അതിര്‍ത്തിയില്‍ മരണമടഞ്ഞ കുട്ടിയുടെ മൃതദേഹം നെടുമ്പാശ്ശേരിയില്‍ എത്തിച്ചു
നെടുമ്പാശ്ശേരി: വാഗ അതിര്‍ത്തിയില്‍ വച്ച് മരണമടഞ്ഞ സംസ്ഥാനത്ത് നിന്നുള്ള വിനോദയാത്രാ സംഘത്തിലെ ഒന്‍പത് വയസുകാരി പെണ്‍കുട്ടിയുടെ മൃതദേഹം നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിച്ചു.
ഇന്നലെ രാത്രി 9.40 ന് ഡല്‍ഹിയില്‍ നിന്നും നെടുമ്പാശ്ശേരിയിലെത്തിയ എയര്‍ ഇന്ത്യ വിമാനത്തിലാണ് മൃതദേഹം കൊണ്ടുവന്നത്.കണ്ണൂര്‍ കരിവെള്ളൂര്‍ പെരളം സ്വദേശികളായ കെ.വി.പ്രേമരാജന്റയും നാഗ ലക്ഷ്മിയുടെയും മകള്‍ ദേവനന്ദയാണ് മരിച്ചത്. വാഗ അതിര്‍ത്തിയില്‍ ഗാലറിയില്‍ ഇരുന്ന് പതാക കൈമാറ്റ ചടങ്ങ് വീക്ഷിക്കുന്നതിനിടെ ഇരുമ്പിന്റെ ഭാഗം തലയില്‍ വീണാണ് പെണ്‍കുട്ടി മരണമടഞ്ഞത്.ഗാലറിയിലെ അറ്റകുറ്റപണികള്‍ നടക്കുന്നതിനിടെയായിരുന്നു അപകടം. വടകര ആര്‍.ഒ.ഓഫിസിലെ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറായി ജോലി ചെയ്ത് വരികയാണ് പ്രേമരാജന്‍. കഴിഞ്ഞ സെപ്റ്റംബര്‍ 11നാണ് ഓഫിസിലെ മറ്റ് ജീവനക്കാരുടെ കുടുംബാംഗങ്ങള്‍ അടങ്ങിയ 32 അംഗ സംഘത്തോടൊപ്പം ഡല്‍ഹി, ആഗ്ര, അമൃത്‌സര്‍ എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ ഇവര്‍ യാത്രയായത്.15 ന് വൈകിട്ട് 3 മണിയോടെയാണ് ഇവര്‍ വാഗ അതിര്‍ത്തിയില്‍ എത്തിയത്.
പതാക കൈമാറ്റ ചടങ്ങ് വീക്ഷിക്കുന്നതിനിടെ ഇരുമ്പ് ദണ്ഡ് കുട്ടിയുടെ തലയില്‍ പതിക്കുകയായിരുന്നു. പിറ്റേന്ന് നാട്ടിലേക്ക് മടങ്ങാനിരിക്കെയായിരുന്നു അപകടം. പയ്യന്നൂരിലെ കേന്ദ്രീയ വിദ്യാലയത്തില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്നു മരണപ്പെട്ട ദേവനന്ദ. നെടുമ്പാശ്ശേരിയിലെത്തിച്ച മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി. രാത്രി 10 മണിയോടെ ആംബുലന്‍സില്‍ ജന്‍മനാട്ടിലേക്ക് കൊണ്ടുപോയി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."