ലോകത്തിലെ ഏറ്റവും വലിയ വ്യോമയാന ഹബ്ബ്; ദുബൈ അൽ മക്തൂം വിമാനത്താവള വികസനത്തിന്റെ ഒന്നാം ഘട്ടം 2032-ൽ യാഥാർത്ഥ്യമാകും
ദുബൈ: ആഗോള വ്യോമയാന രംഗത്ത് പുതിയ ചരിത്രമെഴുതാൻ ഒരുങ്ങുന്ന ദുബൈ അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ (DWC) വിപുലീകരണ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുന്നു. പദ്ധതിയുടെ ഒന്നാം ഘട്ടം നിശ്ചയിച്ച സമയപരിധിക്കുള്ളിൽ തന്നെ പ്രവർത്തനം ആരംഭിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. നിർമ്മാണ പ്രവർത്തനങ്ങൾ വൻതോതിൽ ത്വരിതപ്പെടുത്തിയ പദ്ധതി പ്രദേശം ഇപ്പോൾ വലിയ തോതിലുള്ള നിർമ്മാണ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്.
നിലവിൽ 13 ബില്യൺ ദിർഹത്തിന്റെ കരാറുകൾ സൈറ്റിൽ പുരോഗമിക്കുകയാണ്. അടുത്ത ഘട്ടത്തിൽ 55 ബില്യൺ ദിർഹത്തിലധികം മൂല്യം വരുന്ന തന്ത്രപ്രധാന കരാറുകൾ കൂടി അനുവദിക്കാനാണ് യുഎഇ ഭരണകൂടത്തിന്റെ തീരുമാനം.
'ദുബൈ സാമ്പത്തിക അജണ്ട (D33)' ലക്ഷ്യങ്ങളിലേക്ക്
ദുബൈയുടെ ദീർഘകാല സാമ്പത്തിക തന്ത്രങ്ങൾക്ക് ഈ മെഗാ പ്രോജക്ട് വലിയ കരുത്താകുമെന്ന് ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം വ്യക്തമാക്കി.
"ദുബൈ സാമ്പത്തിക അജണ്ടയായ D33-യുടെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള പ്രധാന നാഴികക്കല്ലാകും അൽ മക്തൂം വിമാനത്താവളം. ഇത് ഇമാറാത്തിന്റെ ഗതാഗത, ലോജിസ്റ്റിക്സ് മേഖലയുടെ ശേഷി വർദ്ധിപ്പിക്കും. വരും ദശകങ്ങളിൽ വലിയ തോതിലുള്ള ആഗോള നിക്ഷേപങ്ങളെ ആകർഷിക്കാനും സുസ്ഥിരമായ സാമ്പത്തിക അവസരങ്ങൾ സൃഷ്ടിക്കാനും ഈ പദ്ധതിക്ക് സാധിക്കും." ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം വ്യക്തമാക്കി.
നിർമ്മാണം യുദ്ധകാലാടിസ്ഥാനത്തിൽ
കഴിഞ്ഞ 15 മാസത്തിനിടെ 10 ദശലക്ഷത്തിലധികം പ്രവൃത്തി മണിക്കൂറുകളാണ് പദ്ധതി പ്രദേശത്ത് പൂർത്തിയായത്. നിലവിൽ 9,000 ജീവനക്കാരാണ് ഇവിടെയുള്ളത്. നിർമ്മാണം പരമാവധി ശേഷിയിലാകുമ്പോൾ ഇത് 120,000 ആയി ഉയരും.
നിലവിൽ ഇവിടെ റൺവേ അടിസ്ഥാന സൗകര്യങ്ങൾ, പാസഞ്ചർ ടെർമിനലുകൾക്കും ഗേറ്റുകൾക്കുമുള്ള അടിത്തറ പാകൽ, 45 ദശലക്ഷം ക്യുബിക് മീറ്റർ ഖനനം തുടങ്ങിയ പ്രവൃത്തികൾ പുരോഗമിക്കുകയാണ്.
ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ (DXB) നിന്നുള്ള സർവീസുകൾ ഘട്ടഘട്ടമായി ദുബൈ വേൾഡ് സെൻട്രലിലേക്ക് (DWC) മാറ്റുന്നതിൽ ഈ വികസനം പ്രധാന പങ്കുവഹിക്കും.
നിലവിലെ എയർപോർട്ടുകളുടെ നവീകരണവും
ഭാവിയിലെ ദ്രുതഗതിയിലുള്ള വളർച്ച മുൻനിർത്തി ദുബൈ ഏവിയേഷൻ എഞ്ചിനീയറിംഗ് പ്രോജക്ട്സ് നിലവിലുള്ള വ്യോമയാന സൗകര്യങ്ങളും വികസിപ്പിക്കുന്നുണ്ട്. ഫ്ലൈദുബൈയുടെ പുതിയ ബോയിംഗ് 787 വിമാനങ്ങളുടെ സർവീസുകൾ ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്കായി ഡിഡബ്ല്യുസിയിലെ നിലവിലെ പാസഞ്ചർ ടെർമിനൽ വികസിപ്പിക്കും. ഇതോടൊപ്പം ദുബൈ ഇന്റർനാഷണൽ (DXB) ടെർമിനൽ 1, 3 എന്നിവയിലേക്കുള്ള റോഡ് നവീകരണങ്ങൾക്കായി 16 ബില്യൺ ദിർഹത്തിന്റെ ബജറ്റും മാറ്റിവെച്ചിട്ടുണ്ട്.
The first phase of the massive expansion of Dubai Al Maktoum International Airport is expected to be completed by 2032, strengthening Dubai’s position as a global aviation hub and enhancing passenger capacity.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."