ജയ്പൂരിലെ പ്രതിഷേധപരിപാടിക്കിടെ സിജെപി സ്ഥാപകന്‍ അഭിജിത് ദീപ്‌കെയ്ക്ക് മര്‍ദ്ദനം
ജയ്പൂര്‍: കോക്രോച്ച് ജനതാ പാര്‍ട്ടി സ്ഥാപകന്‍ അഭിജിത് ദീപ്‌കെയ്ക്ക് നേരെ ആക്രമണം. ഇന്ന് ജയ്പൂരില്‍ നടന്ന പ്രതിഷേധത്തിനിടെ ചിലര്‍ അഭിജിത്തിനെ മര്‍ദ്ദിക്കുകയായിരുന്നു. ആള്‍ക്കൂട്ടത്തിനിടയിലുണ്ടായിരുന്ന ചിലര്‍ അഭിജിത്തിന്റെ കഴുത്തിലെ സ്‌കാര്‍ഫ് വലിക്കുകയും പലതവണ മുഖത്തടിക്കുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. അക്രമികള്‍ അദ്ദേഹത്തെ മര്‍ദിക്കുന്നതും താഴേക്ക് വലിച്ചിഴയ്ക്കാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. അതേസമയം ആക്രമിച്ചത് ഭീരുക്കളാണെന്നും ശക്തമായ പ്രതിഷേധം തുടരുമെന്നും ദീപ്‌കെ വ്യക്തമാക്കി.
കോടതി വിചാരണയ്ക്കിടെ സുപ്രിം കോടതി ജഡ്ജി ജസ്റ്റിസ് സൂര്യകാന്ത് നടത്തിയ ചില പരാമര്‍ശങ്ങളോടുള്ള യുവാക്കളുടെ പ്രതികരണമായാണ് മെയ് 16ന് ഈ കോക്രോച്ച് ജനതാ പാര്‍ട്ടി ആരംഭിക്കുന്നത്. ഇന്ത്യയിലെ യുവാക്കളെല്ലാവരും മടിയന്മാരും എപ്പോഴും ഓണ്‍ലൈനില്‍ വെറുതെ സമയം പാഴാക്കുന്നവരുമാണ്. തൊഴിലില്ലാത്ത യുവാക്കളെ പാറ്റകളോട് ഉപമിച്ച ചീഫ് ജസ്റ്റിസിന്റെ പരാമര്‍ശത്തിനെയാണ് കോക്രോച്ച് ജനതാ പാര്‍ട്ടി ഉടലെടുത്തത്. മഹാരാഷ്ട്രയിലെ ഔറംഗാബാദ് സ്വദേശിയായ 30കാരന്‍ അഭിജീത് ദിപ്‌കെയാണ് ഈ 'പാറ്റ പാര്‍ട്ടി'യുടെ സ്ഥാപകന്‍.
യുഎസിലെ ബോസ്റ്റണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് പബ്ലിക് റിലേഷന്‍സില്‍ ബിരുദാനന്തര ബിരുദം നേടിയ അഭിജീത്, മുന്‍പ് ആം ആദ്മി പാര്‍ട്ടിയുടെ സോഷ്യല്‍ മീഡിയ ടീമില്‍ വളണ്ടിയറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ജസ്റ്റിസ് സൂര്യകാന്തിന്റെ 'പാറ്റ' പരാമര്‍ശത്തിന് പിന്നാലെ, എല്ലാ 'പാറ്റകള്‍ക്കുമായി' ഒരു പുതിയ പ്ലാറ്റ്‌ഫോം ആരംഭിക്കുകയാണെന്ന് ദിപ്‌കെ പ്രഖ്യാപിക്കുകയായിരുന്നു.
'യുവാക്കള്‍ക്കായി യുവാക്കളുടെ ഒരു രാഷ്ട്രീയ മുന്നണി' എന്നാണ് ഈ പേജിന്റെ ബയോയില്‍ വിശേഷിപ്പിച്ചിരിക്കുന്നത്. തൊഴിലില്ലായ്മ, പരീക്ഷാ പേപ്പര്‍ ചോര്‍ച്ച, രാഷ്ട്രീയക്കാരുടെ ഉത്തരവാദിത്തമില്ലായ്മ തുടങ്ങിയ യുവാക്കളെ അലട്ടുന്ന ഗൗരവമേറിയ വിഷയങ്ങളാണ് ആക്ഷേപഹാസ്യത്തിലൂടെ ഈ പ്ലാറ്റ്‌ഫോം ചര്‍ച്ച ചെയ്യുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."