മത്സ്യലഭ്യത കുറഞ്ഞു; പഴകിയ മത്സ്യങ്ങള്‍ വിപണിയില്‍ സുലഭം, നോക്കിവാങ്ങിയില്ലെങ്കില്‍ പണികിട്ടും
മത്സ്യലഭ്യത കുറഞ്ഞതോടെ പഴകിയ മത്സ്യങ്ങള്‍ വിപണിയില്‍ നിറയുന്നു. ഒറ്റനോട്ടത്തില്‍ പഴക്കം തോന്നില്ലെങ്കിലും വെട്ടിത്തുടങ്ങുമ്പോഴാണ് പഴകിയതാണെന്ന് മനസിലാകുന്നത്. കേരളത്തിലെ ഹാര്‍ബറുകളില്‍ നിന്നാണെന്ന വ്യാജേന അന്യസംസ്ഥാനങ്ങളില്‍നിന്ന് ടണ്‍ കണക്കിന് മത്സ്യമാണ് വിപണിയിലെത്തുന്നത്. മത്സ്യം പഴകിയതാണെങ്കില്‍ വില കുറയും. ഇക്കാരണത്താല്‍ സംസ്ഥാനത്തേക്ക് ഇവയുടെ കുത്തൊഴുക്കാണ്.
ആഴ്ചകള്‍ പഴക്കമുള്ള മത്സ്യങ്ങള്‍ വരെ വില്‍പനക്കാരുടെ കൈയിലെത്തുന്നുണ്ട്. ഒരു കിലോ മീനില്‍ ഒരു കിലോ ഐസ് എന്ന തോതില്‍ ഇടണമെന്നാണ് അധികൃതര്‍ നിര്‍ദ്ദേശിക്കുന്നത്. എന്നാല്‍ മതിയായ അളവില്‍ ഐസ് ഇടാതെയാണ് ചിലര്‍ മത്സ്യങ്ങള്‍ സൂക്ഷിക്കുന്നത്. ചില കച്ചവടക്കാരാകട്ടെ ഐസ് ഉപയോഗിക്കാറേയില്ല. ചൂട് ഉയര്‍ന്ന് നില്‍ക്കുന്നതിനാല്‍ പെട്ടെന്ന് മത്സ്യങ്ങള്‍ ചീയും. മാര്‍ക്കറ്റില്‍ നിന്നു വാങ്ങി വീട്ടില്‍ എത്തിക്കുമ്പേഴേക്കും അവസ്ഥ ഒന്നുകൂടി വഷളാവും.
പ്രാദേശിക മാര്‍ക്കറ്റുകളില്‍ ശീതികരണ സംവിധാനങ്ങള്‍ ഇല്ലാതെയും മതിയായ അളവില്‍ ഐസ് ചേര്‍ക്കാതെയും മത്സ്യം സൂക്ഷിക്കുന്നത് പഴക്കത്തിന് കാരണമാകും. ഫോര്‍മാലിന്‍ ഉള്‍പ്പടെയുള്ള രാസവസ്തുക്കള്‍ കലര്‍ത്തിയ മത്സ്യം പെട്ടന്ന് കേടാകില്ല. എന്നാല്‍ ആരോഗ്യത്തിന് ഏറെ ഹാനികരമാണ് ഇവ. ഗുണനിലവാരമില്ലാത്ത മത്സ്യങ്ങളുടെ വഴിയോര വില്‍പനയും വ്യാപകമാണ്. പ്രധാന മാര്‍ക്കറ്റുകള്‍ മാത്രം കേന്ദ്രീകരിച്ചാണ് പലപ്പോഴും പരിശോധനകള്‍ നടത്തുന്നത്.
കച്ചവടക്കാരന്റെ വാക്കുകളില്‍ വീണു പോകാതെ എങ്ങനെ നല്ല മത്സ്യത്തെ തിരഞ്ഞെടുക്കാമെന്നതിനെ കുറിച്ച് എല്ലാവരും ബോധവാന്മാരായിരിക്കണം. അതിനിതാ അഞ്ച് മാര്‍ഗങ്ങള്‍
- നല്ല മത്സ്യങ്ങള്‍ക്ക് സ്വാഭാവിക തിളക്കമുണ്ടാകും.
- ദുര്‍ഗന്ധം ഉണ്ടാവില്ല.
- മാംസത്തിന് ഉറുപ്പുള്ളവയായിരിക്കും.എന്നാല്‍ ചെറുതായി അമര്‍ത്തുമ്പോള്‍ കുഴിഞ്ഞുപോവുകയും അതേ അവസ്ഥയില്‍ തുടരുകയും ചെയ്താല്‍ അത് ചീത്ത മത്സ്യമാണ്.
- നല്ല മത്സ്യങ്ങള്‍ക്ക് യാതൊരു നിറ വ്യത്യാസവുമില്ലാത്ത നല്ല തിളങ്ങുന്ന കണ്ണുകളായിരിക്കും. കലങ്ങിയ കണ്ണുകള്‍ ചീത്ത മത്സ്യത്തിന്റെ ലക്ഷണമാണ്.
- നല്ല മത്സ്യത്തിന്റെ ചെകിള പൂക്കള്‍ക്ക് നല്ല ചുവപ്പുനിറം കാണാം. പഴകിയ മത്സ്യത്തില്‍ തവിട്ടു നിറത്തിലോ ഇരുണ്ട നിറത്തിലോ ഉള്ള ചെകിളപ്പൂക്കളാണ് ഉണ്ടാവുക.
A severe shortage in local fish catch has led to an influx of stale and chemically treated fish in Kerala's markets. With local boat landings hitting an all-time low, traders are increasingly relying on stocks from other states, many of which are preserved using harmful chemicals like Formalin and Ammonia to maintain a "fresh" appearance.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."