എസ്.ഐ.ആര്‍ ശരിവെച്ച് സുപ്രീം കോടതി; വോട്ടര്‍ പട്ടിക പുതുക്കലിന് തെരഞ്ഞെടുപ്പ് കമ്മീഷന് പൂര്‍ണ അധികാരം
ന്യൂഡല്‍ഹി: തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണ (എസ്.ഐ.ആര്‍) നടപടികള്‍ ശരിവെച്ച് സുപ്രീം കോടതി ഉത്തരവ്. എസ്.ഐ.ആര്‍ നിയമപരവും, ഭരണഘടനാ പരവുമാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ബിഹാറിലെ വോട്ടര്‍പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് ലഭിച്ച ഹരജികളെ മുന്‍നിര്‍ത്തിയാണ് കോടതിയുടെ സുപ്രധാന നിരീക്ഷണം.
എസ്.ഐ.ആര്‍ നിലവിലുള്ള നിയമങ്ങളോ ഭരണഘടനാ വ്യവസ്ഥകളോ ലംഘിക്കുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു. വ്യാജ വോട്ടര്‍മാരെ ഒഴിവാക്കാനെന്ന പേരില്‍ ആരംഭിച്ച പ്രക്രിയക്ക് തെരഞ്ഞെടുപ്പ് കമ്മീഷന് പൂര്‍ണ അധികാരമുണ്ടെന്നും കോടതി പറഞ്ഞു. മാത്രമല്ല വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കം ചെയ്യുന്നത് ഒരാളുടെ പൗരത്വം നിശ്ചയിക്കുന്നതിനുള്ള മാനദണ്ഡമല്ലെന്നും ജസ്റ്റിസുമാരായ സൂര്യകാന്ത്, ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
വോട്ടര്‍ പട്ടിക പുതുക്കുന്ന വേളയില്‍ പൗരത്വം പരിശോധിക്കാന്‍ കമ്മീഷന് അവകാശമുണ്ട്. എന്നാല്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് ഒഴിവാക്കപ്പെടുന്നത് വ്യക്തിയുടെ പൗരത്വം ഇല്ലാതാകുന്നതിന് തുല്ല്യമല്ല. പൗരത്വവുമായി ബന്ധപ്പെട്ട അന്തിമ തീരുമാനങ്ങള്‍ മറ്റ് നിയമപരമായ രീതികളിലൂടെ മാത്രമേ നിശ്ചയിക്കാനാവൂ. പൗരത്വം തെളിയിക്കാന്‍ സാധിക്കാത്തതിനാല്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കം ചെയ്യപ്പെട്ട വ്യക്തികളെ തുടര്‍നടപടികള്‍ക്കായി കൃത്യമായ അതോറിറ്റിക്ക് മുന്നില്‍ ഹാജരാക്കണമെന്നും കോടതി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."