും നിർണായകമാണ്. ഭരണമാറ്റം ഉറപ്പെന്ന് അവകാശപ്പെടുന്ന കോൺഗ്രസിന്, കേരളത്തിലെ അമരക്കാരന്റെ വിജയം അനിവാര്യമാണ്. പാർട്ടിയുടെ കരുത്തുറ്റ വനിതാമുഖം എന്ന നിലയിൽ കേന്ദ്ര കമ്മിറ്റി അംഗം കെ.കെ ശൈലജയുടെ തോൽവി സി.പി.എമ്മിനും ഉൾക്കൊള്ളാനാവില്ല.
2016ലെ തെരഞ്ഞെടുപ്പിൽ പേരാവൂരിൽ 79 ശതമാനമായിരുന്നു പോളിങ്. അന്ന് 7,989 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സണ്ണി ജോസഫ് ജയിച്ചത്. 2021ലെ പോളിങ് 78.07 ശതമാനവും. എന്നാൽ സണ്ണി ജോസഫിന്റെ ഭൂരിപക്ഷം 3,172ലേക്ക് കൂപ്പുകുത്തി. ഇത്തവണ 79.01 ശതമാനമാണ് പോളിങ്. പോളിങ് നിലവച്ച് 5000നും 9000നുമിടയിൽ ഭൂരിപക്ഷവുമായി സണ്ണി ജോസഫ് ജയിക്കുമെന്ന് യു.ഡി.എഫ് ആവകാശപ്പെടുന്നു. 3000 മുതൽ 5000 ഭൂരിപക്ഷമാണ് എൽഡി.എഫ് പ്രതീക്ഷ. മണ്ഡലത്തിലെ തദ്ദേശ സ്ഥാപനങ്ങളിൽ അഞ്ചിടത്ത് യു.ഡി.എഫും നാലിടത്ത് എൽ.ഡി.എഫിനുമാണ് ഭരണം. തദ്ദേശ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് 12,000ത്തോളം വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്നു. ആ സാഹചര്യം നിയമസഭാ തെരഞ്ഞെടുപ്പിലും ഉണ്ടായിരുന്നുവെന്ന് യു.ഡി.എഫ് വിലയിരുത്തുന്നു. ശൈലജയുടെ വ്യക്തിപ്രഭാവത്തിൽ മുന്നേറാൻ കഴിഞ്ഞെന്ന് സി.പി.എം നേതാക്കൾ അവകാശപ്പെടുന്നു.
നിയുക്ത എം.എൽ.എയെ പ്രഖ്യാപിക്കാൻ മെയ് നാലുവരെ കാത്തിരിക്കേണ്ടതില്ലെന്നാണ് തളിപ്പറമ്പിലെ യു.ഡി.എഫ് അനുകൂലികളുടെ അഭിപ്രായം. യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥി ടി.കെ ഗോവിന്ദനെ നിയുക്ത എം.എൽ.എ ആയി പ്രഖ്യാപിച്ച് ബോർഡ് വയ്ക്കുന്നതിലും അവർക്ക് സന്ദേഹമില്ല. തളിപ്പറമ്പ് ബദരിയ നഗറിലാണ് ടി.കെ ഗോവിന്ദന് അഭിവാദ്യമർപ്പിച്ച് കഴിഞ്ഞദിവസം ബോർഡ് വച്ചത്. ഇടതുകോട്ടയായ തളിപ്പറമ്പിൽ അട്ടിമറി സംഭവിക്കുമെന്നതിൽ യു.ഡി.എഫ് ക്യാംപിൽ സംശയമില്ല. എം.വി ഗോവിന്ദൻ പാർട്ടി സെക്രട്ടറി പദവിയിലിരിക്കെ തളിപ്പറമ്പിൽ പിൻഗാമിയായി ഭാര്യയെ നിർത്തിയതിൽ തുടക്കം മുതൽ സി.പി.എമ്മിലെ ഒരു വിഭാഗം കനത്ത പ്രതിഷേധത്തിലായിരുന്നു. 1970ലെ സമാന സാഹചര്യം ഇത്തവണയും തളിപ്പറമ്പിൽ ആവർത്തിക്കുമെന്നും ടി.കെ ഗോവിന്ദനിലൂടെ മണ്ഡലം തിരിച്ചുപിടിക്കുമെന്നും യു.ഡി.എഫ് പ്രവർത്തകർ ആത്മവിശ്വാസം കൊള്ളുന്നു. എന്നാൽ മുതിർന്ന കോൺഗ്രസ് നേതാവ് കൊയ്യം ജനാർദനൻ സ്വതന്ത്രനായി മത്സരിച്ചത് തങ്ങൾക്കു ഗുണം ചെയ്യുമെന്നും അടിയൊഴുക്കു തടയാൻ ജനാർദനന്റെ സ്ഥാനാർഥിത്വത്തിനു കഴിഞ്ഞെന്നും സി.പി.എം നേതാക്കൾ പറയുന്നു. ടി.കെ ഗോവിന്ദന്റെ ഗ്യാസ് സിലിണ്ടർ ചിഹ്നം വോട്ടിങ് മെഷിനിൽ ഏഴാം സ്ഥാനത്തായതും തങ്ങൾക്കനുകൂലമാണെന്ന് എൽ.ഡി.എഫ് കരുതുന്നു. എന്നാൽ ബൂത്തിലെത്തും മുമ്പേ വോട്ടർമാർക്ക് ചിഹ്നം പരിചിതമായതിനാൽ അതിൽ ആശങ്കയില്ലെന്ന് ടി.കെ ഗോവിന്ദൻ പറഞ്ഞു.
യൂത്ത് കോൺഗ്രസ് നേതാവ് വി.പി അബ്ദുൽ റഷീദ് ആയിരുന്നു തളിപ്പറമ്പിൽ ടി.കെ ഗോവിന്ദനേക്കാൾ കരുത്തനായ സ്ഥാനാർഥിയെന്ന് തെരഞ്ഞെടുപ്പിനു ശേഷവും യു.ഡി.എഫ് അണികൾക്കിടയിൽ സംസാരമുണ്ട്. കഴിഞ്ഞതവണ എം.വി ഗോവിന്ദന്റെ ഭൂരിപക്ഷം പകുതിയായി കുറഞ്ഞത് മണ്ഡലത്തിൽ അബ്ദുൽ റഷീദിനുള്ള സ്വീകാര്യതയുടെ തെളിവാണെന്ന് അവർ ചൂണ്ടിക്കാണിക്കുന്നു. 1970നു ശേഷം സി.പി.എം സ്ഥാനാർഥികളെ മാത്രം നിയമസഭയിലേക്കയച്ച ചരിത്രമാണ് തളിപ്പറമ്പിന്. ഇത്തവണ മറ്റൊരു മണ്ഡലത്തിലും കാണാത്ത പ്രചാരണമായിരുന്നു തളിപ്പറമ്പിൽ. എം.വി ജയരാജൻ, പി.ജയരാജൻ, പി.കെ ശ്രീമതി തുടങ്ങിയ നേതാക്കളെല്ലാം മണ്ഡലത്തിൽ ക്യാംപ് ചെയ്താണ് പ്രചാരണം നടത്തിയത്. എന്നാൽ ഇതൊന്നും പി.കെ ശ്യാമളയുടെ തോൽവി പ്രതിരോധിക്കാനുള്ള കവചമാകില്ലെന്ന് യു.ഡി.എഫ് അർഥശങ്കയ്ക്കിടയില്ലാതെ പറയുന്നു. മെയ് നാലിന് ബാലറ്റ് മെഷിൻ തുറക്കുന്നതുവരെ അവകാശവാദങ്ങൾ തുടരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."