സജി പിതാവിനെയും കൊന്നോ? നെടുങ്കണ്ടം ഇരട്ടക്കൊലപാതക കേസില്‍ നിര്‍ണായക കണ്ടെത്തല്‍; പുരയിടത്തില്‍ നിന്ന് അസ്ഥികൂടം കണ്ടെത്തി
ഇടുക്കി: നെടുങ്കണ്ടം ഇരട്ടക്കൊലപാത കേസിലെ പ്രതി സജിക്ക് പിതാവിന്റെ മരണത്തിലും പങ്കുണ്ടെന്ന് സംശയം. അന്വേഷണത്തിന്റെ ഭാഗമായി പുരയിടം കുഴിച്ച് നടത്തിയ പരിശോധനയില്‍ അസ്ഥിയുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. ഇത് സജിയുടെ പിതാവ് മാത്യൂവിന്റെ തന്നെയാണോ എന്ന് പരിശോധിക്കുമെന്ന് പൊലിസ് വ്യക്തമാക്കി.
എട്ടുവര്‍ഷം മുന്‍പ് മാത്യൂവിനെ കാണാതിയിരുന്നു. അമ്മ മേരിക്കുട്ടിയുടെയും, സഹോദരന്‍ റെജിയുടെയും കൊലപാതകം പുറത്തുവന്നതിന് പിന്നാലെ അച്ഛന്‍ മാത്യൂവും കൊല്ലപ്പെട്ടിരിക്കാമെന്നാണ് പൊലിസ് നിഗമനം. ഡിഎന്‍എ പരിശോധനക്ക് ശേഷം അസ്ഥികൂടം തിരിച്ചറിയാനാകും.
കഴിഞ്ഞമാസം അവസാനമാണ് നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകത്തില്‍ പ്രതിയെ പൊലിസ് പിടികൂടിയത്. ഇടുക്കി നെടുങ്കണ്ടത്ത് അമ്മയെയും, മൂത്ത സഹോദരനെയും സ്വത്ത് തര്‍ക്കത്തിന്റെ പേരില്‍ പ്രതിയായ സജി കൊലപ്പെടുത്തിയെന്നാണ് പൊലിസിന്റെ കണ്ടെത്തല്‍. പച്ചടി സ്വദേശി മേരിക്കുട്ടി, മൂത്തമകന്‍ റെജി എന്നിവരാണ് കൊല്ലപ്പെട്ടത്.
മേരിയെയും, റെജിയെയും കാണാതായെന്ന് പരാതി ഉയര്‍ന്നിരുന്നു. പിന്നാലെ നടത്തിയ അന്വേഷണത്തില്‍ വീടിന് സമീപത്ത് നിന്ന് ഇരുവരുടെയും മൃതദേഹം കണ്ടെത്തി. പൊലിസ് അന്വേഷണം തുടങ്ങിയതിന് പിന്നാലെ ഒളിവില്‍ പോയ ഇളയ മകന്‍ സജിയെ രണ്ടുദിവസത്തിന് ശേഷമാണ് പിടികൂടിയത്. സജി ഒറ്റക്കാണ് രണ്ട് കൊലപാതകങ്ങളും നടത്തിയതെന്ന് പൊലിസ് പറയുന്നു. കുടുംബത്തില്‍ നിന്ന് ഏല്‍ക്കേണ്ടി വന്ന നിരന്തര അവഗണന കൊലപാതകത്തിന് കാരണമെന്നാണ് സജിയുടെ മൊഴി.
ഇതിന് പിന്നാലെയാണ് എട്ടുവര്‍ഷം മുന്‍പ് കാണാതായ പിതാവ് മാത്യൂവിന്റെ മരണത്തിലും സജിക്ക് പങ്കുണ്ടെന്ന് പൊലിസ് സംശയിച്ചത്. തുടര്‍ന്നാണ് പുരയിടത്തില്‍ കുഴിച്ച് പരിശോധന നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."