സിഎംആർഎൽ-എക്‌സാലോജിക് കേസ്: വീണ വിജയനെ ഉടൻ ചോദ്യം ചെയ്യില്ലെന്ന് ഇ.ഡി
കൊച്ചി: സിഎംആർഎൽ-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ മുൻ മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനെ ഇ.ഡി (എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്) ഉടൻ ചോദ്യം ചെയ്യില്ല. സിഎംആർഎൽ നൽകിയ ഹരജിയിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ അന്തിമ ഉത്തരവ് വന്ന ശേഷം മാത്രമായിരിക്കും തുടർനടപടികൾ. കോടതി വിധി വിശദമായി പരിശോധിച്ച ശേഷമേ വീണയ്ക്ക് സമൻസ് അയക്കുന്ന കാര്യം തീരുമാനിക്കൂ എന്ന് ഇ.ഡി വൃത്തങ്ങൾ വ്യക്തമാക്കി.
കേസിൽ സിഎംആർഎൽ നൽകിയ അപ്പീലിൽ ജസ്റ്റിസ് രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് വെള്ളിയാഴ്ച വിധി പറയും. വെള്ളിയാഴ്ച വരെ സിഎംആർഎല്ലിനെതിരെ യാതൊരുവിധ കർശന നടപടികളും പാടില്ലെന്ന് കോടതി ഇ.ഡിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. എന്നാൽ സിഎംആർഎൽ ഒഴികെയുള്ള മറ്റ് പ്രതികളെ ചോദ്യം ചെയ്യുന്നതിന് കോടതി വിലക്കില്ല. ഇതിനിടയിലും, വീണ വിജയന്റെ ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രീകരിച്ചുള്ള ഇ.ഡിയുടെ പരിശോധനകൾ ഊർജ്ജിതമായി തുടരുകയാണ്.
തിങ്കളാഴ്ച കോടതിയിൽ ഹരജി പരിഗണിച്ചപ്പോൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ കടുത്ത ആരോപണങ്ങളാണ് സിഎംആർഎൽ ഉന്നയിച്ചത്.
"ഇ.ഡിയുടെ താൽപര്യങ്ങൾക്ക് വഴങ്ങാൻ അന്വേഷണസംഘം നിർബന്ധിക്കുകയാണ്. അന്വേഷണത്തോട് പൂർണ്ണമായി സഹകരിക്കുന്നുണ്ട്. സമൻസിനെ ചോദ്യം ചെയ്യുന്നത് നിസ്സഹകരണമല്ല. എഫ്.ഐ.ആർ പോലുമില്ലാതെ, സ്വന്തം അധികാരപരിധി മറികടന്നാണ് ഇ.ഡി അന്വേഷണം നടത്തുന്നത്." എന്ന് സിഎംആർഎൽ വാദിച്ചു.
എന്നാൽ സിഎംആർഎല്ലിന്റെ വാദങ്ങളെ ഇ.ഡി ശക്തമായി എതിർത്തു. കേസിൽ വ്യക്തമായ കുറ്റകൃത്യം നടന്നിട്ടുണ്ടെന്ന് ഇ.ഡി കോടതിയെ അറിയിച്ചു. "വ്യാജരേഖ ചമച്ചതടക്കമുള്ള ഗുരുതരമായ കുറ്റകൃത്യങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. പി.എം.എൽ.എ (PMLA) നിയമപ്രകാരം അന്വേഷണം നടത്താൻ ഇ.ഡിക്ക് പൂർണ്ണ അധികാരമുണ്ട്. നിലവിൽ രേഖകൾ ക്രോഡീകരിക്കുകയാണ് ചെയ്യുന്നത്." എന്നും ഇ.ഡി വ്യക്തമാക്കി.
ഇരുപക്ഷത്തിന്റെയും വിശദമായ വാദങ്ങൾ കേട്ട ശേഷമാണ് കേസ് വിധി പറയാനായി കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റിയത്. ഹൈക്കോടതിയുടെ ഈ വിധി വരുന്നതോടെ കേസിൽ വീണ വിജയനെതിരെയുള്ള ഇ.ഡിയുടെ അടുത്ത നീക്കം എന്താകുമെന്നതിൽ വ്യക്തത വരും.
The Enforcement Directorate (ED) has clarified that it will not immediately question Veena Vijayan, daughter of Kerala Chief Minister Pinarayi Vijayan, in connection with the CMRL-Exalogic monthly pay-off case.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."