വി.ഡി സതീശന്‍ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ; വിജയ് എത്താതിരുന്നത് മോദിയെ ഭയന്ന്; അവസാന നിമിഷം യാത്ര റദ്ദാക്കി; ഗുരുതര ആരോപണവുമായി ഡിഎംകെ
ചെന്നൈ: വി.ഡി സതീശന്‍ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയില്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ് പങ്കെടുക്കാതിരുന്നതില്‍ ആരോപണവുമായി ഡിഎംകെ. മോദിയെ ഭയന്നാണ് വിജയ് കേരളത്തില്‍ എത്താതിരുന്നതെന്നും, അവസാന നിമിഷം യാത്ര റദ്ദാക്കിയതാണെന്നും ഡിഎംകെ നേതാവ് ടികെ എസ് ഇളങ്കോവന്‍ ആരോപിച്ചു.
ഈ മാസം 22ന് വിജയ് മോദിയുമായി കൂടിക്കാഴ്ച്ച നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിനുമുന്‍പ് രാഹുല്‍ ഗാന്ധിക്കൊപ്പം വേദി പങ്കിടുന്നത് അപകടം ആകുമെന്ന് വിജയ്ക്ക് തോന്നി, അതുകൊണ്ടാണ് ചടങ്ങില്‍ പങ്കെടുക്കാതിരുന്നതെന്നും ഇളങ്കോവന്‍ പ്രതികരിച്ചു. ചടങ്ങിലേക്ക് വിജയ് എത്തുമെന്നാണ് ആരാധകര്‍ പ്രതിക്ഷിച്ചിരുന്നത്. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഡി.കെ ശിവകുമാര്‍, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി തുടങ്ങിയ നേതാക്കള്‍ ഇന്ന് ചടങ്ങിനെത്തിയിരുന്നു.
അതേസമയം ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത് വി.ഡി സതീശൻ കേരളത്തിന്റെ 13ാമത് മുഖ്യമന്ത്രിയായി അധികാരമേറ്റു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ സതീശന് പുറമെ 21 അംഗ മന്ത്രിസഭയിലെ മറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
കോൺഗ്രസ് അധ്യക്ഷൻ മല്ലിഖാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഡികെ ശിവകുമാർ, രേവന്ത് റെഡ്ഡി തുടങ്ങി നേതാക്കളും സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുത്തു. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, ബിജെപി സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖർ, സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, വിവിധ സാമൂഹിക നേതാക്കൾ, മത മേലധ്യക്ഷന്മാർ തുടങ്ങിയവരും ചടങ്ങിനെത്തി. തിരക്കിട്ട കൂടിയാലോചനകള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷം അതിവേഗം തര്‍ക്കങ്ങള്‍ പരിഹരിച്ചാണ് ടീം വി.ഡി.എസ് 20 മന്ത്രിമാരുള്ള സമ്പൂര്‍ണ മന്ത്രിസഭയായി സത്യപ്രതിജ്ഞ ചെയ്തത്.
ആറു പതിറ്റാണ്ടിനു ശേഷം ആദ്യമായാണ് യു.ഡി.എഫിന്റെ സമ്പൂര്‍ണ മന്ത്രിസഭ കേരളത്തില്‍ നിലവില്‍ വരുന്നത്. 14 പുതുമുഖങ്ങളാണ് ഇത്തവണ മന്ത്രിസഭയിലേക്ക് എത്തുന്നത്. രാവിലെ 10നാണ് ചടങ്ങുകൾ ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."