ഡീസലില്ല, ഫണ്ടില്ല; കട്ടപ്പുറത്ത് എം.വി.ഡി വാഹനങ്ങള്‍, മന്ദഗതിയില്‍ റോഡ് സുരക്ഷാ പരിശോധനകള്‍
കാക്കനാട്: റോഡിലെ നിയമലംഘനങ്ങള്‍ കണ്ടെത്തുകയും അപകടങ്ങള്‍ തടയുന്നതിനായി പരിശോധനകള്‍ നടത്തുകയും ചെയ്യുന്ന മോട്ടോര്‍ വാഹനവകുപ്പിന്റെ എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് വാഹനങ്ങള്‍ ഇന്ധനക്ഷാമം മൂലം പ്രവര്‍ത്തനരഹിതമായിരിക്കുകയാണ്. എറണാകുളം എന്‍ഫോഴ്സ്മെന്റ് ആര്‍.ടി.ഒ ഓഫീസിന് കീഴിലുള്ള ആറ് ഡീസല്‍ വാഹനങ്ങളാണ് നിലവില്‍ ഡീസല്‍ ലഭിക്കാതെ ഷെഡ്ഡില്‍ കിടക്കുന്നത്. ഇതോടെ സംസ്ഥാന സര്‍ക്കാരിന്റെ റോഡ് സുരക്ഷാ പദ്ധതികളിലൊന്നായ 'സേഫ് കേരള' പദ്ധതിയും പ്രതിസന്ധിയിലായിരിക്കുകയാണ്.
പെട്രോള്‍ പമ്പുകളില്‍ നിന്ന് ദീര്‍ഘകാലമായി കടമായി ഡീസല്‍ വാങ്ങിയ വകയില്‍ ലക്ഷക്കണക്കിന് രൂപ കുടിശ്ശികയായതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. എറണാകുളത്ത് മാത്രം ഏകദേശം മൂന്ന് ലക്ഷം രൂപയുടെ കുടിശ്ശികയുണ്ടെന്നാണ് വിവരം. കുടിശ്ശിക അടയ്ക്കാതെ ഇന്ധനം നല്‍കാനാകില്ലെന്ന നിലപാടിലാണ് പമ്പുടമകള്‍. ഇതോടെ എന്‍ഫോഴ്സ്മെന്റ് വാഹനങ്ങള്‍ക്ക് ഡീസല്‍ നിറയ്ക്കാന്‍ കഴിയാത്ത അവസ്ഥയുണ്ടായി.
സാധാരണയായി കേരള റോഡ് സുരക്ഷാ അതോറിറ്റി അനുവദിക്കുന്ന ഫണ്ടുപയോഗിച്ചാണ് സേഫ് കേരള സ്‌ക്വാഡുകളുടെ വാഹനങ്ങള്‍ ഇന്ധനം വാങ്ങുന്നത്. എന്നാല്‍ കഴിഞ്ഞ കുറച്ചുകാലമായി ട്രാന്‍സ്പോര്‍ട്ട് കമ്മിഷണറേറ്റും റോഡ് സുരക്ഷാ കമ്മിഷണറേറ്റും തമ്മിലുണ്ടായ ചില ആഭ്യന്തര തര്‍ക്കങ്ങളും ഭരണപരമായ തടസ്സങ്ങളും കാരണം ഫണ്ട് അനുവദിക്കുന്നതില്‍ കാലതാമസം നേരിടുകയായിരുന്നു. പുതിയ മന്ത്രിസഭ അധികാരമേറ്റതോടെ വിഷയം പരിഗണനയിലുണ്ടെങ്കിലും നടപടിക്രമങ്ങളിലെ കാലതാമസം കാരണം ഫണ്ട് ഇപ്പോഴും ലഭ്യമായിട്ടില്ല.
ഈ പ്രതിസന്ധി എറണാകുളത്ത് മാത്രമല്ല, സംസ്ഥാനത്തെ മറ്റ് ജില്ലകളിലെ എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡുകളെയും ബാധിച്ചിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ഫണ്ട് ലഭിക്കാത്തതിനാല്‍ പല സ്ഥലങ്ങളിലും വാഹനങ്ങളുടെ പ്രവര്‍ത്തനം പരിമിതപ്പെട്ടിരിക്കുകയാണ്.
ഡീസല്‍ വാഹനങ്ങള്‍ മാത്രമല്ല, വകുപ്പിന്റെ കൈവശമുള്ള നാല് ഇലക്ട്രിക് വാഹനങ്ങളുടെ അവസ്ഥയും അത്ര മെച്ചമല്ല. കളക്ടറേറ്റ് കെട്ടിടത്തില്‍ നിന്ന് സൗജന്യമായി ചാര്‍ജ് ചെയ്യാന്‍ കഴിയുന്നതിനാലാണ് അവ ഇപ്പോള്‍ സര്‍വീസില്‍ തുടരുന്നത്. എന്നാല്‍ വാഹനങ്ങളുടെ അറ്റകുറ്റപ്പണികള്‍ക്കും പരിപാലനത്തിനുമുള്ള ഫണ്ട് കാലങ്ങളായി അനുവദിച്ചിട്ടില്ല. ഇതോടെ വാഹനങ്ങളുടെ മെയിന്റനന്‍സ് നിര്‍വഹിക്കുന്ന വര്‍ക്ക്ഷോപ്പുകള്‍ കുടിശ്ശിക തുക ആവശ്യപ്പെട്ട് നിരന്തരം ഓഫീസുമായി ബന്ധപ്പെടുന്നുണ്ട്. സമയബന്ധിതമായ അറ്റകുറ്റപ്പണികള്‍ നടക്കാത്തത് ഇലക്ട്രിക് വാഹനങ്ങളുടെ പ്രവര്‍ത്തനക്ഷമതയെയും ആയുസ്സിനെയും ബാധിക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്.
ഇതിനുമുമ്പും സമാനമായ രീതിയില്‍ ഇന്ധനക്ഷാമം നേരിട്ടിരുന്നെങ്കിലും പിന്നീട് ഫണ്ട് അനുവദിച്ച് താത്കാലിക പരിഹാരം കണ്ടെത്തിയിരുന്നു. എന്നാല്‍ ഇത്തവണ പ്രശ്‌നം കൂടുതല്‍ നീണ്ടുപോകുന്നതാണ് ആശങ്ക വര്‍ധിപ്പിക്കുന്നത്.
വാഹനങ്ങള്‍ പ്രവര്‍ത്തനരഹിതമായതോടെ ജില്ലയിലെ റോഡ് സുരക്ഷാ പരിശോധനകളും നിയമലംഘനങ്ങള്‍ കണ്ടെത്താനുള്ള പ്രത്യേക പരിശോധനകളും കാര്യമായി കുറഞ്ഞിരിക്കുകയാണ്. അപകടസാധ്യതയുള്ള മേഖലകളില്‍ പരിശോധന നടത്താനും നിയമലംഘകരെ പിടികൂടാനുമുള്ള പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലായി. വലിയ റോഡപകടങ്ങളോ ഗുരുതര നിയമലംഘനങ്ങളോ ഉണ്ടായാല്‍ ഉദ്യോഗസ്ഥര്‍ക്ക് ഉടന്‍ സംഭവസ്ഥലത്തെത്താനും ബുദ്ധിമുട്ടുണ്ടാകുമെന്നാണ് വിലയിരുത്തല്‍.
രണ്ടുമാസത്തോളമായി ഡീസലില്ലാതെ പാര്‍ക്കിങ് ഗ്രൗണ്ടില്‍ കിടക്കുന്ന വാഹനങ്ങളുടെ ബാറ്ററികള്‍ ഡൗണ്‍ ആകാതിരിക്കാനും എന്‍ജിനുകള്‍ കേടാകാതിരിക്കാനുമായി ഡ്രൈവര്‍മാര്‍ ദിവസവും വാഹനങ്ങള്‍ സ്റ്റാര്‍ട്ട് ചെയ്ത് ചെറിയ ദൂരം മുന്നോട്ടും പിന്നോട്ടും നീക്കുകയാണ്. റോഡിലെ നിയമലംഘകരെ പിന്തുടരേണ്ട വാഹനങ്ങള്‍ ഇപ്പോള്‍ പാര്‍ക്കിങ് ഗ്രൗണ്ടില്‍ തന്നെ ഓടിച്ചുനോക്കേണ്ട അവസ്ഥയിലാണ്.
റോഡ് സുരക്ഷ ഉറപ്പാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുന്ന എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിന്റെ വാഹനങ്ങള്‍ ഇന്ധനമില്ലാതെ കട്ടപ്പുറത്താകുന്നത് സംസ്ഥാനത്തെ റോഡ് സുരക്ഷാ സംവിധാനത്തിന്റെ പ്രവര്‍ത്തനത്തെ തന്നെ ബാധിക്കുന്ന സാഹചര്യം സൃഷ്ടിച്ചിരിക്കുകയാണ്. ഫണ്ട് അനുവദിച്ച് വാഹനങ്ങള്‍ വീണ്ടും റോഡിലിറക്കണമെന്നാണ് ഉദ്യോഗസ്ഥരും പൊതുജനങ്ങളും ആവശ്യപ്പെടുന്നത്.
The enforcement squad vehicles of the Motor Vehicles Department are out of service due to fuel shortage. Six diesel vehicles under the Ernakulam Enforcement RTO office are currently lying in the shed without diesel. With this, the 'Safe Kerala' project, one of the state government's road safety projects, is also in crisis.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."