'കാരണഭൂത' നെ കണ്ടെത്തിയില്ല; നേതൃമാറ്റ ആവശ്യം വെട്ടി സി.പി.എം
തിരുവനന്തപുരം: തെരഞ്ഞെടുപ്പിലെ കനത്ത തോൽവിയുടെ കാരണങ്ങൾ ചൂണ്ടിക്കാട്ടിയ ജില്ലാ, ഏരിയാ കമ്മിറ്റികളുടെയും അണികളുടെയും വിമർശനങ്ങളെ അവഗണിച്ച് തെറ്റുകൾ മയപ്പെടുത്തി തടിയൂരാൻ സി.പി.എം സംസ്ഥാന നേതൃത്വം. നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയുടെ ഒന്നാം ഉത്തരവാദി മുൻ മുഖ്യമന്ത്രി പിണറായി വിജയനാണെന്നാണ് താഴേത്തട്ടിലെ ചർച്ചകളിൽ ഉയർന്ന പൊതുവികാരം. എന്നാൽ, സംസ്ഥാന സെക്രട്ടേറിയറ്റ് തയാറാക്കിയ റിപ്പോർട്ടിൽ നിന്ന് നേതൃമാറ്റ ആവശ്യം വെട്ടിമാറ്റുകയായിരുന്നു. പ്രതിപക്ഷ നേതാവ് സ്ഥാനത്തുനിന്ന് പിണറായി വിജയനെയും തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ പാളിയ സാഹചര്യത്തിൽ പാർട്ടി സെക്രട്ടറി എം.വി ഗോവിന്ദനെയും മാറ്റണമെന്ന ആവശ്യമാണ് കീഴ്ഘടകങ്ങളിൽ നിന്ന് ഉയർന്നത്. എന്നാൽ, ഇതൊന്നും മുഖവിലയ്‌ക്കെടുക്കാൻ സംസ്ഥാന നേതൃത്വം തയാറായില്ല.
നേതൃമാറ്റ ആവശ്യം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ അന്തിമ റിപ്പോർട്ടിൽ നിന്ന് പൂർണമായും ഒഴിവാക്കി. മുമ്പ് പിണറായിയെ 'കാരണഭൂതൻ' എന്ന് വിശേഷിപ്പിച്ച് തിരുവാതിരക്കളി സംഘടിപ്പിച്ച പാറശാലയിലെ ഏരിയാ സെക്രട്ടറി പോലും തെരഞ്ഞെടുപ്പ് പരാജയം സംബന്ധിച്ച് ചേർന്ന ഏരിയാ കമ്മിറ്റി യോഗത്തിൽ പിണറായിയുടെ ശൈലിക്കെതിരേയാണ് വിരൽചൂണ്ടിയത്. കെ.കെ ശൈലജയെ പോലുള്ള ജനകീയ മുഖങ്ങളെ മുന്നിൽനിർത്തിയിരുന്നെങ്കിൽ പാർട്ടിക്ക് ദയനീയ പരാജയം ഉണ്ടാകുമായിരുന്നില്ലെന്നും ജനങ്ങളിൽ നിന്ന് അകന്ന പിണറായി വിജയനെ മുന്നിൽനിർത്തിയത് വോട്ടർമാരെ ശത്രുക്കളാക്കാൻ മാത്രമേ ഉപകരിച്ചുള്ളൂവെന്നും യോഗങ്ങളിൽ നേതാക്കൾ തുറന്നുപറഞ്ഞിരുന്നു. എന്നാൽ, വ്യക്തിപരവും നയപരവുമായ വീഴ്ചകളെ മയപ്പെടുത്തി തയാറാക്കിയ റിപ്പോർട്ടിൽ തോൽവിയുടെ യഥാർഥ ഉത്തരവാദികളായ ഉന്നതരെ സംരക്ഷിക്കുന്ന നിലപാടാണ് സംസ്ഥാന കമ്മിറ്റി സ്വീകരിച്ചത്. കണ്ണൂരിലുണ്ടായത് വലിയ വീഴ്ചയാണെന്ന് സംസ്ഥാന സമിതിയിൽ വിമർശനം ഉയർന്നിരുന്നു. സ്ഥാനാർഥിനിർണയം പാളിയെന്നും തളിപ്പറമ്പിലും പയ്യന്നൂരിലും അടക്കം ജില്ലാ, സംസ്ഥാന നേതൃത്വങ്ങൾക്ക് ഗുരുതര പാളിച്ചകൾ സംഭവിച്ചെന്നും അംഗങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ, വീഴ്ചകളെല്ലാം അണികളുടെയും പ്രാദേശിക നേതാക്കളുടെയും തലയിൽ കെട്ടിവയ്ക്കുകയാണ് സംസ്ഥാന നേതൃത്വം. കനത്ത തോൽവിക്ക് കാരണം ജാതി സമവാക്യങ്ങളും വോട്ട് ചോർച്ചയുമാണെന്ന് വരുത്തിത്തീർക്കാനാണ് പാർട്ടി റിപ്പോർട്ടിലെ ശ്രമം.
സംസ്ഥാനത്ത് ഇടതുപക്ഷത്തിനെതിരായി ഭരണവിരുദ്ധ വികാരമുണ്ടായില്ലെന്ന കണ്ടെത്തലാണ് റിപ്പോർട്ടിലുള്ളത്. യു.ഡി.എഫ് ഉൾപ്പെടെയുള്ള പ്രതിപക്ഷപാർട്ടികൾ സർക്കാരിനെതിരേ ബോധപൂർവം നടത്തിയ കുപ്രചാരണങ്ങൾ ജനങ്ങളിൽ തെറ്റിദ്ധാരണ ഉണ്ടാക്കിയെന്നും അതാണ് വോട്ടുകൾ നഷ്ടപ്പെടാൻ കാരണമായതെന്നുമാണ് റിപ്പോർട്ടിലെ ന്യായീകരണം. പത്തുകൊല്ലത്തെ തുടർച്ചയായ ഭരണം ജനങ്ങളെ സ്വാഭാവികമായി എതിരാക്കിയെന്നും ചില തെറ്റായ പ്രവണതകൾ ഉണ്ടായതിനാൽ ഭരണമാറ്റം വേണമെന്ന് ജനങ്ങൾ ആഗ്രഹിച്ചുവെന്നും റിപ്പോർട്ടിൽ പരോക്ഷമായി സമ്മതിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."