വഴിമുട്ടി ചുരം വികസനം; എന്ന് തീരും ദുരിതയാത്ര; ഗതാഗതക്കുരുക്ക് രൂക്ഷം
താമരശ്ശേരി:ചുരത്തിൽ ആരംഭിച്ച റോഡ് വീതികൂട്ടൽ ജോലികൾ യാത്രക്കാരെ കടുത്ത ദുരിതത്തിലാഴ്ത്തുന്നു. ചുരം ആറ്, ഏഴ്, എട്ട് വളവുകൾ വീതികൂട്ടുന്നതിന്റെ ഭാഗമായി ദിവസങ്ങൾക്കുമുമ്പ് മണ്ണെടുക്കലും പാറ പൊട്ടിക്കലും തകൃതിയായി നടന്നിരുന്നു. എന്നാൽ മഴ ശക്തമായതോടെ നാല് ദിവസമായി പണി പൂർണമായി നിർത്തിവച്ചിരിക്കുകയാണ്. ആറാം വളവിൽ വലിയ രീതിയിൽ മണ്ണും പാറക്കല്ലുകളും റോഡരികിൽ കൂട്ടിയിട്ടത് ഗതാഗതക്കുരുക്കിന് കാരണമാകുന്നു. മഴയിൽ മലവെള്ളപ്പാച്ചിലിനൊപ്പം ഈ മണ്ണും ഒലിച്ചിറങ്ങുന്നത് ഇരുചക്രവാഹന യാത്രക്കാർക്ക് വലിയ ഭീഷണിയാകുന്നുണ്ട്. പലരും ഇവിടെ തെന്നിവീഴാൻ സാധ്യതയേറെയാണ്.
പകൽ സമയങ്ങളിൽ ഏർപ്പെടുത്തിയ ചരക്ക് ലോറികളുടെയും, മൾട്ടി ആക്സിൽ വാഹനങ്ങളുടെയും നിരോധനം നടപ്പാക്കാൻ പൊലിസ് തയാറാകുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. രാവിലെ ആറ് മുതൽ രാത്രി എട്ടുവരെ മൾട്ടി ആക്‌സിൽ ഉൾപ്പെടെയുള്ള വലിയ ചരക്ക് വാഹനങ്ങൾക്ക് നിയന്ത്രണമുണ്ടെങ്കിലും ഇത് ലംഘിച്ച് നിരവധി വാഹനങ്ങളാണ് പകലിലും ചുരം കയറുന്നത്. തുടർന്ന്, നിയന്ത്രണ സമയം കഴിഞ്ഞ് രാത്രി എട്ട് മണിക്ക് ശേഷം വലിയ ചരക്ക് ലോറികൾ കൂട്ടത്തോടെ പ്രവേശിക്കുമ്പോൾ ആറാം വളവിൽ മണിക്കൂറുകളോളമാണ് ഗതാഗതം സ്തംഭിക്കുന്നത്.
ഇതു കാരണം വയനാട്ടിൽ നിന്നും കോഴിക്കോട്ടെ ആശുപത്രികൾ, റെയിൽവേ സ്റ്റേഷൻ, എയർപോർട്ട് എന്നിവടങ്ങളിലേക്ക് പോകുന്ന യാത്രക്കാരും രോഗികളും കടുത്ത പ്രയാസത്തിലാണ്. പരീക്ഷകൾക്കും ജോലിക്കും പോകുന്നവർക്ക് സമയത്ത് ലക്ഷ്യസ്ഥാനത്ത് എത്താൻ സാധിക്കുന്നില്ല. കോഴിക്കോട് നിന്ന് പുറപ്പെട്ട് രാത്രി ഒൻപത് മണിക്ക് മുമ്പായി മുത്തങ്ങ വഴി കടന്നുപോകേണ്ട ദീർഘദൂര ബസുകൾ ഉൾപ്പെടെയുള്ളവ സമയം തെറ്റിയാണ് ഓടുന്നത്. കഴിഞ്ഞ വർഷം കനത്ത മഴയെത്തുടർന്ന് ഒമ്പതാം വളവിലുണ്ടായ മണ്ണിടിച്ചിലിന്റെ പശ്ചാത്തലത്തിലാണ് ചുരത്തിൽ ഭാരവാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്. എന്നാൽ ഈ സുരക്ഷാ മുൻകരുതലുകളെല്ലാം കാറ്റിൽപ്പറത്തുന്ന രീതിയിലാണ് ഇപ്പോഴത്തെ കാര്യങ്ങൾ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."