'പാറ്റ' പ്രക്ഷോഭം ഇന്ന്; കണ്ണുനട്ട് രാജ്യം
ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജിയാവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി ജന്തർമന്ദറിൽ പ്രഖ്യാപിച്ച യുവപ്രക്ഷോഭം ഇന്ന്. റാലിക്ക് നേതൃത്വം നൽകാനായി കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജിത് ദിപ്‌കെ ഇന്ന് കാലത്ത് എട്ടോടെ ഡൽഹിയിലെത്തും. ഡൽഹിയിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
തന്നെ സ്വീകരിക്കാൻ ഡൽഹി വിമാനത്താവളത്തിലെത്താനാണ് ദിപ്‌കെ അനുയായികളോട് ആവശ്യപ്പെട്ടിരിക്കുന്നത്. അവിടെ നിന്ന് അനുയായികൾക്കൊപ്പം പാർലമെന്റ് സ്ട്രീറ്റ് പൊലിസ് സ്റ്റേഷനിലെത്തി റാലിക്ക് അനുമതി തേടുകയാണ് ലക്ഷ്യമെന്നും ദിപ്‌കെ അറിയിച്ചിട്ടുണ്ട്. എന്നാൽ, അനുമതി നൽകുമോയെന്ന് വ്യക്തമല്ല. എന്നാൽ, ദിപ്‌കെയെ ഡൽഹി പൊലിസ് വിമാനത്താവളത്തിൽ വച്ച് കസ്റ്റഡിയിലെടുക്കാനിടയുണ്ടെന്നാണ് അനുയായികൾ പ്രകടിപ്പിക്കുന്ന ആശങ്ക.
സമാധാനപരമായി റാലി നയിക്കാനെത്തുന്ന തന്നെ തടയേണ്ട കാര്യമില്ലെന്നും രാജ്യത്തിന്റെ ഭരണഘടനയിൽ വിശ്വാസമർപ്പിച്ചാണ് എത്തുന്നതെന്നുമാണ് ദിപ്‌കെയുടെ നിലപാട്. നിരവധിപേർ ഇതിനകം പിന്തുണയർപ്പിച്ചിട്ടുണ്ടെന്നും അവരെല്ലാം പ്രതിഷേധത്തിൽ പങ്കെടുക്കാനെത്തുമെന്നും ദിപ്‌കെ ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു.
നിലവിൽ ദിപ്‌കെയ്‌ക്കെതിരേ കേസൊന്നുമില്ലെങ്കിലും പൊലിസിന് കരുതൽ തടങ്കലിലെടുക്കാനാവും. അതേസമയം, കോക്രോച്ച് ജനതാ പാർട്ടിയുടെ റാലി തടയാൻ അധികൃതർക്ക് നിർദേശം നൽകണമെന്നാവശ്യപ്പെട്ടുള്ള ഹരജി വേഗത്തിൽ പരിഗണിക്കാൻ ഡൽഹി ഹൈക്കോടതി വിസമ്മതിച്ചു.
പൊതുക്രമം നിലനിർത്തുന്നതിനും നിർണായക അടിസ്ഥാനസൗകര്യങ്ങളുടെ തടസമില്ലാത്ത പ്രവർത്തനം ഉറപ്പാക്കുന്നതിനും പ്രതിരോധ, നിയന്ത്രണ നടപടികൾ സ്വീകരിക്കാൻ കേന്ദ്ര സർക്കാരിനോടും ഡൽഹി പൊലിസിനോടും നിർദേശിക്കണമെന്നാവശ്യപ്പെട്ട് സേവ് ഇന്ത്യ ഫൗണ്ടേഷനാണ് ഹരജി സമർപ്പിച്ചത്.
ജസ്റ്റിസുമാരായ സൗരഭ് ബാനർജി, അമിത് ശർമ്മ എന്നിവരടങ്ങുന്ന അവധിക്കാല ബെഞ്ചിന് മുമ്പാകെ ഹരജിക്കാർ വിഷയം ഉന്നയിച്ചെങ്കിലും വേഗത്തിൽ പരിഗണിക്കേണ്ട സാഹചര്യമില്ലെന്നായിരുന്നു നിലപാട്. റാലിയുമായി ബന്ധപ്പെട്ട ചില ഓൺലൈൻ ഉള്ളടക്കങ്ങളിൽ പ്രകോപനപരമായ സന്ദേശങ്ങളും നിയമപാലകരുടെ നടപടികളെ ചെറുക്കുമെന്ന ഭീഷണിയും പൊതു അടിസ്ഥാനസൗകര്യങ്ങൾ തടസപ്പെടുത്താനുള്ള ആഹ്വാനങ്ങളും അടങ്ങിയിട്ടുണ്ടെന്ന് ഹരജിക്കാർ വാദിച്ചെങ്കിലും കോടതി പരിഗണിച്ചില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."