റെസ്റ്റോറന്റില്‍ വെയിറ്റര്‍ ജോലി വാഗ്ദാനം ചെയ്ത് ഒമാനിലെത്തിച്ചു; ലഭിച്ചത് മറ്റൊന്ന്, പാസ്പോർട്ടും വാങ്ങിവച്ചു; ക്രൂര മര്‍ദനത്തിനിരയായ പ്രവാസി തൊഴിലാളി സഹായം തേടുന്നു
മസ്‌കത്ത്: ഒമാനില്‍ തൊഴില്‍ ചൂഷണത്തിനും കടുത്ത ശാരീരിക പീഡനങ്ങള്‍ക്കും ഇരയായതായി ഇന്ത്യക്കാരനായ പ്രവാസി യുവാവ്. വിശാഖപട്ടണം സ്വദേശിയായ പെലൂരി ഹേമന്ത് കുമാറാണ് ദുരിതക്കയത്തില്‍ നിന്ന് തന്നെ രക്ഷിക്കണമെന്ന അഭ്യര്‍ത്ഥനയുമായി രംഗത്തെത്തിയിരിക്കുന്നത്.
റെസ്റ്റോറന്റില്‍ വെയിറ്റര്‍ ജോലി വാഗ്ദാനം ചെയ്ത് 2026 ജനുവരിയിലാണ് ഏജന്റ് വഴി ഹേമന്ത് ഒമാനിലെത്തുന്നത്. എന്നാല്‍ അവിടെയെത്തിയപ്പോള്‍ പറഞ്ഞ ജോലിയല്ല ലഭിച്ചത്. കടുത്ത ജോലിഭാരമുള്ള മറ്റൊരു ഭക്ഷണശാലയിലാണ് യുവാവിനെ നിയോഗിച്ചത്. ഒമാനിലെത്തിയ ഉടന്‍ തന്നെ തൊഴിലുടമ ഹേമന്തിന്റെ പാസ്‌പോര്‍ട്ട് വാങ്ങി വെക്കുകയും ചെയ്തു. പിന്നീട് പലതവണ ആവശ്യപ്പെട്ടിട്ടും ഇത് തിരികെ നല്‍കിയില്ല.
കൂടുതല്‍ സമയം ജോലി ചെയ്യേണ്ടി വന്നതിനെ തുടര്‍ന്ന് യുവാവിന്റെ ആരോഗ്യനില വഷളായി. എന്നാല്‍ ആവശ്യമായ വൈദ്യസഹായം നല്‍കാന്‍ പോലും കമ്പനി അധികൃതര്‍ തയ്യാറായില്ലെന്ന് ഹേമന്ത് പറയുന്നു. പറഞ്ഞിരുന്ന ജോലിയല്ലാതെ മറ്റ് പല പണികളും ചെയ്യാന്‍ കമ്പനി ആവശ്യപ്പെട്ടു. ഇതിനെ ചോദ്യം ചെയ്തതോടെയാണ് തന്നെ ക്രൂരമായ ശാരീരിക മര്‍ദനത്തിന് ഇരയാക്കിയതെന്ന് പുറംഭാഗത്ത് കടുത്ത പൊള്ളലേറ്റ പാടുകളോടെ ഹേമന്ത് വെളിപ്പെടുത്തി.
ദുരിതം സഹിക്കാനാവാതെ കഴിഞ്ഞ ഫെബ്രുവരിയില്‍ ജോലി രാജിവെക്കാന്‍ ശ്രമിച്ചെങ്കിലും കമ്പനി അതിന് അനുവദിക്കാതെ മനഃപൂര്‍വം വൈകിപ്പിച്ചു. ഒടുവില്‍ ഒമാന്‍ തൊഴില്‍ മന്ത്രാലയത്തില്‍ ഹേമന്ത് പരാതി നല്‍കി. ഈ പരാതിയില്‍ ഇപ്പോഴും ഔദ്യോഗിക നടപടികള്‍ പുരോഗമിക്കുകയാണ്. ഇതിനിടെ, അര്‍ഹതപ്പെട്ട ശമ്പളം പോലും നല്‍കാതെ യുവാവിനെ കമ്പനിയുടെ താമസസ്ഥലത്തു നിന്നും ഇറക്കിവിട്ടു.
നിലവില്‍ മസ്‌കത്തിലെ ഇന്ത്യന്‍ എംബസിയെ സമീപിച്ച് സഹായം തേടിയിരിക്കുകയാണ് ഹേമന്ത്. എംബസി അധികൃതരില്‍ നിന്ന് ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങളും പിന്തുണയും ലഭിക്കുന്നുണ്ടെങ്കിലും, കുടിശ്ശിക തുക ഈടാക്കാനും പാസ്‌പോര്‍ട്ട് തിരികെ ലഭിക്കാനും ഔദ്യോഗിക തലത്തില്‍ അടിയന്തര ഇടപെടലുണ്ടാകണമെന്നാണ് യുവാവിന്റെ അഭ്യര്‍ത്ഥന. കേസില്‍ അനുകൂലമായ വിധി സമ്പാദിച്ച് എത്രയും വേഗം നാട്ടിലേക്ക് മടങ്ങാനാകുമെന്ന പ്രതീക്ഷയിലാണ് ഹേമന്ത്.
English summary : An Indian migrant worker from Andhra Pradesh has appealed for urgent government intervention after allegedly facing severe workplace abuse, physical assault, and exploitation in Oman.
The victim, Peluri Hemanth Kumar from Visakhapatnam, traveled to Oman in January 2026. He had been promised a waiter's position at a restaurant by a recruitment agent. However, upon arrival, he was deployed to a different food outlet under grueling working conditions.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."