ലെബനാന്‍- ഇസ്‌റാഈല്‍ വെടിനിര്‍ത്തല്‍ മൂന്നാഴ്ചത്തേക്ക് കൂടി നീട്ടി; നൂറ് ശതമാനമല്ലെന്ന് യു.എന്നിലെ ഇസ്‌റാഈല്‍ പ്രതിനിധി
വാഷിങ്ടണ്‍ ഡിസി: ലെബനാന്‍- ഇസ്‌റാഈല്‍ വെടിനിര്‍ത്തല്‍ മൂന്നാഴ്ചത്തേക്ക് കൂടി നീട്ടി. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. വൈറ്റ് ഹൗസില്‍ ചേര്‍ന്ന അമേരിക്കയിലെ ഇസ്‌റാഈല്‍, ലെബനാന്‍ അംബാസഡര്‍മാരുടെ യോഗത്തിലാണ് തീരുമാനം. നിലവിലുണ്ടായിരുന്ന വെടിനിര്‍ത്തല്‍ ഞായറാഴ്ച അവസാനിക്കാനിരിക്കെയാണ് നടപടി.
ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹുവും ലെബനീസ് പ്രസിഡന്റ് ജോസഫ് ഔനും ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ യു.എസ് സന്ദര്‍ശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിനിടെ ട്രംപ് വ്യക്തമാക്കി.
വെടിനിര്‍ത്തല്‍ 100 ശതമാനമല്ലെന്ന് യു.എന്നിലെ ഇസ്‌റാഈല്‍ പ്രതിനിധി
അതേസമയം, ലെബനാനില്‍ പൂര്‍ണമായ വെടിനിര്‍ത്തല്‍ തങ്ങള്‍ ലക്ഷ്യമാക്കുന്നില്ലെന്ന് ഐക്യരാഷ്ട്രസഭയിലെ ഇസ്‌റാഈല്‍ പ്രതിനിധി ഡാനി ഡാനണ്‍ പ്രസ്താവിച്ചു.
വെടിനിര്‍ത്തല്‍ മൂന്നാഴ്ചത്തേക്ക് നീട്ടുന്നുവെന്ന ട്രംപിന്റെ പ്രഖ്യാപനത്തിന് രണ്ട് മണിക്കൂറിനുള്ളിലാണ് യു.എസ് മാധ്യമങ്ങളോടുള്ള ഡാനി ഡാനോണിന്റെ പ്രസ്താവന.
ഹിസ്ബുല്ല റോക്കറ്റുകള്‍ തൊടുത്താല്‍ ഇസ്‌റാഈല്‍ സൈന്യം തിരിച്ചടിക്കും. എപ്പോള്‍ ഞങ്ങള്‍ക്ക് നേരെ ഭീഷണിയുണ്ടാകുന്നുവോ അപ്പോഴെല്ലാം ഇത് തുടരും' ഡാനോണ്‍ പറഞ്ഞു. എന്നാല്‍ സാഹചര്യം വെടിനിര്‍ത്തലിന് മുന്‍പുള്ളതിനേക്കാള്‍ മെച്ചപ്പെട്ടിട്ടുണ്ടെന്നും ഡാനോണ്‍ കൂട്ടിച്ചേര്‍ത്തു.
'ഒരു വെടിനിര്‍ത്തലോ സമാധാന കരാറോ നടപ്പിലാക്കാനോ തെക്കന്‍ ലെബനനില്‍ പരമാധികാരം പ്രയോഗിക്കാനോ ലെബനന്‍ സര്‍ക്കാരിന് കഴിയുമോ എന്നതാണ് പ്രധാന ചോദ്യം' ഇസ്‌റാഈല്‍ പ്രതിനിധി
കൂട്ടിച്ചേര്‍ത്തു.
അതിനിടെ, തെഹ്റാനില്‍ ഇന്നലെ വീണ്ടും സ്ഫോടനമുണ്ടായി. വെടിനിര്‍ത്തല്‍ നിലനില്‍ക്കെയാണ് ഇന്നലെ രാത്രി സ്ഫോടനമുണ്ടായത്. തെഹ്റാനിലെ ചില പ്രദേശങ്ങളില്‍ വ്യോമ പ്രതിരോധ സംവിധാനങ്ങളുടെ ശബ്ദങ്ങള്‍ കേട്ടതായി ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഡ്രോണുകള്‍ നിര്‍വീര്യമാക്കുന്നതിന്റെ ഭാഗമായാണ് വ്യോമ പ്രതിരോധ സംവിധാനം പ്രവര്‍ത്തനക്ഷമമാക്കിയതെന്നും ഫാര്‍സ് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ഇറാനുമായി പെട്ടെന്ന് ഒരു കരാര്‍ ഉണ്ടാക്കാന്‍ കഴിയുമെന്നും എന്നാല്‍ ദീര്‍ഘകാല കരാറാണ് തന്റെ ലക്ഷ്യമെന്നും കഴിഞ്ഞ ദിവസം ട്രംപ് പറഞ്ഞിരുന്നു.
ഇറാന് മേല്‍ ആക്രമണം പുനരാരംഭിച്ചിട്ടില്ലെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇസ്‌റാഈല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇറാനെതിരായ ആക്രമണം വീണ്ടും തുടങ്ങാന്‍ തയാറെടുപ്പുകള്‍ നടത്തുകയാണെന്നാണ് ഇസ്‌റാഈല്‍ പ്രതിരോധമന്ത്രി ഇസ്രായേല്‍ കാറ്റ്സിന്റെ പ്രതികരണം. വാഷിങ്ടണ്‍ അനുമതി നല്‍കിയാല്‍ ഇറാനെ ബോംബിട്ട് തകര്‍ത്ത് ശിലായുഗത്തിലേക്ക് തിരിച്ചയക്കുമെന്ന ഭീഷണിയും കാറ്റ്സ് മുഴക്കി.
us president donald trump announced a three week extension of the lebanon israel ceasefire after talks in washington dc. however danny danon said the truce is not 100 percent and tensions remain in the region.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."