പ്രതിഷേധിക്കാന്‍ ആളില്ല!; കോട്ടയത്ത് എസ്.എഫ്.ഐ മാര്‍ച്ച് മാറ്റി
കോട്ടയം: കോട്ടയത്ത് എസ്.എഫ്‌ഐ പ്രഖ്യാപിച്ച പ്രതിഷേധമാര്‍ച്ച് നടത്താന്‍ ആളില്ലാത്തതിനാല്‍ മാറ്റിവച്ചു. രാവിലെ 11 മണിക്ക് എസ്.പി ഓഫിസിലേക്ക് നടത്താന്‍ നിശ്ചയിച്ച മാര്‍ച്ചാണ് മാറ്റിവെച്ചത്. കഴിഞ്ഞ ദിവസം കേരള യൂണിവേഴ്‌സിറ്റിയിലെ വിജയാഘോഷവുമായി ബന്ധപ്പെട്ടുണ്ടായ സംഭവങ്ങളില്‍ പ്രതിഷേധിച്ചാണ് എസ്.എഫ്.ഐ ജില്ലാ കമ്മിറ്റി മാര്‍ച്ച് പ്രഖ്യാപിച്ചിരുന്നത്.
പ്രതിഷേധം കണത്തിലെടുത്ത് പൊലിസ് എസ്.പി ഓഫിസിന് മുന്നില്‍ ബാരിക്കേഡ് കെട്ടിയിരുന്നു. 11 മണിക്ക് എസ്.പി ഓഫിസിലെത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും ഉച്ചയ്ക്ക് 1 മണികഴിഞ്ഞിട്ടും ആരും എത്തിയില്ല. രണ്ടര മണിക്കൂര്‍ നേരമാണ് ബാരിക്കേഡ് കെട്ടി പൊലിസ് റോഡ് ബ്ലോക്ക് ചെയ്തത്. പ്രതിഷേധം മാറ്റിയതോടെ പൊലിസ് ബാരിക്കേഡ് അഴിച്ചുമാറ്റി.
അതേസമയം, പഠനക്യാംപിന് പോയ വിദ്യാര്‍ഥികല്‍ തിരിച്ചെത്താത്തതിനാലാണ് മാര്‍ച്ച് മാറ്റിവെച്ചതെന്നാണ് എസ്.എഫ്.ഐ നല്‍കുന്ന വിശദീകരണം.
കേരള സര്‍വകലാശാല തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ എസ്.എഫ്.ഐ നടത്തിയ ആഹ്ലാദ പ്രകടനത്തിടെ കെ.എസ്.യു നടത്തിയ ആക്രമണത്തിലും പൊലിസിന്റെ ഏകപക്ഷീയ നടപടിയിലും പ്രതിഷേധിച്ചാണ് എസ്.എഫ്.ഐ സംസ്ഥാനവ്യാപകമായി മാര്‍ച്ച് സംഘടിപ്പിച്ചത്.
അതേസമയം, സംഘര്‍ഷത്തില്‍ പൊലിസ് കേസെടുത്തു. എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് അടക്കം 10 പേര്‍ക്കെതിരെയാണ് കേസ്. പൊതു മുതല്‍ നശിപ്പിച്ചതിലൂടെ 30,000 രൂപയുടെ നഷ്ടമുണ്ടായതായും പൊലിസിനെ അക്രമിച്ചതായും എഫ്.ഐ.ആറില്‍ വ്യക്തമാക്കുന്നു. കണ്ടാലറിയാവുന്ന കെ.എസ്.യു പ്രവര്‍ത്തകര്‍ക്കെതിരെയും കേസെടുക്കുമെന്നും പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."